കൊല്ലം: ആലപ്പാടെ കരിമണല്‍ ഖനനത്തിനെതിരെ സമരം നടത്തുന്നവരുമായി വ്യവസായ മന്ത്രി ഇ.പി ജയരാജന്‍ വ്യാഴാഴ്ച ചര്‍ച്ച നടത്തും. ഖനന ആഘാതം ആലപ്പാട് പ്രദേശത്തെ ഏങ്ങനെയാണ് ബാധിച്ചതെന്ന് പഠിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചു. ഇടക്കാല റിപ്പോര്‍ട്ട് വരും വരെ സീവാഷിംഗ് നിര്‍ത്തിവെയ്ക്കാനും ശാസ്ത്രീയ ഖനനം തുടരാനും തീരുമാനമായി.
മുഖ്യമന്ത്രി വിളിച്ച ഉദ്യോഗസ്ഥതല യോഗത്തിലാണ് തീരുമാനങ്ങള്‍. ഖനനത്തിന്റെ പ്രത്യാഘാതം പഠിക്കാന്‍ നിയോഗിച്ചിട്ടുള്ള വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാവും ആലപ്പാട് വിഷയത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കുക. ആലപ്പാട് ഖനനം നിരീക്ഷിക്കാന്‍ കലക്ടറും ജനപ്രതിനിധികളും അടങ്ങുന്ന പ്രത്യേക സമിതിയ്ക്ക് രൂപം കൊടുക്കാനും തീരുമാനമായിട്ടുണ്ട്.
തീരം ഇടിയാനുള്ള പ്രധാന കാരണം സീവാഷിംഗ് ആണെന്ന് സമരക്കാര്‍ ഉന്നയിച്ചിരുന്നു. ശാസ്ത്രീയമായ ഖനനം തുടര്‍ന്നേ തീരൂവെന്ന് സ്ഥലം എം.എല്‍.എയും വ്യക്തമാക്കി. ഖനനം പൂര്‍ണ്ണമായും നിര്‍ത്താതെ സര്‍ക്കാരുമായി ചര്‍ച്ചയ്ക്ക് തയ്യാറല്ലെന്നായിരുന്നു സമരസമിതിയുടെ നേരത്തെയുള്ള നിലപാട്.
വിഷയത്തില്‍ ആലപ്പാട് സ്വദേശി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ കഴിഞ്ഞ ദിവസം സര്‍ക്കാരിനും ഖനനം നടത്തുന്ന ഐ.ആര്‍.ഇ ക്കുമെതിരേ ഹൈക്കോടതി നോട്ടീസ് അയച്ചിരുന്നു.