സ്വാശ്രയ മെഡിക്കല്‍ കോളേജ് പ്രവേശനത്തില്‍ സര്‍ക്കാര്‍ ഉറപ്പില്‍ ബാങ്കുകള്‍ ഗ്യാരണ്ടി നല്‍കും
Kerala
സ്വാശ്രയ മെഡിക്കല്‍ കോളേജ് പ്രവേശനത്തില്‍ സര്‍ക്കാര്‍ ഉറപ്പില്‍ ബാങ്കുകള്‍ ഗ്യാരണ്ടി നല്‍കും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 30th August 2017, 8:34 pm

 

തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ കോളേജുകളില്‍ പ്രവേശനം ലഭിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് 6 ലക്ഷം രൂപയുടെ ബാങ്ക് ഗ്യാരണ്ടി നല്‍കാന്‍ തീരുമാനം. സെപ്തംബര്‍ 5 മുതല്‍ ബാങ്ക് ഗ്യാരണ്ടി നല്‍കിത്തുടങ്ങും. 6 മാസമാണ് ബാങ്ക് ഗ്യാരണ്ടി കാലാവധി.

പ്രവേശനം ലഭിച്ചുവെന്ന് കോളേജ് അധികാരികളോ പരീക്ഷാ കമ്മീഷണറോ സാക്ഷ്യപ്പെടുത്തുന്ന രേഖ സഹിതമാണ് ബാങ്കില്‍ അപേക്ഷ നല്‍കേണ്ടത്. ദാരിദ്ര്യ രേഖയ്ക്ക് താഴെയുളളവര്‍ക്കും പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്കും മത്സ്യബന്ധനം, കയര്‍, കശുവണ്ടി, കൈത്തറി തുടങ്ങിയ പരമ്പരാഗത തൊഴിലാളി കുടുംബങ്ങളിലുളള വിദ്യാര്‍ത്ഥികള്‍ക്കും ബാങ്കുകള്‍ ഗ്യാരണ്ടി കമ്മീഷന്‍ ഈടാക്കുന്നതല്ലെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.


Also Read: വിവാഹബന്ധം ഒഴിയാന്‍ അമൃതാനന്ദമയി നിര്‍ദേശിച്ചു; ബന്ധം ഒഴിയാന്‍ തയ്യാറാവാതിരുന്ന യുവതിയ്ക്ക് ഭര്‍ത്താവിന്റെ ക്രൂരമര്‍ദ്ദനം


സ്വാശ്രയ മെഡിക്കല്‍ കോളേജിലെ പ്രിന്‍സിപ്പലിനാണ് ഗ്യാരണ്ടി നല്‍കുക. കൊളാറ്ററല്‍ സെക്യൂരിറ്റി ഇല്ലാതെ മൂന്നാം കക്ഷിയുടെ വ്യക്തിഗത ഗ്യാരണ്ടിയുടെ അടിസ്ഥാനത്തിലാണ് വിദ്യാര്‍ഥികള്‍ക്ക് ബാങ്ക് ഗ്യാരണ്ടി നല്‍കുക.

വ്യക്തിഗത ഗ്യാരണ്ടിക്ക് പുറമെ സര്‍ക്കാര്‍ ഗ്യാരണ്ടിയും നല്‍കും. സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ ബാങ്കുകളുടെ പ്രതിനിധികളുമായി സര്‍ക്കാര്‍ നടത്തിയ ചര്‍ച്ചയിലാണ് ഗ്യാരണ്ടിയുടെ കാര്യത്തില്‍ തീരുമാനമായത്.