| Tuesday, 5th May 2020, 7:07 pm

ഒരു ഹൃദയമില്ലാത്ത സര്‍ക്കാരാണിത്; യെദിയൂരപ്പയ്ക്കുനേരെ കുത്തുവാക്കുകളുമായി ഡി.കെ ശിവകുമാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെംഗലൂരു: കര്‍ണാടകത്തിലെ ബി.ജെ.പി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവും കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷനുമായ ഡി.കെ ശിവകുമാര്‍. സംസ്ഥാനത്തുള്ള കുടിയേറ്റ തൊഴിലാളികള്‍ ദരിദ്രരാണ്. കഴിഞ്ഞ ഒരുമാസമായി ഇവര്‍ക്ക് ശമ്പളവും ലഭിക്കുന്നില്ല. ഒരു ഹൃദയമില്ലാത്ത സര്‍ക്കാരിന് മാത്രമേ ഈ തൊഴിലാളികളില്‍നിന്നും വീണ്ടും പണം ആവശ്യപ്പെടാന്‍ കഴിയൂ എന്നും ഡി.കെ പറഞ്ഞു.

കുടിയേറ്റ തൊഴിലാളികള്‍ക്ക് നല്‍കാനായി പണം കണ്ടെത്തിയത് പാര്‍ട്ടി പ്രവര്‍ത്തകരില്‍നിന്നാണെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനത്തെ കുടിയേറ്റ തൊഴിലാളികളുടെ പ്രശ്‌നം സോണിയാ ജിയെയും രാഹുല്‍ജിയെയും അറിയിച്ചു. അവരാണ് പണം നല്‍കാമെന്ന ആശയം മുന്നോട്ടുവെച്ചതെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് ഡി.കെ ഇക്കാര്യങ്ങള്‍ പങ്കുവെച്ചത്.

കോണ്‍ഗ്രസ് നല്‍കിയ ചെക്ക് വ്യാജമാണെന്ന് പറഞ്ഞ റവന്യൂ മന്ത്രി പി അശോകയ്ക്ക് രാഷ്ട്രീയ പക്വതയില്ലെന്നും അദ്ദേഹം ആരോപിച്ചു.

മറ്റ് സംസ്ഥാനങ്ങളില്‍ കുടുങ്ങി കിടക്കുന്ന കര്‍ണാടകക്കാര്‍ക്കുള്ള യാത്രാ ചെലവ് നല്‍കാം എന്നാണ് കര്‍ണാടക കോണ്‍ഗ്രസ് നല്‍കിയിരിക്കുന്ന മറ്റൊരു വാഗ്ദാനം.

മറ്റ് സംസ്ഥാനങ്ങളില്‍ കുടുങ്ങി കിടക്കുന്ന കര്‍ണാടകക്കാര്‍ക്കുള്ള ട്രെയിന്‍ യാത്രാ ചെലവ് നല്‍കാം എന്ന് ചീഫ് സെക്രട്ടറി ടി.എം വിജയിന് കര്‍ണാടക കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ ഡി.കെ ശിവകുമാര്‍ കത്ത് നല്‍കിയെന്ന് പാര്‍ട്ടി വക്താവ് രവി ഗൗഡ പറഞ്ഞു. അതിഥി തൊഴിലാളികള്‍ക്ക് നല്‍കുന്ന പരിഗണന മറ്റ് സംസ്ഥാനങ്ങളില്‍ കുടുങ്ങി കിടക്കുന്ന കര്‍ണാടകക്കാര്‍ക്കും നല്‍കണമെന്നും ആവശ്യപ്പെട്ടുവെന്ന് രവി ഗൗഡ പറഞ്ഞു.

രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ കഴിഞ്ഞ നാല്‍പത് ദിവസമായി കുടുങ്ങിക്കിടക്കുന്ന കര്‍ണാടകത്തില്‍ നിന്നുള്ളവര്‍ക്ക് പ്രത്യേക ട്രെയിനുകള്‍ ഏര്‍പ്പാടാക്കണമെന്ന് ഡി.കെ ശിവകുമാര്‍ ആവശ്യപ്പെട്ടിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.

We use cookies to give you the best possible experience. Learn more