| Wednesday, 1st February 2023, 7:55 pm

സെറ്റില്‍ വരുമ്പോള്‍ തടിച്ച് കൊഴുത്തല്ലോ നീയ് എന്നാണ് പറയുന്നത്, രോഗാവസ്ഥയെ പറ്റി എത്ര പേര്‍ക്ക് ക്ലാസെടുക്കും: ഗ്രേസ് ആന്റണി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിനിമ മേഖലയില്‍ തനിക്ക് നേരിടേണ്ടി വരുന്ന ബോഡി ഷെയ്മിങ്ങിനെ കുറിച്ച് സംസാരിക്കുകയാണ് ഗ്രേസ് ആന്റണി. താന്‍ ഒരു ഹീറോയിന്‍ മെറ്റീരിയല്‍ അല്ല എന്ന് നിരവധി പേര്‍ പറഞ്ഞിട്ടുണ്ടെന്നും പെര്‍ഫോമന്‍സ് കൊണ്ട് സ്വയം തെളിയിക്കാനാണ് നോക്കുന്നതെന്നും ധന്യ വര്‍മക്ക് നല്‍കിയ അഭിമുഖത്തില്‍ ഗ്രേസ് പറഞ്ഞു.

‘ഞാനൊരു ഹീറോയിന്‍ മെറ്റീരിയലല്ല എന്ന് ഒരുപാട് പേര് പറഞ്ഞിട്ടുണ്ട്. പെര്‍ഫോം ചെയ്യുക എന്നുള്ളതാണ് എന്റെ മുന്നിലുള്ള വഴി. ഞാന്‍ ആ കഥാപാത്രത്തിന് ചേരുന്ന ആളാണെന്ന് തോന്നിയാല്‍ മാത്രം സംവിധായകന്‍ എന്നെ വിളിച്ചാല്‍ മതി. അതിന് വേണ്ടി ഞാന്‍ കഷ്ടപ്പെട്ടേ പറ്റുകയുള്ളൂ.

ഞാന്‍ ഒരിക്കലും കരുതിയില്ല എനിക്ക് ഒരു നായികയാവാന്‍ കഴിയുമെന്ന്. കാരണം എനിക്ക് അങ്ങനെ ഒരു ബോഡി ടൈപ് ഇല്ലല്ലോ. എല്ലായിടത്തുനിന്നും കേള്‍ക്കുന്നതും അങ്ങനെതന്നെയാണ്. എനിക്ക് ഹൈപ്പോതൈറോയിഡുണ്ട്. അത്‌ മനസിലാക്കാന്‍ ഞാനും കുറെ സമയമെടുത്തു. അതുവരെ ഈ വണ്ണം കൂടിവരുന്നത് അറിഞ്ഞില്ല.

എന്ത് കഴിച്ചാലും അത് ബോഡിയിലേക്ക് വന്നിട്ട് ബ്ലോട്ടിങ്ങ് ഉണ്ടാകും. മുഖമൊക്കെ വീര്‍ക്കും. പിന്നെ ഫാമിലിയായി ഞങ്ങള്‍ അത്യാവശ്യം കവിളൊക്കെ ഉള്ള ആള്‍ക്കാരാണ്. ഇന്ന് ഞാനിടുന്ന പാന്റ് നാളെ ചിലപ്പോള്‍ എനിക്ക് പാകമാവില്ല. ഇതൊക്കെ എത്ര പേരോട് പറയണമെന്ന് എനിക്ക് അറിയില്ല.

ലേറ്റസ്റ്റായി ചെയ്ത സിനിമയുടെ സെറ്റിലും തടിച്ച് കൊഴുത്തല്ലോ നീയ് എന്നാണ് പറയുന്നത്. മാസത്തില്‍ രണ്ട് പ്രാവശ്യം ഞാന്‍ തൈറോയിഡ് ചെക്ക് ചെയ്യും. ഹോര്‍മോണ്‍സ് എപ്പോഴും ഇംബാലന്‍സ്ഡാണ്. ചോറ്, ഗോതമ്പ്, റവ ഒന്നും കഴിക്കാന്‍ പാടില്ല. ആരെങ്കിലും പെട്ടെന്ന് വന്ന് തടിച്ചല്ലോ എന്നൊക്കെ പറയുമ്പോഴുണ്ടല്ലോ ഫ്രീസ് ആയി പോകും.

ഇങ്ങനെ പറഞ്ഞു വരുന്ന എല്ലാവരേയും പിടിച്ചിരുത്തി ക്ലാസ് എടുത്ത് കൊടുക്കാന്‍ പറ്റില്ലല്ലോ. അതുകൊണ്ട് പറയുന്നവര്‍ പറയട്ടെ, നമുക്ക് എന്ത് തോന്നുന്നോ അതുപോലെ ജീവിക്കുക. പക്ഷേ എങ്ങനെ പോയാലും ഹെല്‍ത്തി ലൈഫ് സ്റ്റൈലും ഹെല്‍ത്തി മൈന്‍ഡും ഉണ്ടാവണം. പക്ഷേ നമ്മളെ ബ്രേക്ക് ചെയ്യാന്‍ ഒരുപാട് പേരുണ്ടാവും. നായികയാണെങ്കിലും ക്യാരക്ടര്‍ റോളാണെങ്കിലും എന്ത് ചെയ്ത് പ്രൂവ് ചെയ്യണമെന്ന് നമ്മള്‍ തീരുമാനിക്കണം,’ ഗ്രേസ് പറഞ്ഞു.

Content Highlight: grace antony about body shaming and her health condition

We use cookies to give you the best possible experience. Learn more