| Sunday, 6th May 2018, 8:12 am

ക്രിമിനലുകളായ ജഡ്ജിമാരെ സി.ബി.ഐയെ കാണിച്ച് കേന്ദ്രസര്‍ക്കാര്‍ വരുതിയിലാക്കുന്നു: പ്രശാന്ത് ഭൂഷണ്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: അഴിമതിക്കാരും ക്രിമിനലുകളുമായ ജഡ്ജിമാരെ കേന്ദ്രസര്‍ക്കാര്‍ സി.ബി.ഐയെ കാണിച്ച് വരുതിയിലാക്കുന്നതായി മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍. ജുഡീഷ്യറിയടക്കം രാജ്യത്തെ എല്ലാ സ്വതന്ത്ര സംവിധാനങ്ങളും കേന്ദ്രസര്‍ക്കാറിന്റെ അധീനതയിലാവുന്നതാണ് ജനാധിപത്യം ഇന്നു നേരിടുന്ന ഏറ്റവും വലിയ തിരിച്ചടിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോഴിക്കോട് അളകാപുരിയില്‍ ക്രസ്റ്റ് സംഘടിപ്പിച്ച “ജനാധിപത്യവും ജുഡീഷ്യറിയും ഇന്ത്യയില്‍” എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

“ജുഡീഷ്യറി സ്വതന്ത്രമല്ലെങ്കില്‍ ജനാധിപത്യത്തിന് ഭീഷണിയാവും. സെന്‍ട്രല്‍ വിജിലന്‍സ്, സി.ബി.ഐ, സര്‍വകലാശാലകള്‍, ലോക്പാല്‍ തുടങ്ങിയ എല്ലാ ജനാധിപത്യ സംവിധാനങ്ങളും കേന്ദ്രസര്‍ക്കാറിന്റെ പരിധിയിലാക്കുന്നത് ജനാധിപത്യം നേരിടുന്ന വലിയ വെല്ലുവിളിയാണ്. കേന്ദ്രസര്‍ക്കാരിന്റെ ഭരണം എല്ലാവിധത്തിലും ജുഡീഷ്യറിയെ നിയന്ത്രിക്കുകയാണ്. സുപ്രീംകോടതിയിലും ഹൈക്കോടതിയിലും അഴിമതിക്കാരായ ജഡ്ജിമാരുള്ളത് കേന്ദ്രസര്‍ക്കാരിന് ജുഡീഷ്യല്‍ സംവിധാനങ്ങളെ എളുപ്പത്തില്‍ കീഴ്‌പ്പെടുത്താന്‍ സഹായിക്കുന്നു.”

ALSO READ:  അലക്‌സ് ഫെര്‍ഗൂസണ്‍ അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍

ജഡ്ജിമാരെ സി.ബി.ഐ അടക്കമുള്ള സംവിധാനങ്ങളെ കാട്ടി കേന്ദ്രം ഭീഷണിപ്പെടുത്തുകയാണ്. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ഉള്‍പ്പെട്ട മെഡിക്കല്‍ കോഴ കേസുകള്‍ അടക്കം ഇതിന് വലിയ ഉദാഹരണങ്ങളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിരമിച്ച ശേഷം ജഡ്ജിമാര്‍ക്ക് ജോലി വാഗ്ദാനം നല്‍കുന്നത് മറ്റൊരു തരത്തിലുള്ള അഴിമതിയ്ക്ക് വഴിവെക്കുകയാണ്. ചീഫ് ജസ്റ്റിസിനെതിരായുള്ള മെഡിക്കല്‍ കോളജ് കേസില്‍ വിധി പ്രഖ്യാപിച്ച ജസ്റ്റിസ് ആര്‍.എല്‍ അഗര്‍വാള്‍ കഴിഞ്ഞ ദിവസം വിരമിച്ചപ്പോള്‍ അദ്ദേഹത്തിന് ദല്‍ഹിയില്‍ മറ്റൊരുജോലി തരപ്പെടുത്തിയത് ഇതിന്റെ ഏറ്റവും വലിയ ഉദാഹരണമാണെന്ന് പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു.

“മെഡിക്കല്‍ കോളേജ് കേസില്‍ 25 ലക്ഷം രൂപയുടെ പിഴ മാത്രം ശിക്ഷയായി നല്‍കി ആരെയും ശിക്ഷിക്കാതെയാണ് ജസ്റ്റിസ് അഗര്‍വാള്‍ കേസ് അവസാനിപ്പിച്ചത്. ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായുടെ അടുത്തയാളായ രാകേഷ് അസ്താനയെ സി.ബി.ഐ സ്‌പെഷ്യല്‍ ഡയറക്ടറായി നിയമിച്ചതിനെതിരെ നല്‍കിയ പരാതിയും ജസ്റ്റിസ് അഗര്‍വാളിന്റെ പരിഗണനയിലാണ് വന്നത്. ഹര്‍ജി പരിഗണിക്കാതെ കേന്ദ്രസര്‍ക്കാരിനെ സഹായിക്കുന്ന നടപടിയാണ് ഈ കേസിലും അദ്ദേഹം സ്വീകരിച്ചത്.”

