ഹാപ്പി വെഡ്ഡിങ്ങിലൂടെ അഭിനയജീവിതം ആരംഭിച്ച നടിയാണ് ഗ്രേസ് ആന്റണി. പിന്നീട് മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത കുമ്പളങ്ങി നൈറ്റ്‌സിലൂടെ ശ്രദ്ധേയയായി. പിന്നീട് ഒരുപിടി മികച്ച സിനിമകളുടെ ഭാഗമാകാന്‍ ഗ്രേസിന് സാധിച്ചു. സ്വഭാവികമായി ഹ്യൂമര്‍ ചെയ്ത് ഫലിപ്പിക്കാനുള്ള കഴിവാണ് ഗ്രേസ് എന്ന നടിയുടെ ഏറ്റവും വലിയ പോസിറ്റീവ്. മമ്മൂട്ടി നായകനായ റോഷാക്കിലൂടെ സീരിയസ് റോളും തനിക്ക് ചേരുമെന്ന് ഗ്രേസ് തെളിയിച്ചു.
സിനിമയില്‍ നായകനും നായികക്കും തുല്യവേതനം വേണമോ എന്ന കാര്യത്തില്‍ തന്റെ നിലപാട് വ്യക്തമാക്കുകയാണ് ഗ്രേസ് ആന്റണി. നായകന് കൊടുക്കുന്ന അതേ പ്രതിഫലം തനിക്കും വേണമെന്ന് ആവശ്യപ്പെടാറില്ലെന്ന് ഗ്രേസ് പറഞ്ഞു. അങ്ങനെ താന്‍ ആവശ്യപ്പെടുകയാണെങ്കില്‍ ചിലപ്പോള്‍ നിര്‍മാതാവ് ആ സിനിമ തന്റെ പേരില്‍ വിറ്റുപോകുമോ എന്ന് ചോദിക്കുമെന്നും അതിന് തനിക്ക് മറുപടിയില്ലെന്നും ഗ്രേസ് കൂട്ടിച്ചേര്‍ത്തു. അങ്ങനെ ആ സിനിമ വില്‍ക്കാനുള്ള റീസണോ സോഴ്‌സോ തനിക്കില്ലെന്നും ഗ്രേസ് പറഞ്ഞു.
അത്തരം കാര്യങ്ങള്‍ സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ കാണുന്നത് അതിലെ നായകനിലാണെന്നും ഗ്രേസ് കൂട്ടിച്ചേര്‍ത്തു. ആ സിനിമയുടെ റൈറ്ററും ഡയറക്ടറും പ്രൊജക്ടിനെപ്പറ്റി ചിന്തിക്കുമ്പോള്‍ അത് വിറ്റുപോകാന്‍ വേണ്ടി ആരെ കാസ്റ്റ് ചെയ്യണമെന്ന് തീരുമാനിക്കുമെന്നും ഗ്രേസ് പറഞ്ഞു. ആ സിനിമയില്‍ അഭിനയിക്കുക എന്നത് മാത്രമാണ് തന്റെ തൊഴിലെന്നും ഗ്രേസ് കൂട്ടിച്ചേര്‍ത്തു. ജിഞ്ചര്‍ മീഡിയ എന്റര്‍ടൈന്മെന്റ്‌സിനോട് സംസാരിക്കുകയായിരുന്നു ഗ്രേസ്.
‘ഞാന്‍ ഇപ്പോള്‍ ഒരു സിനിമയില്‍ അഭിനയിച്ചു, അതിലെ നായകന് കൊടുക്കുന്ന അതേ പ്രതിഫലം എനിക്കും വേണമെന്ന് ഞാന്‍ ചോദിക്കാറില്ല. കാരണം, അങ്ങനെ ചോദിക്കുമ്പോള്‍ അതിന്റെ നിര്‍മാതാവ് എന്നോട് ‘ഈ സിനിമ നിങ്ങളുടെ പേരില്‍ വിറ്റുപോകുമോ’ എന്ന് ചോദിച്ചാല്‍ എനിക്കതിന് മറുപടിയില്ല. കാരണം, എന്റെ പേരില്‍ ആ സിനിമ വില്‍ക്കാനുള്ള റീസണോ സോഴ്‌സോ എന്റെ കൈയിലില്ല എന്ന നല്ല ബോധ്യമുണ്ട്.
ഇത്തരം കാര്യങ്ങള്‍ ആ സിനിമയുടെ മേക്കേഴ്‌സ് കാണുന്നത് അതിലെ നായകനിലാണ്. ഒരു സിനിമയെപ്പറ്റി അതിന്റെ റൈറ്ററും ഡയറക്ടറും ആലോചിച്ച് ആ പ്രൊജക്ട് ഓണാക്കുമ്പോള്‍ അത് വിറ്റുപോകാന്‍ കഴിയുന്ന ആര്‍ട്ടിസ്റ്റിനെയാകും തെരഞ്ഞെടുക്കുക. കാരണം, ഇതൊരു ബിസിനസ്സാണ്. ആ സിനിമയില്‍ എന്നെ വിളിക്കുന്നുണ്ടെങ്കില്‍ എന്റെ കഥാപാത്രത്തെ അവതരിപ്പിക്കുക എന്നതാണ് എന്റെ കടമ. അതിനപ്പുറത്തേക്കുള്ള ചിന്തകളൊന്നും എനിക്കില്ല,’ ഗ്രേസ് ആന്റണി പറഞ്ഞു.
Content Highlight: Grace Antony about equal pay in Malayalam films