ഭക്ഷ്യസുരക്ഷാബില്‍ മാനദണ്ഡങ്ങള്‍ എടുത്തുമാറ്റണമെന്ന് കേന്ദ്രസര്‍ക്കാര്‍
India
ഭക്ഷ്യസുരക്ഷാബില്‍ മാനദണ്ഡങ്ങള്‍ എടുത്തുമാറ്റണമെന്ന് കേന്ദ്രസര്‍ക്കാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 19th July 2012, 4:30 pm

ന്യൂദല്‍ഹി: ഭക്ഷ്യസുരക്ഷാബില്ലിന്റെ മാനദണ്ഡങ്ങള്‍ എടുത്തുമാറ്റാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നു. എ.പി.എല്‍, ബി.പി.എല്‍ വര്‍ഗീകരണം ഒഴിവാക്കി രാജ്യത്തെ 67 ശതമാനം ജനങ്ങളെയും ബില്ലിന്റെ പരിധിയില്‍ കൊണ്ടുവരാനാണ് സര്‍ക്കാര്‍ നീക്കം.

ഭക്ഷ്യസുരക്ഷാബില്ലുമായി ബന്ധപ്പെട്ട പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ ഉയര്‍ന്നുവന്നത്.[]

രാജ്യത്തെ 33 ശതമാനം ആളുകളെ ബില്ലിന്റെ പരിധിയില്‍ നിന്നും ഒഴിവാക്കും. എന്നാല്‍ നിലവില്‍ സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്ന ഭക്ഷ്യധാന്യത്തിന്റെ വിഹിതത്തില്‍ കുറവു വരുത്തില്ലെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. ഇപ്പോള്‍ രൂപീകരിച്ചിരിക്കുന്ന ഭക്ഷ്യസുരക്ഷാ ബില്ലില്‍ എ.പി.എല്‍, ബി.പി.എല്‍ വിഭാഗക്കാര്‍ക്ക് നല്‍കുന്ന സബ്‌സിഡിയില്‍ വ്യത്യാസമുണ്ട്.

ഭക്ഷ്യസുരക്ഷാബില്ലിന്റെ മാനദണ്ഡങ്ങള്‍ എടുത്തുമാറ്റുക വഴി ഒരാള്‍ക്ക് മാസത്തില്‍ അഞ്ച് കിലോ ധാന്യം നല്‍കുവാനാണ് തീരുമാനം. കോണ്‍ഗ്രസിതര സര്‍ക്കാരുകള്‍ ഭരിക്കുന്ന ബീഹാര്‍, കര്‍ണ്ണാടക, ഉത്തര്‍പ്രേദേശ്, പശ്ചിമ ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങള്‍ക്കുള്ള വിഹിതം വര്‍ദ്ധിപ്പിക്കാനും കേന്ദ്രം ആലോചിക്കുന്നുണ്ട്.