| Monday, 12th September 2022, 9:54 pm

മൂന്ന് ലക്ഷം നായ്ക്കളെ കൊന്നൊടുക്കി പ്രശ്നം പരിഹരിക്കാമെന്ന് പറയുന്നവര്‍ പരിഷ്‌കൃത ശാസ്ത്ര സമൂഹത്തില്‍ അംഗങ്ങളായിരിക്കാന്‍ യോഗ്യരല്ല

ജി.ആര്‍. സന്തോഷ് കുമാര്‍

പേവിഷബാധ ആ മേഖലയില്‍ വൈദഗ്ധ്യമുള്ളവര്‍ സംസാരിക്കേണ്ട വിഷയമാണ്. എന്നാല്‍ ഇപ്പോഴത്തെ ഹൈപ്പ് കാണുമ്പോള്‍ ചില കാര്യങ്ങള്‍ പറയാതിരിക്കാനാവില്ല.

2010ല്‍ തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ജോലി ചെയ്യുമ്പോള്‍ കുറച്ചുകാലം ഞാന്‍ അന്നവിടെ ഉണ്ടായിരുന്ന റാബിസ് (പേവിഷബാധ) ഇമ്മ്യൂണൈസേഷന്‍ ക്ലിനിക്കിന്റെ ചാര്‍ജുള്ള മെഡിക്കല്‍ ഓഫീസര്‍ ആയിരുന്നു. പേശികളില്‍ നല്‍കുന്ന റാബിസ് വാക്‌സിനേഷന് പകരം ചര്‍മ്മത്തില്‍ കുത്തിവെക്കുന്ന രീതിയായ IDRV തുടങ്ങിയ കാലം.

രാവിലെ ഒമ്പത് മുതല്‍ ഉച്ചക്ക് ഒരു മണി വരെയാണ് ക്ലിനിക്കിന്റെ സമയം. 60- 70 പേര്‍, ചിലപ്പോള്‍ അതില്‍ കുടുതലും പട്ടികടിച്ചും പൂച്ച കടിച്ചും വരും. പകുതി പേര്‍ തുടര്‍ കുത്തിവെപ്പിനും പകുതി പേര്‍ പുതിയതായും. അതായത് 30- 35 പേര്‍ തിരുവനന്തപുരം നഗരത്തില്‍ നിന്നും പരിസരപ്രദേശങ്ങളില്‍ നിന്നും പട്ടി/ പൂച്ച കടിയുമായി ഓരോ ദിവസവും പുതുതായി ക്ലിനിക്കില്‍ വന്നുകൊണ്ടിരുന്നു എന്നര്‍ത്ഥം.

അന്ന് തിരുവനന്തപുരം ജില്ലയില്‍ നിന്ന് മാത്രം കുട്ടികള്‍ ഉള്‍പ്പെടെ 18 മുതല്‍ 20ഓളം മനുഷ്യര്‍ പേവിഷബാധയേറ്റ് ഓരോ വര്‍ഷവും മരണമടഞ്ഞിരുന്നു. എല്ലാവരും വാക്‌സിന്‍ എടുക്കാത്തവര്‍. തെരുവ് നായ്ക്കളില്‍ നിന്ന് മാത്രമല്ല, വളര്‍ത്തു നായ്ക്കളില്‍ നിന്നും വിഷബാധയേറ്റവര്‍. അന്ന് സോഷ്യല്‍ മീഡിയ ഉണ്ടായിരുന്നെങ്കില്‍ ഇന്ന് കാണുന്നതിനേക്കാള്‍ ഭീതിതമായ ചിത്രങ്ങളും വാര്‍ത്തകളും പ്രചരിക്കുമായിരുന്നു.

പത്രങ്ങള്‍ ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതനുസരിച്ച് കേരളം മുഴുവന്‍ ഈ വര്‍ഷം ഉണ്ടായ പേവിഷബാധ മരണങ്ങള്‍ 21 ആണ്. അതില്‍ 15 പേര്‍ വാക്‌സിനേഷന്‍ സ്വീകരിക്കാത്തവരും ബാക്കിയുള്ളവര്‍ വാക്‌സിന്‍ സ്വീകരിച്ചവരാണെങ്കിലും ശരിയായ രീതിയില്‍ അത് നല്‍കപ്പെട്ടവരാണോ എന്ന് സംശയമുള്ളവരും.

