| Friday, 5th July 2019, 9:09 pm

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇ.വി.എമ്മുകള്‍ വാങ്ങിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ചിലവഴിച്ചത് 4000 കോടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങള്‍ വാങ്ങിക്കാനായി കേന്ദ്രസര്‍ക്കാര്‍ ചിലവഴിച്ചത് 4000 കോടി രൂപ. ബഡ്ജറ്റ് രേഖയിലാണ് ഈ തുക കാണിച്ചിരിക്കുന്നത്. ഒരു വര്‍ഷത്തിനിടെയാണ് കേന്ദ്രസര്‍ക്കാര്‍ ഇത്രയും തുക ഇ.വി.എമ്മുകള്‍ക്കായി ചെലവഴിച്ചത്.

കൃത്യമായി 3902.17 കോടി രൂപയാണ് വോട്ടിംഗ് യന്ത്രങ്ങള്‍ വാങ്ങിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് ചെലവായത്. പത്ത് ലക്ഷത്തില്‍ കൂടുതല്‍ ഇ.വി.എമ്മുകളാണ് ഇത്തവണത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഉപയോഗപ്പെടുത്തിയത്.

ഇത്രത്തന്നെ പേപ്പര്‍ ട്രെയില്‍ യന്ത്രങ്ങളും തെരഞ്ഞെടുപ്പില്‍ ഉപയോഗിച്ചിട്ടുണ്ട്. ചുരുങ്ങിയത് ഒരു കണ്ട്രോള്‍ യൂണിറ്റും ഒരു ബാലറ്റ് യൂണിറ്റും ചേര്‍ന്നതാണ് ഒരു ഇ.വി.എം. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആദ്യമായാണ് പേപ്പര്‍ ട്രെയില്‍ യന്ത്രങ്ങള്‍ ഉപയോഗിക്കുന്നത്.

അതേസമയം, വരാന്‍ പോകുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിലേയ്ക്ക് വേണ്ടി 1000 കോടി രൂപയും ബജറ്റില്‍ കേന്ദ്രം വകയിരുത്തിയിട്ടുണ്ട്. ഈ തുക കൂടാനും സാധ്യതയുണ്ട്.

തെരഞ്ഞെടുപ്പില്‍ കേന്ദ്രത്തിന് ഉണ്ടായ മറ്റ് ചിലവുകള്‍ക്കും സംസ്ഥാനങ്ങളിലേയും കേന്ദ്രഭരണ പ്രദേശങ്ങളിലേയും തെരഞ്ഞെടുപ്പുകള്‍ക്കും മറ്റുമായി ചിലവായ തുകയായ 339.54 കോടി രൂപയും സര്‍ക്കാരിലേക്ക് തിരിച്ചു പിടിക്കും എന്നും ബഡ്ജറ്റില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. കാലഹരണപ്പെട്ട വോട്ടിംഗ് യന്ത്രങ്ങള്‍ നശിപ്പിച്ച് കളയാനും ഈ തുക ഉപയോഗിക്കും.

Latest Stories

We use cookies to give you the best possible experience. Learn more