| Saturday, 24th August 2019, 11:28 pm

കശ്മീരില്‍ സെപ്റ്റംബറില്‍ തദ്ദേശ തെരഞ്ഞെടുപ്പ് നടത്തുമെന്ന് സര്‍ക്കാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ശ്രീനഗര്‍: കശ്മീരില്‍ 316 ബ്ലോക്ക് ഡെവലപ്‌മെന്റ് കൗണ്‍സിലുകളിലേക്കുള്ള തെരഞ്ഞെടുപ്പ് സെപ്റ്റംബറില്‍ നടത്തുമെന്ന് സര്‍ക്കാര്‍. റൂറല്‍ ഡെവലപ്‌മെന്റ് സെക്രട്ടറി ശീതള്‍ നന്ദ, കശ്മീര്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി രോഹിത് കന്‍സാല്‍ തുടങ്ങിയവര്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം പറഞ്ഞത്.

കശ്മീരില്‍ ആര്‍ട്ടിക്കിള്‍ 370 എടുത്ത് കളഞ്ഞതിന് ശേഷം ഏര്‍പ്പെടുത്തിയ കര്‍ഫ്യൂവും ഫോണ്‍, ഇന്റര്‍നെറ്റ് നിരോധനവും നിയന്ത്രണവും തുടരുന്നതിനിടെയാണ് തെരഞ്ഞെടുപ്പ് നടത്തുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്.

ഇന്ന് കശ്മീരില്‍ സന്ദര്‍ശനത്തിനെത്തിയ രാഹുല്‍ഗാന്ധിയടക്കമുള്ള നേതാക്കളെ സംസ്ഥാനത്ത് പ്രവേശിപ്പിക്കാതെ തിരിച്ചയച്ചിരുന്നു. സംസ്ഥാനത്ത് കാര്യങ്ങള്‍ സാധാരണഗതിയിലല്ലെന്ന് ദല്‍ഹിയില്‍ തിരിച്ചെത്തിയ ശേഷം രാഹുല്‍ഗാന്ധി പ്രതികരിച്ചിരുന്നു. കശ്മീരില്‍ കേന്ദ്ര സര്‍ക്കാരിന് കാര്യങ്ങള്‍ ഒളിച്ചു വെക്കാനുണ്ടെന്ന് കോണ്‍ഗ്രസും പ്രതികരിച്ചിരുന്നു.

കോണ്‍ഗ്രസിന്റെ രാജ്യസഭയിലെ ഡെപ്യൂട്ടി ലീഡര്‍ ആനന്ദ് ശര്‍മ്മ, എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍, സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, ഡി.എം.കെയുടെ രാജ്യസഭയിലെ നേതാവ് തിരുച്ചി ശിവ, എല്‍.ജെ.ഡി അദ്ധ്യക്ഷന്‍ ശരത് യാദവ്, തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ദിനേഷ് ത്രിവേദി, സി.പി.ഐ ജനറല്‍ സെക്രട്ടറി ഡി രാജ തുടങ്ങിയവരാണ് രാഹുല്‍ ഗാന്ധിക്കൊപ്പമുണ്ടായിരുന്നത്.

We use cookies to give you the best possible experience. Learn more