അതായത്, പൊതുവെ പറഞ്ഞാല്‍ കഴിഞ്ഞ 12 വര്‍ഷങ്ങള്‍ക്കുള്ളില്‍ നമ്മുടെ നാട്ടിലെ പേവിഷമരണങ്ങള്‍ കാര്യമായ തോതില്‍ കുറഞ്ഞിരിക്കുന്നു. ഒരു ജില്ലയില്‍ മാത്രം 20 ആകാവുന്ന സ്ഥാനത്ത് സംസ്ഥാനം മുഴുവന്‍ 20 എന്ന നിരക്കില്‍ കുറഞ്ഞിരിക്കുന്നു. ആന്റി റാബിസ് വാക്‌സിനുകള്‍, ഹോഴ്‌സ് സിറത്തില്‍ നിന്നും ജെനറ്റിക്ക് ടെക്‌നോളജി ഉപയോഗിച്ചും നിര്‍മ്മിക്കുന്ന ഇമ്മ്യുണോഗ്ലോബിനുകള്‍ എന്നിവയുടെ ലഭ്യത പേവിഷബാധ മരണങ്ങള്‍ കുറയ്ക്കാന്‍ സഹായകരമായി എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്.

സത്യത്തെ തെല്ലും അംഗീകരിക്കുന്ന രീതിയിലല്ല ഈ വിഷയം ഇന്ന് ചര്‍ച്ച ചെയ്യപ്പെടുന്നത്. തീര്‍ച്ചയായും ഇപ്പോഴുണ്ടായ 21 മരണങ്ങള്‍ ഒഴിവാക്കേണ്ടതാണ്. 15 പേര്‍ എന്തുകൊണ്ട് വാക്‌സിന്‍ സ്വീകരിച്ചില്ല എന്നത് അന്വേഷിക്കേണ്ട വിഷയമാണ്. അതിനേക്കാള്‍ പരമപ്രധാനമായ ചോദ്യം എല്ലാവര്‍ക്കും അറിയാവുന്നത് പോലെ വാക്‌സിന്‍ നല്‍കിയ ശേഷവും എന്തുകൊണ്ട് മരണം സംഭവിച്ചു എന്നതാണ്. പക്ഷെ അതൊരു പുതിയ സംഭവമല്ല.

എന്നിട്ടും മുഖ്യമന്ത്രി പറയുന്നതുവരെ, ഒരു പഠന സംഘത്തെ നിയോഗിക്കാന്‍ ആരോഗ്യ വകുപ്പ് എന്തിന് കാത്തിരുന്നു എന്ന ചോദ്യം അവശേഷിക്കുന്നു. കേരളത്തിലെ ആരോഗ്യവകുപ്പിന്റെ വിഖ്യാതമായ സര്‍വയലന്‍സ് സിസ്റ്റം എന്തുകൊണ്ട് പരാജയപ്പെട്ടു? ആരാണ് അതിനെ നിയന്ത്രിക്കുന്നത്? ആരോഗ്യ വകുപ്പിലെ വിദഗ്ധരോ, ആരോഗ്യ മന്ത്രിയോ, മുഖ്യമന്ത്രിയോ, അതോ മുഖ്യമന്ത്രിക്കും മേലേയുള്ള വിദഗ്ധരോ?

പേവിഷബാധ ചികില്‍സയില്‍ ഒരിടത്തും പരാമര്‍ശിക്കപ്പെടാത്ത ‘ഗോള്‍ഡന്‍ ഔവര്‍’ സങ്കല്പം ഇപ്പോള്‍ എങ്ങനെയാണ് ഉയര്‍ന്നുവന്നത്? എല്ലാ പട്ടികടിയും ഒരുപോലെയല്ല. അത് മൂന്ന് കാറ്റഗറികളായി തിരിച്ചിട്ടുണ്ട്. നായ നക്കുന്നതും കടിക്കുന്നതും ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആകുന്നതിന്റെ അടിസ്ഥാനത്തില്‍ അതിന്റെ തീവ്രത കുറയുകയും കൂടുകയും ചെയ്യും. ഇക്കാര്യം ജനങ്ങളെ പഠിപ്പിക്കാതെ ‘ഗോള്‍ഡന്‍ ഔവറി’നെക്കുറിച്ച് സംസാരിച്ചാല്‍ നായ കാലില്‍ നക്കിയവരും മുഖത്ത് കടിയേറ്റവരും ഒരേസമയം ഒന്നടങ്കം മരണഭയത്തോടെ ആശുപത്രിയില്‍ തിക്കിക്കയറുകയും ചികിത്സ വൈകി എന്ന പരാതിയില്‍ സംഘര്‍ഷമുണ്ടാവുകയുമായിരിക്കും ഫലം.

ഫസ്റ്റ്എയ്ഡിനെ, ഫസ്റ്റ് എയ്ഡ് എന്ന് തന്നെ പറയുന്നതാവും ഉത്തമം. അത് എല്ലാ മുറിവുകള്‍ക്കും ബാധകമാണ്. ഇപ്പറയുന്ന ‘ഗോള്‍ഡന്‍ ഔവര്‍’ എല്ലാ മുറിവുകള്‍ക്കും ബാധകമല്ല. കുട്ടികളുടെ കാര്യത്തില്‍ മുഖത്തും തലയിലും ഗുരുതരമായ മുറിവുകള്‍ ഉണ്ടാകാവുന്നതിന് പ്രതിവിധിയായി ചില വിദഗ്ധര്‍ നിര്‍ദേശിക്കുന്ന പ്രീഎക്‌സ്‌പോഷര്‍ റാബിസ് പ്രൊഫൈലാക്‌സിസ് ആരോഗ്യ വകുപ്പിന് പരിഗണിക്കാവുന്നതാണ്.

