| Thursday, 22nd October 2020, 1:29 pm

ജമ്മു കശ്മീരിലെ 'ലേ' നഗരം ചൈനയുടെ ഭാഗമാക്കി ട്വിറ്റര്‍; രൂക്ഷവിമര്‍ശനവുമായി കേന്ദ്ര സര്‍ക്കാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ജമ്മു കശ്മീരിന്റെ ഭാഗമായ ലേ നഗരത്തെ ചൈനയുടെ ഭാഗമെന്ന് രേഖപ്പെടുത്തിയ ട്വിറ്റര്‍ ലൊക്കേഷന്‍ സര്‍വ്വീസിനെതിരെ വിമര്‍ശവുമായി കേന്ദ്ര സര്‍ക്കാര്‍. സംഭവവുമായി ബന്ധപ്പെട്ട് ട്വിറ്റര്‍ സി.ഇ.ഒ ജാക്ക് ഡോര്‍സിയ്ക്ക് കേന്ദ്രം കത്തയച്ചു.

ഇന്ത്യയുടെ പരമാധികാരത്തെയും അഖണ്ഡതയെയും ബഹുമാനിക്കുന്നില്ലെന്നതിന്റെ ഉദാഹരണമാണ് ട്വിറ്ററിന്റെ ഈ നടപടി. രാജ്യത്തെ ദേശീയ വികാരത്തെ ട്വിറ്റര്‍ മാനിക്കണമെന്ന് കത്തില്‍ പറയുന്നു.

കേന്ദ്രഭരണ പ്രദേശമായ ലഡാക്കിന്റെ ആസ്ഥാനമാണ് ലേ. ലഡാക്ക്, ജമ്മു കശ്മീര്‍ എന്നിവ ഇന്ത്യയുടെ അവിഭാജ്യ ഭാഗങ്ങളാണെന്നും കത്തില്‍ പറയുന്നു.

ഇനിയും ഇത്തരത്തില്‍ രാജ്യത്തിന്റെ പരമാധികാരത്തെ ബാധിക്കുന്ന രീതിയില്‍ പെരുമാറിയാല്‍ കര്‍ശന നടപടിയിലേക്ക് കടക്കുമെന്നും കത്തില്‍ പറയുന്നു.

ഇക്കഴിഞ്ഞ ദിവസം ദേശീയ സുരക്ഷ അനലിസ്റ്റ് നിതിന്‍ ഗോഖലെ ലേ എയര്‍പോര്‍ട്ടിന് സമീപത്ത് നിന്നെടുത്ത വീഡിയോയാണ് ഈ വിവാദങ്ങള്‍ക്ക് തുടക്കമിട്ടത്. അദ്ദേഹമെടുത്ത വീഡിയോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരുന്നു.

ഈ പ്രദേശം ചൈനയിലെ സ്ഥലമാണെന്നാണ് ട്വിറ്റര്‍ ലൊക്കേഷന്‍ സര്‍വ്വീസില്‍ രേഖപ്പെടുത്തിയത്. ഇതോടെ നിരവധി പേര്‍ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.

ഒബ്‌സര്‍വര്‍ റിസര്‍ച്ച് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ കഞ്ചന്‍ ഗുപ്ത ഇത് കണ്ടെത്തിയതോടെയാണ് കേന്ദ്ര സര്‍ക്കാരും വിഷയത്തില്‍ നേരിട്ട് ഇടപെട്ടത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,പേജുകളിലൂടെയും വാട്സാപ്പിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlights: Union Govt Warns Twitter

We use cookies to give you the best possible experience. Learn more