ന്യൂദല്‍ഹി: സുപ്രീം കോടതിയുടെ “ജീവനും നിലനില്‍പ്പും” തന്നെ ഭീഷണിയിലെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്ക് ജസ്റ്റിസ് കുര്യന്‍ ജോസഫിന്റെ കത്ത്. സുപ്രീം കോടതിയില്‍ ജഡ്ജിമാരെ നിയമിക്കുന്നതില്‍ കേന്ദ്രതീരുമാനം വൈകിപ്പിക്കുന്നതിനെതിരെയാണ് കുര്യന്‍ ജോസഫിന്റെ കത്ത്. ഇപ്പോള്‍ പ്രതികരിച്ചില്ലെങ്കില്‍ ചരിത്രം നമുക്ക് മാപ്പ് തരില്ലെന്നും അദ്ദേഹം കത്തില്‍ പറഞ്ഞു.
ഇന്ദു മല്‍ഹോത്ര, ഉത്തരാഘണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് കെ.എം ജോസഫ് എന്നിവരെ സുപ്രീം കോടതി ജഡ്ജ് പാനലിലേക്ക് നിയമിക്കാനായുള്ള കൊളീജിയം ശുപാര്‍ശ പരിഗണിക്കുന്നത് കേന്ദ്രസര്‍ക്കാര്‍ വൈകിപ്പിക്കുന്നതിനെ പരാമര്‍ശിച്ചാണ് അദ്ദേഹത്തിന്റെ കത്ത്. ചീഫ് ജസ്റ്റിസിനയച്ച കത്തിന്റെ പകര്‍പ്പ് മറ്റ് 22 ജഡ്ജിമാര്‍ക്ക് കൂടി കൈമാറി.
“ചരിത്രത്തില്‍ ആദ്യമായിട്ടാണ് മൂന്ന് മാസം മുമ്പ് നടത്തിയ നിര്‍ദ്ദേശത്തിന് എന്ത് സംഭവിച്ചു എന്ന് ഈ കോടതിക്ക് അറിയാതെ പോവുന്നത്.” – അദ്ദേഹം പറഞ്ഞു.ഏഴംഗ ബഞ്ച് ഉടന്‍ രൂപീകരിച്ച് കോടതി സ്വമേധയാ കേന്ദ്രത്തിനോട് തീരുമാനം അറിയിക്കാന്‍ ഉത്തരവിടണമെന്നും കത്തില്‍ നിര്‍ദ്ദേശമുണ്ട്.
സുപ്രീം കോടതിയിലേക്ക് ജഡ്ജിമാരെ നിയമിക്കുന്ന കൊളീജിയത്തിലെ അംഗമാണ് കുര്യന്‍ ജോസഫ്. ന്യായമായ സമയത്തിനുള്ളില്‍ നിയമനത്തിനുള്ള തീരുമാനം എടുക്കാത്തതിനാല്‍ ദിവസം തോറും സ്ഥാപനത്തിന്റെ അന്തസും ബഹുമാന്യതയും നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
Read Also | ചെന്നൈയുടെ ഹോം മത്സരങ്ങള്‍ക്കുള്ള അവസാനപട്ടികയില്‍ തിരുവനന്തപുരം ഉള്‍പ്പെടെ നാലു മൈതാനങ്ങള്‍
“കൊളീജിയത്തിന്റെ ശുപാര്‍ശയില്‍ പെട്ടെന്ന് തന്നെ തീരുമാനമുണ്ടാക്കാന്‍ കേന്ദ്ര സര്‍ക്കാരിന് ഉത്തരവാദിത്വമുണ്ട്. അത് വൈകിപ്പിക്കുന്നത് അധികാര ദുര്‍വിനിയോഗമാണ്.” അദ്ദേഹം കത്തില്‍ ആരോപിച്ചു.
2016 ഏപ്രിലില്‍ ഉത്തരാഘണ്ഡില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയതിന് കേന്ദ്രത്തിന് എതിരെ വിധി പറഞ്ഞതിനാലാണ് ഉത്തരാഘണ്ഡ് ചീഫ് ജസ്റ്റിസ് ആയ കെ.എം ജോസഫിന്റെ ശുപാര്‍ശ കേന്ദ്രസര്‍ക്കാര്‍ പരിഗണിക്കാത്തത് എന്ന് ആരോപണങ്ങളുണ്ടായിരുന്നു. കെ.എം ജോസഫിനെ ഒഴിവാക്കി ഇന്ദു മല്‍ഹോത്രയ്ക്ക് മാത്രം വാറണ്ട് നല്‍കാന്‍ നിയമമന്ത്രി നിയമോപദേശം തേടിയ വാര്‍ത്ത ഈ ആരോപണത്തെ സാധൂകരിക്കുന്നതാണ്.
കൊളീജിയം ശുപാര്‍ശ തിരിച്ചയക്കാന്‍ സര്‍ക്കാരിന് അധികാരമുണ്ട്. എന്നാല്‍ കൊളീജിയം വീണ്ടും അതേ ശുപാര്‍ശ ആവര്‍ത്തിച്ചാല്‍ വാറണ്ട് നല്‍കി അപ്പോയിന്റ് ചെയ്യാനേ സര്‍ക്കാരിനാവൂ. ഇതാണ് ശുപാര്‍ശ പരിഗണിക്കാതെ വൈകിപ്പിക്കാന്‍ കാരണമെന്ന് കരുതുന്നു.