തെരുവ് നായ്ക്കളുടെ എണ്ണം പരിമിതപ്പെടുത്താനായി 10 -15 വര്‍ഷം മുമ്പ് ആരംഭിച്ച പദ്ധതികള്‍ എന്തുകൊണ്ട് തടസപ്പെട്ടു? എല്ലാവരും ചേര്‍ന്ന് ഇന്ന് ഈ വിഷയം പരിഹരിക്കാന്‍ ബുദ്ധിമുട്ടുള്ള ഒരു മുനമ്പില്‍ കൊണ്ടു നിറുത്തിയിരിക്കയാണ്.

മൂന്നുലക്ഷം നായ്ക്കളെ കൊന്നൊടുക്കി വിഷയം അവസാനിപ്പിക്കാം എന്ന് വാദിക്കുന്നവര്‍ ഒരിക്കലും ഒരു പരിഷ്‌കൃത ശാസ്ത്ര സമൂഹത്തിലെ അംഗങ്ങളായിരിക്കാന്‍ യോഗ്യരല്ല എന്നു മാത്രമാണ് ഇപ്പോള്‍ പറയാന്‍ കഴിയുക. അവര്‍ സ്വപ്നം കാണുന്ന കൂട്ടക്കുരുതിക്ക് ഒരു ന്യായീകരണവും തല്ക്കാലം കാണാനാവുന്നില്ല. തെരുവ് നായ്ക്കളുടെ എണ്ണം കൂടിയതനുസരിച്ച് പേവിഷബാധ മരണങ്ങള്‍ കൂടിയില്ല എന്നതിനാല്‍ ഇപ്പോഴത്തെ സാഹചര്യത്തിന്റെ ഭാരം നായ്ക്കളുടെ മുകളില്‍ കെട്ടിവെയ്ക്കുന്നത് മറ്റു പലര്‍ക്കും സൗകര്യപൂര്‍വം കൈകഴുകാനുള്ള അവസരമായിരിക്കും ഒരുക്കുക.

ചുരുക്കത്തില്‍, പേവിഷ ബാധയെക്കുറിച്ച് പൊതുമണ്ഡലത്തില്‍ കാണുന്ന സംവാദങ്ങള്‍ സാമാന്യമായി പറഞ്ഞാല്‍ അവധാനതയില്ലാത്തതും, അര്‍ഹിക്കുന്ന സമതുലിത പുലര്‍ത്താത്തതും യാഥാര്‍ത്ഥ്യങ്ങള്‍ക്ക് നിരക്കാത്ത രീതിയില്‍ ഊതിപ്പെരുക്കിയതും സമൂഹത്തില്‍ മൊത്തത്തില്‍ ഭീതി സൃഷ്ടിക്കുന്നതുമാണ്. ഇതിന്റെ ഗുണഭോക്താക്കളാരെന്ന് അല്പം കാത്തിരുന്നാല്‍ അറിയാനാവും.

കൂട്ടത്തില്‍, ഈ വിഷയത്തെക്കുറിച്ച് അറിവ് നേടിയിട്ടുള്ള ഡോക്ടര്‍മാരും പൊതുജനാരോഗ്യ വിദഗ്ധരും ടി.വിയിലൂടെയും പത്രം/ സോഷ്യല്‍ മീഡിയ എന്നിവയിലൂടെയും നല്‍കുന്ന അവബോധം അഭിനന്ദനാര്‍ഹമാണെന്നും പറയട്ടെ. ഒട്ടും പ്രൊഫഷണല്‍ അല്ലാത്ത ചര്‍ച്ചകള്‍ക്ക് സമയം ചെലവഴിക്കുന്നതിന് പകരം അങ്ങനെയുള്ളവരെ ജനങ്ങള്‍ കൂടുതല്‍ കേള്‍ക്കേണ്ടതായുണ്ട്. സര്‍ക്കാര്‍ ഇപ്പോള്‍ നല്ലൊരു വിദഗ്ധ സമിതിയെ നിയോഗിച്ചിട്ടുണ്ടല്ലോ. അവരുടെ റിപ്പോര്‍ട്ട് വരട്ടെ, തല്ക്കാലം നിറുത്തുന്നു.

Content Highlight: GR Santhosh Kumar writes about the issue of stray dogs in Kerala

ജി.ആര്‍. സന്തോഷ് കുമാര്‍

We use cookies to give you the best possible experience. Learn more