ALSO READ: കെ.എസ്.ആര്‍.ടി.സിയില്‍ കൂട്ട പിരിച്ചു വിടല്‍; പിരിച്ച് വിട്ടത് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് സ്ഥിരനിയമനം നേടിയ 141 പേരെ

കൊളീജിയം നിര്‍ദ്ദേശം കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കാതിരിക്കുന്നത് ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തെ ഇല്ലാതാക്കുന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു. മെറിറ്റിലൂടെയാണ് ജഡ്ജിയെ തെരഞ്ഞെടുക്കേണ്ടത്. എല്ലാമെറിറ്റുകളും സീനിയോറിറ്റിയും ഉള്ളത് കൊണ്ടാണ് സുപ്രീം കോടതിയിലെ മുതിര്‍ന്ന അഞ്ച് അഭിഭാഷകരും ചീഫ് ജസ്റ്റിസും അടങ്ങിയ കൊളീജിയം ജസ്റ്റിസ് കെ.എം. ജോസഫിന്റെ പേര് നിര്‍ദ്ദേശിച്ചത്. എന്നിട്ടും സീനിയോറിറ്റി ഇല്ലെന്നും കേരളത്തില്‍ നിന്ന് പ്രതിനിധിയുള്ളത് കൊണ്ട് നിയമിക്കേണ്ടതില്ലെന്നും പറഞ്ഞ് കേന്ദ്രസര്‍ക്കാര്‍ കെ.എം. ജോസഫിന്റെ നിയമനം വൈകിപ്പിക്കുകയാണ്. ജുഡീഷ്യറിയ്ക്ക് മുകളില്‍ സര്‍ക്കാര്‍ നടത്തുന്ന കടന്നുകയറ്റമാണിതെന്നും പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു.

“കെ.എം. ജോസഫിനെ സുപ്രീം കോടതി ജഡ്ജിയായി നിയമിക്കണം. രാജ്യത്തെ ജനങ്ങളുടെ ജനാധിപത്യകാഴ്ചപാടുകള്‍ മാറേണ്ടതുണ്ട്. ഇന്ന് ജനാധിപത്യമെന്നാല്‍ വോട്ട് ചെയ്യല്‍ മാത്രമായി ഒരുങ്ങി. തെരഞ്ഞെടുത്തവര്‍ അടുത്ത അഞ്ച് വര്‍ഷം എങ്ങനെയും ഭരിക്കട്ടെയെന്നാണ് ജനങ്ങളുടെ ചിന്താഗതി മാറണം.”

ALSO READ:  ബി. ജെ. പി മന്ത്രിയുടെ കയ്യില്‍നിന്ന് അവാര്‍ഡ് വാങ്ങില്ലെന്ന് വാശിപിടിച്ചാല്‍ പലര്‍ക്കും ഈ ജന്മത്തില്‍ അതിന് കഴിയില്ല: കെ.സുരേന്ദ്രന്‍

മൗലിക അവകാശങ്ങള്‍ പോലും ഇല്ലാതാക്കുന്ന ഫാസിസ്റ്റ് ശക്തികളാണ് ഇന്ന് രാജ്യം ഭരിക്കുന്നത്. യുപിയില്‍ യോഗി ആദിത്വനാഥ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം 500 ഓളം വ്യാജ ഏറ്റുമുട്ടലുകളാണ് നടന്നത്. ഇതിനെതിരെയെന്നും ജനങ്ങള്‍ തിരിയാത്തത് ജനാധിപത്യത്തിന്റെ മൂല്യങ്ങള്‍ തിരിച്ചറിയാത്തതുകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്രമോദിയടക്കമുള്ള നേതാക്കളുടെ റാലികളില്‍ പണം പറ്റിയിട്ടാണ് പലരും പങ്കെടുക്കുന്നതെന്ന സത്യം കാണാതെ പോവുകയാണ്. രാജ്യത്തെ തെരഞ്ഞടുപ്പെന്നത് പണത്തിന്റെ സാധീനതയിലാകുകയാണ്. തെരഞ്ഞെടുപ്പിന് സ്ഥാനാര്‍ഥികള്‍ ചിലവഴിക്കേണ്ട പണത്തിന് കൃത്യമായി കണക്കുകള്‍ പറയുന്നുണ്ടെങ്കിലും രാഷ്ട്രീയ പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പിന് ചിലവഴിക്കുന്ന പണത്തെ കുറിച്ച് തെരഞ്ഞെടുപ്പ് കമ്മീഷണന്‍ കണക്ക് വ്യക്തമാക്കാന്‍ പറയുന്നില്ല. പ്രധാനമന്ത്രി നോട്ട് നിരോധനം നടത്തിയ ശേഷം ക്യാഷ്‌ലസ് എക്കോണമിയാണ് തന്റെ ലക്ഷ്യമെന്ന് പറഞ്ഞിരുന്നു. സാധാരണക്കാരനും കര്‍ഷകനുമൊന്നും ക്യാഷ്‌ലസ് ആകാന്‍ കഴിയില്ല. ഇതിന് പകരം രാഷ്ട്രീയ പാര്‍ട്ടികളുടെ എല്ലാ പ്രവര്‍ത്തനങ്ങളും ബാങ്ക് വഴിയാക്കി പാര്‍ട്ടികളെ ക്യാഷ്‌ലസ് ആക്കുകയാണ് വേണ്ടതെന്ന് പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു.

WATCH THIS VIDEO:

Latest Stories

We use cookies to give you the best possible experience. Learn more