| Saturday, 16th May 2020, 10:43 pm

മഹാമാരിയെ രാജ്യത്തിന്റെ പൊതുസ്വത്ത് കൊള്ളയടിക്കാനുള്ള ആയുധമാക്കി മാറ്റുകയാണ് മോദി സര്‍ക്കാര്‍'; കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് സീതാറാം യെച്ചൂരി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: രാജ്യം കൊവിഡ് പ്രതിസന്ധിയിലൂടെ കടന്നുപോയിക്കൊണ്ടിരിക്കെ സമ്പന്നരുടെ അജണ്ട അടിച്ചേല്‍പ്പിക്കാനുള്ള ശ്രമമാണ് കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്നതെന്ന് സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കൊറോണയെ രാജ്യത്തിന്റെ പൊതുസ്വത്ത് സ്വകാര്യ വല്‍ക്കരിക്കാനുള്ള ഉപാധിയായി മാറ്റിയിരിക്കുകയാണെന്നാണ് യെച്ചൂരിയുടെ വിമര്‍ശനം.

സമ്പന്നരുടെ അജണ്ട അടിച്ചേല്‍പ്പിക്കാനുള്ള ഉപാധിയായിട്ടാണ് കേന്ദ്രസര്‍ക്കാര്‍ മഹാമാരിയെ കാണുന്നത്. കൂടുതല്‍ ലാഭം കൊയ്യാനായി വിദേശ-ആഭ്യന്തര മൂലധനത്തിന്റെ അജണ്ട ഏകപക്ഷീയമായി നടപ്പിലാക്കാന്‍ കൊവിഡ് കാലത്ത് നടത്തുന്ന നീക്കം മനുഷ്യത്വരഹിതമാണ്. രാജ്യത്തിന്റെ പൊതുസ്വത്ത് കൊള്ളയടിച്ച് സ്വാശ്രയത്തെ നശിപ്പിക്കുകയാണ് അവര്‍’, സീതാറാം യെച്ചൂരി ട്വീറ്റ് ചെയ്തു.

ലോക്ഡൗണ്‍ സമയത്ത് പൊതുജനാരോഗ്യത്തെ ശക്തിപ്പെടുത്താനായി സര്‍ക്കാര്‍ എന്ത് ചെയ്‌തെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. കുറഞ്ഞത് ഇന്ത്യയുടെ 140 ദശലക്ഷം തൊഴിലവസരങ്ങള്‍ക്കും ജീവനുകള്‍ക്കും വേണ്ടി ചെയ്തതെങ്കിലുമെന്നും യെച്ചൂരി പറഞ്ഞു.

ശനിയാഴ്ച അതിഥി തൊഴിലാളികളുടെ മരണത്തിലേക്ക് നയിച്ച അപകടങ്ങളുടെ ഉത്തരവാദിത്വം നരേന്ദ്രമോദി സര്‍ക്കാരിനാണെന്ന് ആരോപിച്ച യെച്ചൂരി, മോദി സര്‍ക്കാരിന്റെ പിടിപ്പുകേടാണ് സംഭവത്തിന് പിന്നിലെന്നും കുറ്റപ്പെടുത്തി.

വഴിയരികില്‍ ജീവന്‍ നഷ്ടപ്പെട്ടവരെ ഓര്‍മ്മിക്കാനുള്ള മര്യാദയും മാനവികതയും ഒരു മന്ത്രിപോലും കാണിച്ചില്ല. അതേസമയം, നിരന്തരമുള്ള പൊള്ളവാഗ്ദാനങ്ങളില്‍ മുഴുകുകയായിരുന്നു അവരെന്നും അദ്ദേഹം പറഞ്ഞു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

We use cookies to give you the best possible experience. Learn more