| Thursday, 5th April 2018, 9:48 pm

ഒരു റിസ്‌ക് ആണ് സര്‍ക്കാര്‍ എടുത്തത്; മെഡിക്കല്‍ കോളേജ് വിഷയത്തില്‍ കോടതിയെ വെല്ലുവിളിക്കാനില്ലെന്നും മുഖ്യമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: കരുണ-കണ്ണൂര്‍ മെഡിക്കല്‍ കോളേജുകളിലെ ചട്ടവിരുദ്ധ പ്രവേശനവുമായി ബന്ധപ്പെട്ട വിധിയില്‍ സുപ്രീം കോടതിയുമായി ഏറ്റുമുട്ടാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കുട്ടികളുടെ ഭാവി അനിശ്ചിതത്വത്തിലാവുമെന്ന് കരുതിയാണ് സര്‍ക്കാര്‍ നിലപാടെടുത്തതെന്നും ഇത് ചെയ്തില്ലായിരുന്നെങ്കില്‍ സര്‍ക്കാരിനെതിരെ കുറ്റപ്പെടുത്തലുണ്ടാവുമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. എറണാകുളം ജനറല്‍ ആശുപത്രി സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്കിന് തറക്കല്ലിട്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

“വിധിയില്‍ കോടതിയുമായി മത്സരത്തിനില്ല. കുറേ കുട്ടികളുടെ ഭാവി അനിശ്ചിതത്വത്തിലാവുമെന്ന നില വന്നു. അവരുടെ ഭാവി സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് രക്ഷിതാക്കളും പൊതുജനങ്ങളും ആവശ്യപ്പെട്ടു. ഇത് ചെയ്തില്ലായിരുന്നെങ്കില്‍ സര്‍ക്കാര്‍ ഇടപെട്ടില്ല എന്ന കുറ്റപ്പെടുത്തലുണ്ടാവുമായിരുന്നു. ഒരു “റിസ്‌ക്” ആണ് സര്‍ക്കാര്‍ എടുത്തത്. പക്ഷേ പ്രവേശനം റദ്ദാക്കണമെന്നാണ് കോടതി നിലപാട്. ഇനി എന്ത് ചെയ്യണമെന്ന് സര്‍ക്കാര്‍ ആലോചിക്കും. കോടതിയെ വെല്ലുവിളിക്കാനില്ല.” – മുഖ്യമന്ത്രി പറഞ്ഞു.


Read Also: ‘സഭയില്‍ നിന്ന് വിട്ടു നിന്നു, വോട്ട് ചെയ്തിട്ടില്ല’; മെഡിക്കല്‍ കോളജ് വിവാദത്തില്‍ വ്യക്തത വരുത്തി വി.ടി ബല്‍റാം


കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളേജുകളിലെ ചട്ടവിരുദ്ധ വിദ്യാര്‍ത്ഥി പ്രവേശനത്തില്‍ സുപ്രീംകോടതി വിമര്‍ശനം നിലനില്‍ക്കെ സര്‍ക്കാര്‍ കഴിഞ്ഞ ദിവസം ഇത് മറികടക്കാന്‍ ഓര്‍ഡിനന്‍സ് പാസാക്കിയിരുന്നു. എന്നാല്‍ ഈ ഓര്‍ഡിനന്‍സ് പിന്നീട് സുപ്രീം കോടതി കോടതി സ്റ്റേ ചെയ്തു. സര്‍ക്കാരും പ്രതിപക്ഷവും ഒന്നിച്ച് നിന്ന് കഴിഞ്ഞ ദിവസമായിരുന്നു ബില്‍ പാസാക്കിയത്. വി.ടി ബല്‍റാം മാത്രമായിരുന്നു കഴിഞ്ഞ ദിവസം ബില്ലിനെതിരെ രംഗത്തു വന്നിരുന്നത്.

കേരള നജ്വത്തുല്‍ മുജാഹീദീന്റെ കീഴിലാണ് കരുണ മെഡിക്കല്‍ കോളേജ്. കെ.എന്‍.എം സംസ്ഥാന ജനറല്‍ സെക്രട്ടറി പി.പി ഉണ്ണീന്‍കുട്ടി മൗലവിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലാണ് കോളജിന്റെ പ്രവര്‍ത്തനം. ഈ കോളേജിലെ 31 വിദ്യാര്‍ത്ഥികളുടെ പ്രവേശനമാണ് മന്ത്രിസഭാ ഓര്‍ഡിനന്‍സിലൂടെ സാധുവാക്കിയത്. വന്‍ തുകയാണ് മാനേജ്മെന്റ് പ്രവേശനത്തിന് തലവരിപ്പണമായി വാങ്ങിയത്. പ്രതിവര്‍ഷം 10 ലക്ഷം രൂപ മാത്രമേ വാങ്ങാന്‍ പാടുള്ളുവെന്നിരിക്കെ 45 ലക്ഷം രൂപ വരെ തലവരിപ്പണമായി മാനേജ്‌മെന്റ് വാങ്ങിയിട്ടുണ്ടെന്നാണ് രേഖകള്‍. മാനേജ്മെന്റിനെയും സംഘടനയുടെയും താല്‍പര്യങ്ങള്‍ സംരക്ഷിക്കാനാണ് മന്ത്രിസഭാ ഓര്‍ഡിനന്‍സ് എന്നാണ് ആരോപണം.


Read Also: ഐ.പി.എല്‍ 2018: ഒന്നാമങ്കത്തില്‍ നീലപ്പടയെ തളയ്ക്കാന്‍ ധോണി ഇറങ്ങുക ഈ ടീമുമായി; ചെന്നൈയുടെ സാധ്യതാ ടീം ഇങ്ങനെ


അതേസമയം, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ(എ.പി വിഭാഗം) ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി.അബൂബക്കര്‍ മുസ്ലിയാരാണ് കണ്ണൂര്‍ മെഡിക്കല്‍ കോളേജിരിക്കുന്ന സ്ഥലം കൈമാറിയത്. കറപ്പത്തോട്ടമായിരുന്ന സ്ഥലം ഭൂമികൈമാറ്റ നിയമം ലംഘിച്ചാണ് കാന്തപുരം വാങ്ങിയതും കൈമാറ്റം ചെയ്തതെന്നും ആരോപണമുണ്ടായിരുന്നു. 137 വിദ്യാര്‍ത്ഥികളുടെ അഡ്മിഷനാണ് ഇവിടെ ഓര്‍ഡിനന്‍സ് വഴി സാധുവാക്കിയെടുത്തത്.

Latest Stories

We use cookies to give you the best possible experience. Learn more