റാഞ്ചി: അസമില്‍ മാത്രമല്ല, രാജ്യത്തെമ്പാടും ദേശീയ പൗരത്വ രജിസ്റ്റര്‍ (എന്‍.ആര്‍.സി) നടപ്പാക്കുമെന്ന പ്രഖ്യാപനവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. രാജ്യത്തെ എല്ലാ പൗരന്മാരുടെയും വിവരങ്ങളടങ്ങിയ സമഗ്രമായ പൗരത്വ രജിസ്റ്റര്‍ തയ്യാറാക്കാന്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്നുവെന്നും ഷാ വ്യക്തമാക്കി.
ജാര്‍ഖണ്ഡിലെ റാഞ്ചിയില്‍ ഹിന്ദുസ്ഥാന്‍ ടൈംസ് ദിനപത്രം സംഘടിപ്പിച്ച ‘ഹിന്ദുസ്ഥാന്‍ പൂര്‍വോദയ 2019’ എന്ന പരിപാടിയില്‍ വെച്ചായിരുന്നു ഷായുടെ പ്രഖ്യാപനം.
കൃത്യമായ പൗരത്വ രേഖകളുള്ളവരെ മാത്രമേ രാജ്യത്തെ പൗരന്മാരായി അംഗീകരിക്കൂവെന്നും ഷാ പറഞ്ഞു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
‘ഒരു ഇന്ത്യക്കാരന് അനധികൃതമായി യു.എസിലും റഷ്യയിലും ബ്രിട്ടനിലും ജീവിക്കാന്‍ കഴിയുമോ? അങ്ങനെയാണെങ്കില്‍ എങ്ങനെയാണ് മറ്റു രാജ്യക്കാര്‍ക്ക് ഇന്ത്യയില്‍ നിയമം അനുവദിച്ച രേഖകളില്ലാതെ ജീവിക്കാനാവുന്നത്?
അതുകൊണ്ടാണ് ദേശീയ പൗരത്വ രജിസ്റ്റര്‍ രാജ്യത്തെമ്പാടും നടപ്പാക്കണമെന്നു ഞാന്‍ വിശ്വസിക്കുന്നത്.’- അദ്ദേഹം പറഞ്ഞു. അസമില്‍ മാത്രം നടപ്പാക്കിയതുകൊണ്ട് അത് അസം പൗരത്വ രജിസ്റ്റര്‍ അല്ലെന്നും ഷാ പറഞ്ഞു.
‘എന്‍.ആര്‍.സി രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലേക്കു വ്യാപിപ്പിച്ചുകൊണ്ട് ഒരു ദേശീയ പൗരത്വ രജിസ്റ്ററുണ്ടാക്കും. അത് രാജ്യത്തെ എല്ലാ പൗരന്മാരെയും ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള ഒരു പട്ടികയാവും. അത് എന്‍.ആര്‍.സിയാവും, മറിച്ച് അസം പൗരത്വ രജിസ്റ്ററാവില്ല.’- ഷാ പറഞ്ഞു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
കഴിഞ്ഞ മാസം പ്രസിദ്ധീകരിച്ച അസം പൗരത്വപട്ടികയില്‍ നിന്നും പത്തൊമ്പത് ലക്ഷം പേരാണ് പുറത്തായത്. തങ്ങളുടെ പേരുകള്‍ ഉള്‍പ്പെടുത്താനും പരാതികള്‍ നല്‍കാനുമായി ഇവര്‍ക്ക് 120 ദിവസത്തെ സമയമാണ് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ നല്‍കിയിരിക്കുന്നത്.