ഹാപ്പി വെഡിങ്സ് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് അരങ്ങേറിയ നടിയാണ് ഗ്രേസ് ആന്റണി. കുമ്പളങ്ങി നൈറ്റ്സ് എന്ന ചിത്രത്തിലെ കഥാപാത്രമാണ് ഗ്രേസിന് വഴിത്തിരിവായത്.
ഹാപ്പി വെഡിങ്സ് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് അരങ്ങേറിയ നടിയാണ് ഗ്രേസ് ആന്റണി. കുമ്പളങ്ങി നൈറ്റ്സ് എന്ന ചിത്രത്തിലെ കഥാപാത്രമാണ് ഗ്രേസിന് വഴിത്തിരിവായത്.
തുടർന്ന് മമ്മൂട്ടിയോടൊപ്പം റോഷാക്ക്, നിവിൻ പോളിയോടൊപ്പം കനകം കാമിനി കലഹം തുടങ്ങിയ മികച്ച സിനിമകളിൽ അഭിനയിക്കാൻ താരത്തിന് കഴിഞ്ഞു. ഏറ്റവും ഒടുവിൽ ഇറങ്ങിയ ജീത്തു ജോസഫ് ചിത്രം നുണക്കുഴിയിലും മികച്ച പ്രകടനം ഗ്രേസ് കാഴ്ച്ചവെച്ചിരുന്നു.
സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിന് ശേഷം സക്കറിയ സംവിധാനം ചെയ്ത സിനിമയായിരുന്നു ഹലാൽ ലൗ സ്റ്റോറി. ഇന്ദ്രജിത്ത്, ജോജു ജോർജ്, ഷറഫുദ്ദീൻ തുടങ്ങിയവർ പ്രധാന വേഷത്തിൽ എത്തിയ ചിത്രത്തിൽ നായികയായി എത്തിയത് ഗ്രേസ് ആയിരുന്നു. ചിത്രത്തിൽ പാർവതി തിരുവോത്തും ഒരു അതിഥി വേഷത്തിൽ എത്തിയിരുന്നു.
ചിത്രത്തിലെ ഒരു ഇമോഷണൽ സീനിന് ശേഷം തനിക്ക് കരച്ചിൽ നിർത്താൻ കഴിഞ്ഞില്ലെന്ന് പറയുകയാണ് ഗ്രേസ് ആന്റണി. അന്ന് പാർവതിയാണ് തന്നെ ഓക്കെയാക്കിയതെന്നും ഏറ്റവും വൈകാരികമായി അടുപ്പം തോന്നിയ കഥാപാത്രമായിരുന്നു അതെന്നും ഗ്രേസ് പറഞ്ഞു. മാതൃഭൂമി ഗൃഹലക്ഷ്മി മാഗസിനോട് സംസാരിക്കുകയായിരുന്നു ഗ്രേസ്.
‘ഇതുവരെ ചെയ്‌തവയിൽ വൈകാരികമായി വളരെ അടുപ്പം തോന്നിയ കഥാപാത്രം ഹലാൽ ലൗ സ്റ്റോറിയിലെ സുഹ്റയാണ്. പതിയെ പതിയെയാണ് ആ കഥാപാത്രത്തിലേക്ക് കയറിയത്. പക്ഷേ, കയറിക്കഴിഞ്ഞപ്പോൾ പുറത്തേക്കുവരാൻ കുറച്ച് പ്രയാസപ്പെട്ടു. അതിലൊരു സീനിൽ സുഹ്റ ഇമോഷണലായി സംസാരിക്കുന്നുണ്ട്.
ആ സീൻ കട്ട് പറഞ്ഞിട്ടും എനിക്ക് കരച്ചിൽ നിർത്താനായില്ല. പാർവതി ചേച്ചി എന്നെ മാറ്റിനിർത്തി സംസാരിച്ച് കൂളാക്കുകയായിരുന്നു. തിരിച്ചെത്തിയപ്പോൾ എല്ലാവരും ഒരുമിച്ച് കൈയടിച്ചു,’ഗ്രേസ് ആന്റണി പറയുന്നു.
Content Highlight: Grace Antony About Her Character In Halal Love Story