മിനി ഉര്‍വശി, ഉര്‍വശി ലൈറ്റ് തുടങ്ങിയ താരതമ്യങ്ങള്‍ വേണ്ട, അത് എനിക്ക് താങ്ങാന്‍ പറ്റുന്നതല്ല : ഗ്രേസ് ആന്റണി
Entertainment
മിനി ഉര്‍വശി, ഉര്‍വശി ലൈറ്റ് തുടങ്ങിയ താരതമ്യങ്ങള്‍ വേണ്ട, അത് എനിക്ക് താങ്ങാന്‍ പറ്റുന്നതല്ല : ഗ്രേസ് ആന്റണി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 22nd September 2022, 11:53 am

ചുരുങ്ങിയ കാലം കൊണ്ട് പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ നടിയാണ് ഗ്രേസ് ആന്റണി. ഹാപ്പി വെഡ്ഡിങ്ങ് എന്ന ചിത്രത്തിലൂടെയാണ് ഗ്രേസ് സിനിമയിലേക്ക് എത്തുന്നത്. കുമ്പളങ്ങി നൈറ്റ്‌സിലെ സിമി മോള്‍ എന്ന കഥാപാത്രത്തെ പ്രേക്ഷകര്‍ ഹൃദയത്തോടാണ് ചേര്‍ത്തുവെച്ചത്.

കനകം കാമിനി കലഹം എന്ന നിവിന്‍ പോളി ചിത്രത്തിലും നടി പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ഇപ്പോള്‍ ചട്ടമ്പി എന്ന അഭിലാഷ് കുമാര്‍ ചിത്രത്തിലും നടി എത്തുന്നുണ്ട്.

തുടരെ കോമഡി കഥാപാത്രങ്ങളിലെത്തുന്ന ഗ്രേസിന്റെ അഭിനയത്തെ പലരും ഉര്‍വശിയുമായി താരതമ്യം ചെയ്യാറുണ്ട്. എന്നാല്‍ ഒരാളെ മറ്റൊരാളുമായി താരതമ്യം ചെയ്യുന്നത് ബുദ്ധിമുട്ടുള്ള കാര്യമാണെന്ന് ഗ്രേസ് ആന്റണി പറഞ്ഞു. മിനി ഉര്‍വശി, ഉര്‍വശി ലൈറ്റ് തുടങ്ങിയ താരതമ്യങ്ങള്‍ വേണ്ടെന്നും അത് തനിക്ക് താങ്ങാന്‍ പറ്റുന്നതല്ലെന്നും ഗ്രേസ് മാതൃഭൂമി ഡോട് കോമിനോട് പറഞ്ഞു.

” അഭിനയത്തില്‍ ഞാന്‍ അവരുടെ ഒന്നും അടുത്ത് എത്തിയിട്ടില്ല. ഒരാളെ മറ്റൊരാളുമായി താരതമ്യം ചെയ്യുന്നത് ഭയങ്കര ബുദ്ധിമുട്ടുള്ള കാര്യമാണ്. വ്യക്തിപരമായി ഒരാളെ മറ്റൊരാളുമായി താരതമ്യം ചെയ്യുന്നത് എനിക്ക് ഇഷ്ടമല്ല. എനിക്ക് അങ്ങനെ ഇഷ്ടമല്ലാത്തതിന് ഒരു കാരണമുണ്ട്.

നമ്മുടെ അമ്മമാരെല്ലാവരും നമ്മളെ അയല്‍വീടുകളിലെ കുട്ടികളുമായും കസിന്‍സുമായും താരതമ്യം ചെയ്യുന്നത് ഭീകരമാണ്. എന്റെ ചെറുപ്പത്തില്‍ അമ്മയ്ക്ക് ഈ താരതമ്യം ചെയ്യല്‍ ഭയങ്കര കൂടുതലായിരുന്നു.

അടുത്ത വീട്ടിലെ കുട്ടി അതു ചെയ്യുന്നു, ഇത് ചെയ്യുന്നു, പഠിക്കുന്നു, അടുക്കളയില്‍ ജോലി ചെയ്യുന്നു എന്നൊക്കെ പറയുമായിരുന്നു. എനിക്ക് അതുകേട്ട് ഭയങ്കര ബുദ്ധിമുട്ടായിരുന്നു. അന്ന് നമ്മള്‍ അതിനെ കരുതിയത് ഉപദേശം എന്ന രീതിയിലാണ്.

ഇപ്പോഴാണ് മനസ്സിലായത് അത് താരതമ്യം ആയിരുന്നുവെന്ന്. നമ്മള്‍ വലുതാകും തോറും അതിന്റെ ഭീകരത കൂടുകയാണ് ചെയ്യുന്നത്. അങ്ങനെ അവരുമായി താരതമ്യം ചെയ്ത ഒരു സമയത്ത് ഞാന്‍ അമ്മയോട് പറഞ്ഞു. അമ്മയ്ക്ക് വേണെങ്കില്‍ അവരെ വീട്ടില്‍ വരുത്തി മക്കളായി കാണ്ടോളു, എന്നെ കൊണ്ട് പറ്റുന്നതേ എനിക്ക് ചെയ്യാന്‍ കഴിയുകയുള്ളു.

അത് പറഞ്ഞതോടെ അമ്മ അങ്ങനെ മറ്റു കുട്ടികളുമായി താരതമ്യം ചെയ്യുന്നത് നിര്‍ത്തി. പക്ഷേ നമ്മള്‍ ഒരു ആക്ടഴ്റായി വരുമ്പോള്‍ ആളുകള്‍ക്ക് നമ്മളോടുള്ള ഇഷ്ടം കൊണ്ടായിരിക്കും അവര്‍ അങ്ങനെ മറ്റ് ആക്ടര്‍സുമായി നമ്മളെ താരതമ്യം ചെയ്യുന്നത്.

വ്യക്തിപരമായി അത്തരം താരതമ്യം ചെയ്യല്‍ ഇഷ്ടപ്പെടാത്ത വ്യക്തിയാണ് ഞാന്‍. അങ്ങനെ എന്നെ മറ്റൊരാളുമായി താരതമ്യം ചെയ്യുന്നവരോട് ഇങ്ങനെയാണ് ഞാന്‍ മറുപടി പറയാറുള്ളത്,” ഗ്രേസ് പറഞ്ഞു.

Content Highlight: Grace Antony about comparing her with Urvashi