കല്‍പ്പറ്റ: പുത്തുമലയില്‍ തിരച്ചിലിന് ഹൈദരാബാദില്‍ നിന്നും റഡാര്‍ എത്തിക്കുമെന്ന് സബ് കലക്ടര്‍ എന്‍.എസ്.കെ ഉമേഷ്. ഗ്രൗണ്ട് പെനിട്രേറ്റിങ് റഡാര്‍ സംവിധാനം നല്‍കുമെന്ന് അറിയിച്ചിരുന്ന രണ്ട് ഏജന്‍സികള്‍ പിന്‍വാങ്ങിയ സഹാചര്യത്തിലാണ് കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ ഹൈദരാബാദ് നാഷണല്‍ ജിയോ ഫിസിക്കല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് സഹായം തേടിയതെന്നും സബ് കലക്ടര്‍ അറിയിച്ചു.
മനുഷ്യസാന്നിധ്യം അറിയാന്‍ കേരളാ പൊലീസിന്റെ സ്‌നിഫര്‍ ഡോഗുകളെ പുത്തുമലയില്‍ കൊണ്ടുവന്നിരുന്നു. എന്നാല്‍ ഇവയ്ക്ക് ചെളിയില്‍ ഇറങ്ങാന്‍ കഴിയില്ല. ഒരു ഗന്ധം മാത്രമേ ഇവയ്ക്കു പിടിച്ചെടുക്കാന്‍ കഴിയൂ.
പുത്തുമലയില്‍ ഏഴുപേരെയാണ് ഇനി കണ്ടെത്താനുള്ളത്. പത്തുപേരുടെ മൃതദേഹം കണ്ടെത്തി. 13 മണ്ണുമാന്തി യന്ത്രങ്ങളുടെ സഹായത്തോടെ അഞ്ഞൂറിലേറെപ്പേരാണ് ഇവിടെ തിരച്ചില്‍ നടത്തുന്നത്.
വയനാട്ടില്‍ ഉരുള്‍പൊട്ടലില്‍ മണ്ണിനടിയില്‍ അകപ്പെട്ടവരെ കണ്ടെത്തുന്നതിന് സ്‌കാനര്‍ ലഭ്യമാക്കാന്‍ വയനാട് എം.പി രാഹുല്‍ ഗാന്ധി ദേശീയ ദുരന്ത നിവാരണ സേന ഡയറക്ടര്‍ ജനറല്‍ എസ്.എന്‍ പ്രധാനോട് ആവശ്യപ്പെട്ടിരുന്നു. ഭൂമിക്കടിയിലെ വസ്തുക്കള്‍ റഡാര്‍ സ്പന്ദനം ഉപയോഗിച്ച് കണ്ടെത്തുന്ന ജിയോ ഫിസിക്കല്‍ സംവിധാനമാണ് ഗ്രൗണ്ട് പെനിട്രേറ്റിങ് റഡാര്‍. ഭൂമിക്കടിയിലെ വസ്തുക്കളില്‍ നിന്നുള്ള സിഗ്‌നലുകള്‍ വൈദ്യുതകാന്തിക വികിരണം ഉപയോഗിച്ച് കണ്ടെത്തുകയാണ് ഇതു ചെയ്യുന്നത്.
പാറകള്‍, മണ്ണ്, ഐസ്, ശുദ്ധജലം, തുടങ്ങിയവയിലെല്ലാം ജി.പി.ആര്‍ സംവിധാനം ഉപയോഗിക്കാം. അനുകൂലമായ സാഹചര്യത്തില്‍ ജി.പി.ആര്‍ സംവിധാനം ഉപയോഗിച്ച് ഭൂമിക്കടിയിലെ വിള്ളലുകളും വസ്തുക്കളുടെ മാറ്റവുമെല്ലാം കണ്ടെത്താം. ജി.പി.ആര്‍ ട്രാന്‍സ്മിറ്ററും ആന്റിനയും ഭൗമോപരിതലത്തിലേക്ക് വൈദ്യുതകാന്തിക തരംഗം പ്രസരിപ്പിക്കുകയാണ് ചെയ്യുക. ഇത് ഭൂമിക്കുള്ളിലേക്ക് തുളച്ചുകയറി അതിനുള്ളിലെ വസ്തുക്കളില്‍ തട്ടി തിരിച്ച് ഭൗമോപരിതലത്തിലേക്ക് പ്രതിഫലിക്കുകയാണ് ചെയ്യുന്നത്.
മണ്ണിനടിയില്‍ നിന്ന് അസ്ഥികള്‍ തിരിച്ചറിയാന്‍ ജി.പി.ആര്‍ സംവിധാനം വഴി സാധിക്കും. കഴിഞ്ഞവര്‍ഷം കോഴിക്കോട് കരിഞ്ചോലമലയില്‍ ഉരുള്‍പൊട്ടലില്‍ ഒരു പരിധിവരെ സഹായകരമായിരുന്നു.