ഓരോ കഥാപാത്രം ചെയ്യുമ്പോഴും ആ വ്യക്തിയെ പറ്റി പഠിക്കുമെന്നും രതീഷേട്ടന്‍ കഥ പറഞ്ഞപ്പോള്‍ തന്നെ ഹരിപ്രിയയെ തനിക്ക് മനസിലായെന്നും ഗ്രേസ് ആന്റണി. മാതൃഭൂമിക്ക് അനുവദിച്ച അഭിമുഖത്തില്‍ സംസാരിക്കവേയാണ് തന്റെ ഏറ്റവും പുതിയ ചിത്രമായ കനകം കാമിനി കലഹത്തിലെ നായിക കഥാപാത്രമായ ഹരിപ്രിയയെ പറ്റി ഗ്രേസ് വാചാലയായത്.
ഒരു കഥ പറഞ്ഞു തരുമ്പോള്‍ തന്നെ ആ സംവിധായകന്റെ അല്ലെങ്കില്‍ എഴുത്തുകാരന്റെ മനസില്‍ ആ കഥാപാത്രത്തെക്കുറിച്ചുള്ള ആശയം നമ്മളിലേക്കെത്തിക്കുക എന്നത് അവരുടെ വിജയമാണ്. രതീഷേട്ടന്‍(സംവിധായകന്‍) കഥ പറഞ്ഞപ്പോള്‍ തന്നെ് ഹരിപ്രിയയെ തനിക്ക് മനസിലാക്കാനായെന്നും അത്ര സമഗ്രമായാണ് തിരക്കഥ പറഞ്ഞു തന്നതെന്നും ഗ്രേസ് പറഞ്ഞു.
വാക്കുകളിലൂടെയാണ് ഹരിപ്രിയ സംസാരിക്കുന്നത്. ധാരാളം സംഭാഷണങ്ങളുണ്ടായിരുന്നു. കാണാപാഠം പഠിച്ചാണ് ഹരിപ്രിയയെ അവതരിപ്പിച്ചതെന്നും ഗ്രേസ് പറഞ്ഞു.
‘ഓരോ കഥാപാത്രവും ചെയ്യുന്നതിന് മുമ്പ് ആ വ്യക്തിയെ പറ്റി പഠിക്കാനും അവരുടെ സ്വഭാവരീതികള്‍ മനസിലാക്കാനും ശ്രമിക്കാറുണ്ട്. ഒരു കഥ പറഞ്ഞു തരുമ്പോള്‍ തന്നെ ആ സംവിധായകന്റെ അല്ലെങ്കില്‍ എഴുത്തുകാരന്റെ മനസില്‍ ആ കഥാപാത്രത്തെക്കുറിച്ചുള്ള ആശയം നമ്മളിലേക്കെത്തിക്കുക എന്നത് അവരുടെ വിജയമാണ്. രതീഷേട്ടന്‍ കഥ പറഞ്ഞപ്പോള്‍ തന്നെ ഹരിപ്രിയയെ എനിക്ക് മനസിലാക്കാനായി. അത്ര സമഗ്രമായാണ് അദ്ദേഹം തിരക്കഥ പറഞ്ഞു തന്നത്.
വൈകാരികമായ കുറേ മുഹൂര്‍ത്തങ്ങളിലൂടെ ഹരിപ്രിയ കടന്നു പോകുന്നുണ്ട്. സീരിയല്‍ നടിയാണ്. സമൂഹത്തിലെ പല സ്ത്രീകളും നേരിടുന്ന പല പ്രശ്‌നങ്ങളും അവളിലൂടെ പറയുന്നുണ്ട്. ഒരു പരിധി കഴിയുമ്പോഴാണ് അവള്‍ പൊട്ടിത്തെറിക്കുന്നത്. അത്തരം കഥാസന്ദര്‍ഭങ്ങള്‍ ഞാനാദ്യമായാണ് ചെയ്യുന്നത്.
വാക്കുകളിലൂടെയാണ് ഹരിപ്രിയയുടെ വികാരങ്ങള്‍ കൂടുതലും പ്രകടിപ്പിക്കുന്നത്. ധാരാളം സംഭാഷണങ്ങളുണ്ടായിരുന്നു. കാണാപാഠം പഠിച്ചാണ് അവതരിപ്പിച്ചത്. ഹരിപ്രിയയെ നന്നായി അവതരിപ്പിക്കാന്‍ നിവിന്‍ ചേട്ടന്‍ എന്നെ ഒരുപാട് സഹായിച്ചിട്ടുണ്ട്. നല്ല പിന്തുണ തന്നു അദ്ദേഹം. പിന്നെ രതീഷേട്ടന്‍ നല്‍കിയ സ്വാതന്ത്രൃം, കൂടെ നിന്ന മറ്റ് താരങ്ങള്‍ നല്‍കിയ സ്‌പേസ് അതെല്ലാമാണ് ഹരിപ്രിയയെ ഭംഗിയാക്കാന്‍ എന്നെ സഹായിച്ചത്,’ ഗ്രേസ് ആന്റണി പറയുന്നു.
2016 ല്‍ ഹാപ്പി വെഡ്ഡിങ്സ് എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തെത്തിയ ഗ്രേസ് കുമ്പളങ്ങി നൈറ്റ്സിലെ സിമിയിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ നവംബര്‍ 9 ന് റിലീസ് ചെയ്ത കനകം കാമിനി കലഹത്തിലെ ഗ്രേസിന്റെ അഭിനയം ഏറെ നിരൂപക പ്രശംസ ഏറ്റ് വാങ്ങിയിരുന്നു.
നിവിനും ഗ്രേസിനുമൊപ്പം വിനയ് ഫോര്‍ട്ട്, ജോയ് മാത്യു, ജാഫര്‍ ഇടുക്കി തുടങ്ങിയ വന്‍ താരനിരയാണ് ചിത്രത്തിലുള്ളത്. ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പനിലൂടെ മികച്ച നവാഗത സംവിധായകനുള്ള പുരസ്‌കാരം കരസ്ഥമാക്കിയ സംവിധായകന്‍ രതീഷ് ബാലകൃഷ്ണ പൊതുവാളിന്റെ രണ്ടാമത്തെ ചിത്രം കൂടിയാണ് ‘കനകം കാമിനി കലഹം’.