ന്യൂദല്‍ഹി: മുന്നാക്ക ജാതിയില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് പത്തു ശതമാനം സംവരണം നല്‍കാനുള്ള തീരുമാനത്തിനു പിന്നിലെ നടപടി ക്രമങ്ങള്‍ പുറത്തു വിടാന്‍ തയ്യാറാകാതെ കേന്ദ്ര സര്‍ക്കാര്‍. മുന്നാക്ക ജാതി സംവരണത്തിന് പിന്നിലെ നടപടിക്രമങ്ങള്‍ വ്യക്തമാവണമെന്നാവശ്യപ്പെട്ട് നല്‍കിയ വിവരാവകാശ രേഖ കേന്ദ്രം തള്ളി.
മുന്നാക്ക ജാതി സംവരണ ബില്‍ രൂപപ്പെടുത്തുന്നതിന്റെ ഭാഗമായി നടന്ന ക്യാബിനറ്റ് ചര്‍ച്ചകളുടെ പകര്‍പ്പുകളും വിഷയത്തിലെ പ്രധാനമന്ത്രിയുടെ കാര്യാലയത്തിന്റെ ഇടപെടലിനെക്കുറിച്ചുള്ള വിവരങ്ങളും ആവശ്യപ്പെട്ട് കോമണ്‍വെല്‍ത്ത് ഹ്യൂമന്‍ റൈറ്റ്‌സ് ഇനിഷ്യേറ്റീവ് എന്ന എന്‍.ജി.ഒയുടെ പ്രോഗ്രാം കോര്‍ഡിനേറ്ററായ വെങ്കടേഷ് നായക് നല്‍കിയ വിവരാവകാശ രേഖയാണ് കേന്ദ്രം തള്ളിയത്.
മന്ത്രിമാര്‍ തമ്മിലുള്ള ചര്‍ച്ചയും ക്യാബിനറ്റ് രേഖകളുടെ സൂക്ഷിപ്പുകളും വിവരാവകാശ നിയമത്തിനു കീഴില്‍ വരില്ലെന്ന സെക്ഷന്‍ 8 ചൂണ്ടിക്കാട്ടിയാണ് കേന്ദ്രം വിവരാവകാശ അപേക്ഷ നിരാകരിച്ചത്.
എന്നാല്‍ ക്യാബിറ്റ് ചര്‍ച്ചകളുടെ പകര്‍പ്പുകള്‍ അതാത് ചര്‍ച്ചകള്‍ക്ക് അന്തിമതീരുമാനമായ ശേഷം പൊതു ജനങ്ങള്‍ക്ക് കൈമാറാം എന്നും സെക്ഷന്‍ 8ല്‍ പറയുന്നുണ്ട്.
മുന്നാക്ക ജാതി സംവരണത്തെ സംബന്ധിച്ച് കേന്ദ്ര സാമൂഹ്യ നീതി വകുപ്പിന്റെ വെബ്‌സൈറ്റില്‍ പത്രക്കുറിപ്പു പോലുമില്ലെന്നും, വിവരങ്ങള്‍ തരാന്‍ നിര്‍വാഹമില്ലെന്ന് പറയാന്‍ കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടു വെക്കുന്ന സെക്ഷന്‍ 8 അനുസരിച്ച് തന്നെ തനിക്ക് ഈ വിവരങ്ങള്‍ ലഭിക്കാനുള്ള അധികാരമുണ്ടെന്നും നായക് പറഞ്ഞതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ടു ചെയ്യുന്നു. മുന്നാക്ക ജാതി സംവരണത്തിന് അന്തിമ തീരുമാനമായതാണെന്നും അത് നിയമായെന്നും അതിനാല്‍ തനിക്ക് വിവരങ്ങള്‍ ലഭിക്കുന്നതിന് തടസ്സമില്ലെന്നായിരുന്നു നായകിന്റെ ന്യായീകരണം.
“10 ശതമാനം സംവരണം എന്നത് നടപ്പിലാക്കി കഴിഞ്ഞു. എന്നാല്‍ ഇതിന് ഇനിയും തീരുമാനമായിട്ടില്ലെന്നാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ കരുതുന്നത്”- നായക് പറഞ്ഞു.