പി.സി ജോര്‍ജിനെതിരെ ഗൗരിയമ്മയുടെ മാനനഷ്ടകേസ്
Kerala
പി.സി ജോര്‍ജിനെതിരെ ഗൗരിയമ്മയുടെ മാനനഷ്ടകേസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 21st March 2013, 12:00 pm

ആലപ്പുഴ: ജെ.എസ്.എസ് നേതാവ് കെ.ആര്‍ ഗൗരിയമ്മയെ അസഭ്യം പറഞ്ഞ പി.സി ജോര്‍ജിനെതിരെ 25 കോടി രൂപയുടെ മാനനഷ്ടകേസ് നല്‍കാന്‍ തീരുമാനം. []

ജെ.എസ്.എസ് സംസ്ഥാന സെക്രട്ടറി അഡ്വ.സജിത്താണ് ഇക്കാര്യം മാധ്യമപ്രവര്‍ത്തകരെ അറിയിച്ചത്. പി.സി ജോര്‍ജിനെതിരെ കേസ് നല്‍കുന്ന കാര്യത്തില്‍ തീരുമാനമെടുത്തത് പാര്‍ട്ടിയാണെന്നും അദ്ദേഹം പറഞ്ഞു.പി.സി ജോര്‍ജിനെ ചീഫ് വിപ്പ് സ്ഥാനത്ത് നിന്നും മാറ്റണമെന്ന് ജെ.എസ്.എസ് സംസ്ഥാന കമ്മറ്റി ആവശ്യപ്പെട്ടു.

കെ.ആര്‍ ഗൗരിയമ്മയ്‌ക്കെതിരെ പി.സി ജോര്‍ജ് നടത്തിയ പരാമര്‍ശങ്ങള്‍ ഒരു കാരണവശാലും ക്ഷമിക്കാവുന്നതല്ലെന്നും ഇത്തരത്തിലുള്ള ഒരാളെ മന്ത്രിസഭയുടെ ചീഫ് വിപ്പ് സ്ഥാനത്ത് തുടരാനനുവദിക്കരുതെന്നും ജെ.എസ്.എസ് സംസ്ഥാന സമിതി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടിരുന്നു.

ജോര്‍ജിനെതിരെ മുഖ്യമന്ത്രിക്കും യു.ഡി.എഫ് കണ്‍വീനര്‍ക്കും പരാതി നല്‍കുമെന്നും, അദ്ദേഹത്തിനെതിരെ നടപടിയെടുത്തില്ലെങ്കില്‍ വരുന്ന യു.ഡി.എഫ് യോഗങ്ങളില്‍ പങ്കെടുക്കില്ലെന്നും മുന്നണി വിടുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ആലോചിക്കുമെന്നും ആലപ്പുഴയില്‍ ചേര്‍ന്ന യോഗം അറിയിച്ചിരുന്നു.

സി.പി.ഐ നേതാവ് ടി.വി തോമസിന് വഴി നീളെ മക്കളുള്ളത് തനിക്കറിയാമെന്നും, തോമസിന്റെ പോലെ താന്‍ പെണ്ണുപിടിച്ചിട്ടില്ലെന്നും പി.സി ജോര്‍ജ് ആക്ഷേപിച്ചിരുന്നു.

അദ്ദേഹത്തിന്റെ വീട്ടില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് ജോര്‍ജ് ഇങ്ങിനെ അധിക്ഷേപിച്ചിരുന്നത്.കൂടാതെ ഗൗരിയമ്മയെ കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് തൊണ്ണൂറ്റിയഞ്ച് വയസ് കഴിഞ്ഞിട്ടുള്ള”@$**#” ആണ് തനിക്കെതിരെ പറയുന്നതെന്നായിരുന്നു ജോര്‍ജിന്റെ മറുപടി.

കിഴവിയെന്ന് മാത്രമേ താന്‍ വിളിക്കുകയുള്ളുവെന്നും പി.സി ജോര്‍ജ്ജ് അധിക്ഷേപിച്ചിരുന്നു.

ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് രാഷ്ട്രീയ കേരളത്തില്‍ ഉണ്ടായിരുന്നത്.