ദേവയാനി ഖോബ്രഗഡെയെ ഔദ്യോഗിക ചുമതലകളില്‍ ഒഴിവാക്കി
Daily News
ദേവയാനി ഖോബ്രഗഡെയെ ഔദ്യോഗിക ചുമതലകളില്‍ ഒഴിവാക്കി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 20th December 2014, 8:00 am

devayani1ന്യൂദല്‍ഹി: നയതന്ത്ര ഉദ്യോഗസ്ഥ ദേവയാനി ഖോബ്രഗഡെയെ ഔദ്യോഗിക ചുമതലകളില്‍ നിന്നു വിദേശകാര്യമന്ത്രാലയം ഒഴിവാക്കി. യു.എസില്‍ നേരിട്ട നടപടികള്‍ സംബന്ധിച്ച് അധികൃതരുടെ അനുമതിയില്ലാതെ മാധ്യമങ്ങളോടു സംസാരിച്ചതിനാണ് നടപടി.

ഡെവലപ്പ്‌മെന്റ് പാട്‌നര്‍ഷിപ്പ് ഡിവിഷന്‍ ഡയറക്ടര്‍ സ്ഥാനത്തുനിന്നും വിദേശകാര്യ മന്ത്രാലയം ദേവയാനിയെ പുറത്താക്കി. നിര്‍ബന്ധിത അവധിയില്‍ പ്രവേശിക്കാനാണ് ദേവയാനിക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

ദേവയാനിയ്‌ക്കെതിരെ വിജിലന്‍സ് അന്വേഷണം നടക്കുന്നതിനാലാണ് അവരെ തല്‍സ്ഥാനത്തുനിന്നു മാറ്റിയതെന്നാണ് വിദേശകാര്യ മന്ത്രാലയം വക്താവ് നല്‍കുന്ന വിശദീകരണം. കൂടാതെ ദേവയാനിയുടെ കുട്ടികള്‍ക്ക് യു.എസ് പാസ്‌പോര്‍ട്ടുള്ള കാര്യം ദേവയാനി മറച്ചുവച്ചെന്നും വിദേശകാര്യ മന്ത്രാലയം ആരോപിക്കുന്നു.

സര്‍ക്കാര്‍ നീക്കം അനുസരിച്ച് ദേവയാനി സര്‍വ്വീസിലുണ്ടാവുമെങ്കിലും അവര്‍ക്ക് ഇപ്പോള്‍ യാതൊരു ജോലിയുമില്ലാതെ വരും. ഇവര്‍ക്കെതിരെ ഇനിയും ഭരണപരമായ നടപടിയുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യു.എസ് സന്ദര്‍ശനത്തിനു മുമ്പായിരുന്നു ദേവയാനി എന്‍.ഡി.ടി.വിയ്ക്കു അഭിമുഖം നല്‍കിയത്. യു.എസില്‍ നടന്ന നടപടികള്‍ വിശദീകരിക്കുകയായിരുന്നു ദേവയാനി ചെയ്തത്. ഇത് യു.എസിനെ ചൊടിപ്പിച്ചുവെന്നാണ് റിപ്പോര്‍ട്ട്.

2013 ഡിസംബര്‍ 12നാണ് ദേവയാനി ഖോബ്രഗഡ ന്യൂയോര്‍ക്കില്‍ അറസ്റ്റിലായത്. വീട്ടുജോലിക്കാരിയായിരുന്ന സംഗീത റിച്ചാര്‍ഡിന്റെ വിസ അപേക്ഷയില്‍ കൃത്രിമം കാണിച്ചു, വീട്ടുജോലിക്കാരിക്ക് മിനിമം വേതനം നല്‍കിയില്ല എന്നീ കേസുകളാണ് ദേവയാനിയ്‌ക്കെതിരെ ചുമതലപ്പെട്ടത്.

പിന്നീട് ഇവരെ നഗ്നയാക്കി പരിശോധിക്കുകയും കാവിറ്റി ടെസ്റ്റിന് വിധേയയാക്കുകയും ചെയ്തിരുന്നു. ഇത് ഇന്ത്യ-യു.എസ് ബന്ധത്തെ സാരമായി ബാധിച്ചിരുന്നു. നയതന്ത്ര പരിരക്ഷ ഉറപ്പാക്കാന്‍ ഐക്യരാഷ്ട്രസഭ ദൗത്യസംഘത്തിലേക്ക് ഇന്ത്യ ദേവയാനിയെ മാറ്റിയിരുന്നു. ഇതോടെ അമേരിക്കക്ക് നിയമനടപടി എടുക്കാന്‍ കഴിയാതെ വന്നു. തുടര്‍ന്ന് ദേവയാനിയോടു രാജ്യം വിടാന്‍ ആവശ്യപ്പെടുകയായിരുന്നു.