| Tuesday, 17th September 2019, 11:05 pm

'ഫാറൂഖ് അബ്ദുള്ളയെ തടവിലാക്കി രാഷ്ട്രീയ ശൂന്യത സൃഷ്ടിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്'; മുഴുവന്‍ നേതാക്കളെയും മോചിപ്പിക്കണമെന്നും രാഹുല്‍ ഗാന്ധി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കശ്മീരില്‍ ഫാറൂഖ് അബ്ദുള്ളയെ പോലുള്ള ദേശീയ നേതാക്കളെ തടവിലാക്കി രാഷ്ട്രീയ ശൂന്യത സൃഷ്ടിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഈ ശൂന്യത മുതലെടുക്കുക ഭീകരരാണെന്നും രാഹുല്‍ പറഞ്ഞു.

ഫാറൂഖ് അബ്ദുള്ളയെ ഉടന്‍ മോചിപ്പിക്കണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. ഭീകരവാദം വഴി ഇന്ത്യയെ മുഴുവനായി വിഭജിച്ചുനിര്‍ത്താനുള്ള രാഷ്ട്രീയ ആയുധമായി കശ്മീരിനെ ചിലര്‍ മാറ്റുമെന്നും രാഹുല്‍ പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

കശ്മീരില്‍ ഭീകരവാദികള്‍ക്ക് ഇടം നല്‍കുന്ന തരത്തിലുള്ള നീക്കം സര്‍ക്കാര്‍ ഉപേക്ഷിക്കണമെന്നും തടവിലാക്കിയ മുഴുവന്‍ നേതാക്കളെയും മോചിപ്പിക്കണമെന്നും രാഹുല്‍ ട്വീറ്റ് ചെയ്തു.

കഴിഞ്ഞ ദിവസമാണ് ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും ലോക്‌സഭാ അംഗവും നാഷനല്‍ കോണ്‍ഫറന്‍സ് നേതാവുമായ ഫാറൂഖ് അബ്ദുള്ളക്കെതിരെ ജമ്മു കശ്മീരിന്റെ പൊതു സുരക്ഷാ നിയമം (പി.എസ്.എ) ചുമത്തിയത്. ഭീകരര്‍ക്കും തീവ്രവാദികള്‍ക്കും മേല്‍ ചുമത്താറുള്ള നിയമമാണിത്. ഫാറൂഖ് അബ്ദുള്ളയുടെ ശ്രീനഗര്‍ ഗുപ്കര്‍ റോഡിലെ വസതി ജയിലായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഫാറൂഖ് അബ്ദുള്ളയുടെ പ്രസംഗങ്ങളും നിലപാടുകളും പൊതുസുരക്ഷയ്ക്ക് ഭീഷണിയാണെന്ന് കശ്മീര്‍ പൊലീസ് അറിയിച്ചതോടെയാണ് അദ്ദേഹത്തിനെതിരെ പി.എസ്.എ ചുമത്തി വീട്ടുതടങ്കലിലാക്കിയത്.

ഫാറൂഖ് അബ്ദുള്ളക്കുമേല്‍ പി.എസ്.എ ചുമത്തിയതിനെതിരെ വ്യാപക പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. പി.എസ്.എ ചുമത്തപ്പെടുന്ന ആദ്യത്തെ പ്രമുഖ നേതാവും എം.പിയുമാണ് ഫാറൂഖ് അബ്ദുള്ള.

ഒരു വ്യക്തിയെ വിചാരണ കൂടാതെ രണ്ട് വര്‍ഷം വരെ തടങ്കലില്‍ വയ്ക്കാന്‍ സര്‍ക്കാരിനെ അനുവദിക്കുന്നതാണ് ഈ നിയമം. ഫാറൂഖ് അബ്ദുള്ളയുടെ പിതാവായ ഷെയ്ഖ് അബ്ദുല്ലയുടെ ഭരണകാലത്താണ് ഈ നിയമം ആദ്യമായി കശ്മീരില്‍ നടപ്പാക്കിയത്.

We use cookies to give you the best possible experience. Learn more