തിരുവനന്തപുരം: ശ്രീറാം വെങ്കിട്ട രാമനെ സര്‍വ്വീസിലേക്ക് തിരിച്ചെടുക്കുന്നതായി റിപ്പോര്‍ട്ടുകള്‍. മുഖ്യമന്ത്രി ഫയലില്‍ ഒപ്പുവെച്ചതായാണ് സൂചന. ശ്രീറാമിനെതിരെ തെളിവില്ലെന്നാണ് വകുപ്പ്തല അന്വേഷണ റിപ്പോര്‍ട്ട്. കോടതിവിധി വരുംവരെ ശ്രീറാമിനെ പുറത്ത് നിര്‍ത്തേണ്ടെന്നാണ് സര്‍ക്കാറിന്റെ നിലപാട്. വിധിയുടെ അടിസ്ഥാനത്തില്‍ തുടര്‍നടപടി സ്വീകരിക്കും. ആരോഗ്യവകുപ്പിലേക്കായിരിക്കും ശ്രീറാമിന്റെ നിയമനം എന്നാണ് സൂചന.
മാധ്യമപ്രവര്‍ത്തകന്‍ കെ.എം. ബഷീര്‍ വാഹനമിടിച്ച് കൊല്ലപ്പെട്ട കേസില്‍ സസ്പെന്‍ഷനിലായ ശ്രീറാം വെങ്കിട്ടരാമന്‍ ഐ.എ.എസിനെ സര്‍വ്വീസില്‍ തിരിച്ചെടുക്കാന്‍ ചീഫ് സെക്രട്ടറി ടോം തോമസ് അധ്യക്ഷനായ സമിതി മുഖ്യമന്ത്രിയോട് ശിപാര്‍ശ ചെയ്തിരിന്നു.
2019 ഓഗസ്റ്റ് മൂന്നാം തീയതിയാണ് തിരുവനന്തപുരം മ്യൂസിയം ജംഗ്ഷന് സമീപത്തവെച്ച് ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച കാറിടിച്ച് സിറാജ് ദിനപത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫായിരുന്ന കെ.എം ബഷീര്‍ കൊല്ലപ്പെടുന്നത്. സര്‍വ്വേ ഡയറക്ടറായിരുന്ന ശ്രീറാമിനെ സര്‍ക്കാര്‍ സര്‍വ്വീസില്‍ നിന്നും സസ്പെന്‍ഡ് ചെയ്തിരുന്നു.
അപകടം നടക്കുമ്പോള്‍ തന്റെ കൂടെയുണ്ടായിരുന്ന സുഹൃത്ത് വഫാ ഫിറോസാണ് വാഹനം ഓടിച്ചതെന്നായിരുന്നു ചീഫ് സെക്രട്ടറി അധ്യക്ഷനായ ഉദ്യോഗസ്ഥ സമിതിക്ക് ശ്രീറാം നല്‍കിയ വിശദീകരണം.