2019 ആകുമ്പോഴേക്കും എല്ലാവര്‍ക്കും ശൗചാലയം എന്ന മോദിയുടെ വാഗ്ദാനം ഒരിക്കലും നടക്കാത്തതെന്ന് പഠന റിപ്പോര്‍ട്ട്
Daily News
2019 ആകുമ്പോഴേക്കും എല്ലാവര്‍ക്കും ശൗചാലയം എന്ന മോദിയുടെ വാഗ്ദാനം ഒരിക്കലും നടക്കാത്തതെന്ന് പഠന റിപ്പോര്‍ട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 1st October 2016, 10:25 am

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മണ്ഡലമായ വാരാണസിയില്‍ കേന്ദ്രസര്‍ക്കാര്‍ പദ്ധതിയിട്ടതനുസരിച്ചുള്ള 2.3 ലക്ഷം ശൗചാലയങ്ങള്‍ നിര്‍മ്മിക്കണമെങ്കില്‍ 32 വര്‍ഷമെങ്കിലുമെടുക്കുമെന്ന് പഠനം. 2019 ഒക്ടോബറാകുമ്പോഴേക്കും 2.3 ലക്ഷം ടോയ്‌ലറ്റ് നിര്‍മ്മിക്കുമെന്നായിരുന്നു കേന്ദ്രസര്‍ക്കാറിന്റെ അവകാശവാദം.

ദല്‍ഹി കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് എന്‍വിയോണ്‍മെന്റ് നടത്തിയ പഠനത്തിലാണ് കേന്ദ്രസര്‍ക്കാര്‍ അവകാശവാദം ഒരിക്കലും നടക്കാത്ത ഒന്നാണെന്നു കണ്ടെത്തിയിരിക്കുന്നത്.

രാജ്യമെമ്പാടും 823 ലക്ഷം ശൗചാലയങ്ങളാണ് നിര്‍മ്മിക്കാനുള്ളത്. ഈ ലക്ഷ്യം പൂര്‍ത്തീകരിക്കാന്‍ മാസം 23 ലക്ഷം ടോയ്‌ലറ്റെങ്കിലും നിര്‍മ്മിക്കണം. ഓരോ മിനിറ്റിലും 56 ശൗചാലയങ്ങള്‍ നിര്‍മ്മിച്ചെങ്കില്‍ മാത്രമേ ഇതു സാധ്യമാകൂവെന്നും പഠനം പറയുന്നു.

ഡൗണ്‍ ടു ഏര്‍ത്ത് എന്ന ഹിന്ദി മാസികയുടെ ആദ്യപ്രതിയിലാണ് ഈ പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. കേന്ദ്രമന്ത്രിമാരും മുഖ്യമന്ത്രിമാരും പ്രതിപക്ഷ നേതാക്കന്മാരും മറ്റും അവരുടെ മണ്ഡലങ്ങളില്‍ ശൗചാലയങ്ങള്‍ നിര്‍മ്മിച്ച കണക്കുകള്‍ പരിശോധിച്ചാണ് ഇവര്‍ ഇത്തരമൊരു നിഗമനത്തിലെത്തിയത്.

2019 ഒക്ടോബര്‍ രണ്ടിന് ഇന്ത്യയിലെ എല്ലാ പൗരന്മാര്‍ക്കും ശൗചാലയം എന്നതായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി ഭരണത്തിന്റെ ഒന്നാം വാര്‍ഷികത്തില്‍ വാഗ്ദാനം നല്‍കിയത്. എന്നാല്‍ കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ വാരാണസിയില്‍ 7,327 ശൗചാലയങ്ങള്‍ മാത്രമാണ് നിര്‍മ്മിച്ചത്. 2,34,489 ശൗചാലങ്ങളാണ് 2019 ഒക്ടോബര്‍ ആകുമ്പോഴേക്കും ഇവിടെ നിര്‍മ്മിക്കേണ്ടത്.

ഒരു ലക്ഷത്തി എണ്‍പതിനായിരത്തിലേറെ ശൗചാലയങ്ങളാണ് ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്ങിന്റെ മണ്ഡലത്തില്‍ നിര്‍മ്മിക്കേണ്ടത്. എന്നാല്‍ 5,332 എണ്ണം മാത്രമാണ് ഇതുവരെ നിര്‍മ്മിച്ചിരിക്കുന്നത്. ഈ നിലയ്ക്കു പോകുകയാണെങ്കില്‍ രാജ്‌നാഥ് സിങ് ടാര്‍ഗറ്റ് പൂര്‍ത്തിയാക്കണമെങ്കില് 2051 ആകുമെന്നും പഠനം പറയുന്നു.