Kerala News
ജയസൂര്യയുടെ പ്രതികരണം വസ്തുത മനസിലാക്കാതെ, അദ്ദേഹത്തിന്റെ സുഹൃത്ത് ബി.ജെ.പി രാഷ്ട്രീയമുള്ളയാള്‍: ജി.ആര്‍.അനില്‍
തിരുവനന്തപുരം: നെല്ല് സംഭരിച്ച പണം കര്‍ഷകര്‍ക്ക് കിട്ടുന്നില്ലെന്ന നടന്‍ ജയസൂര്യയുടെ പ്രസ്താവന തെറ്റാണെന്ന് ഭക്ഷ്യമന്ത്രി ജി.ആര്‍. അനില്‍. ജയസൂര്യയുടെ സുഹൃത്ത് നടത്തിയ പ്രസ്താവന തെറ്റാണെന്നും അത് വിശ്വസിച്ചാണ് ജയസൂര്യയുടെ പ്രതികരണമെന്നും മന്ത്രി പറഞ്ഞു. കൃഷ്ണ പ്രസാദിന്റെ കുടുംബം ഉള്‍പ്പെടുന്ന ചങ്ങനാശേരിയിലെ ചാത്തങ്കേരി പാടശേഖരത്തിലെ മുഴുവന്‍ കര്‍ഷകര്‍ക്കും ജൂലൈ മാസം തന്നെ പണം കൊടുത്തിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
‘ജയസൂര്യയുടെ സുഹൃത്ത് കൃഷ്ണ പ്രസാദ് നടത്തിയ പ്രസ്താവന തെറ്റായതാണ്. ആ പ്രസ്താവന വിശ്വസിച്ചാണ് തെറ്റായ പ്രസ്താവന ജയസൂര്യ നടത്തിയതെന്നുള്ളതാണ് വാസ്തവം. കൃഷ്ണ പ്രസാദിന്റെ കുടുംബം ഉള്‍പ്പെടുന്ന ചങ്ങനാശേരിയിലെ ചാത്തങ്കേരി പാടശേഖരത്തിലെ മുഴുവന്‍ കര്‍ഷകര്‍ക്കും ജൂലൈ മാസം തന്നെ പണം കൊടുത്തിട്ടുണ്ട്. എന്നാല്‍ അത് അവാസ്തവമായിരുന്നെന്ന് മനസിലാക്കാതെ ജയസൂര്യ പ്രതികരിക്കുകയാണ് ചെയ്തത്. കേരളത്തിലെ നെല്‍കൃഷിക്കാരില്‍ നിന്നും സംഭരിച്ച നെല്ലിന് 1850 കോടിയിലധികം രൂപ നമ്മള്‍ വിതരണം ചെയ്ത് കഴിഞ്ഞു,’ ജി.ആര്‍.അനില്‍ പറഞ്ഞു.
കൃഷ്ണകുമാറിന്റേത് ബി.ജെ.പി കുടുംബമാണെന്നും അദ്ദേഹം നല്‍കിയ സന്ദേശം ശരിയാണെന്ന് ധരിച്ചാണ് ജയസൂര്യയുടെ പ്രതികരണമെന്നാണ് കരുതുന്നതെന്നും മന്ത്രി പറഞ്ഞു.
‘കേരളത്തില്‍ രാഷ്ട്രീയ പ്രേരിതമായ സമരമാണ് കര്‍ഷക കോണ്‍ഗ്രസ് നടത്തിയത്. ഇതിന് ചുവടുപിടിച്ചാണ് ജയസൂര്യ പ്രതികരിച്ചത്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ നെല്ലിന് കര്‍ഷകന് വില കൊടുക്കുന്നത് കേരളമാണ്. മാത്രമല്ല കേന്ദ്ര സര്‍ക്കാര്‍ പണം തരുന്നതിന് മുന്‍പ് തന്നെ കര്‍ഷകര്‍ക്ക് പണം കൊടുക്കുകയാണ്. അവസാനത്തെ ഘടുപണം 400 കോടിയോളം ഇനിയും കേന്ദ്രം നല്‍കാനുണ്ട്. ഇതാണ് യാഥാര്‍ത്ഥ്യം. കേരളത്തിലാകെയുള്ള കര്‍ഷകര്‍ക്ക് പണം നല്‍കിയിട്ടില്ലെന്ന പ്രചരണം, അതിനെ ചുവടുപിടിച്ചുള്ള ഒരു വാക്ക് ജയസൂര്യയെ പോലുള്ള നടന്‍ പറയുമ്പോള്‍ ആളുകളുടെ മനസില്‍ ഉണ്ടാകുന്ന തെറ്റിധാരണ മാറ്റുകയെന്നുള്ളതാണ് പ്രധാന വിഷയം.
അദ്ദേഹത്തിന്റെ സുഹൃത്ത് കൃഷ്ണ പ്രസാദ് ബി.ജെ.പി കുടുംബമാണ്, കൃഷ്ണ പ്രസാദിന്റെ ജ്യേഷ്ഠന്‍ കൃഷ്ണ കുമാര്‍ ചങ്ങനാശേരിയിലെ ബി.ജെ.പി കൗണ്‍സിലറായിരുന്നു. ഇപ്പോള്‍ അദ്ദേഹത്തിന്റെ ഭാര്യയാണ് അവിടത്തെ കൗണ്‍സിലര്‍. അദ്ദേഹത്തിന്റെ അച്ഛന്‍ ഉണ്ണിപ്പിള്ള സാര്‍, ഇവരെല്ലാം തന്നെ ബി.ജെ.പി കുടുംബമാണെന്നുള്ളത് നാട്ടുകാര്‍ക്കെല്ലാം അറിയാം. അത്തരമൊരാള്‍ ദുഷ്ടലാക്കോടു കൂടി അദ്ദേഹത്തിന്റെ സുഹൃത്തിനോട് സന്ദേശം നല്‍കിയപ്പോള്‍ ശരിയാണെന്ന് ധരിച്ച് പറഞ്ഞുകാണുമെന്നാണ് ഞാന്‍ കരുതുന്നത്. അതാണ അതിന്റെ വാസ്തവം,’ മന്ത്രി പറഞ്ഞു.
കഴിഞ്ഞ ദിവസമായിരുന്നു കൃഷി മന്ത്രി പങ്കെടുത്ത പരിപാടിയില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് ജയസൂര്യ രംഗത്തെത്തിയത്. കൃഷിക്കാര്‍ അനുഭവിക്കുന്നത് ചെറിയ പ്രശ്‌നങ്ങള്‍ അല്ലെന്നും നെല്ല് സംഭരിച്ചിട്ട് സപ്ലൈകോ പണം അനുവദിക്കുന്നില്ലെന്നും അദ്ദേഹം വിമര്‍ശിച്ചിരുന്നു. തിരുവോണ ദിവസം പട്ടിണികിടക്കുന്ന അച്ഛനേയും അമ്മയേയും കണ്ട് എങ്ങനെയാണ് കൃഷിയിലേക്ക് വീണ്ടും ഒരു തലമുറ വരുന്നതെന്നും അദ്ദേഹം ചോദിച്ചിരുന്നു. എന്നാല്‍ ഇതിന് പിന്നാലെ ജയസൂര്യയുടെ പരാമര്‍ശത്തിന് പിന്നില്‍ അജണ്ടയുണ്ടെന്ന് കൃഷി മന്ത്രി പി. പ്രസാദും പ്രതികരിച്ചു.
Content Highlights: GR Anil criticise jayasurya over his statement