| Monday, 27th April 2020, 12:51 pm

'അതിസമ്പന്നര്‍ക്ക് കൊവിഡ് സെസ് ഏര്‍പ്പെടുത്തണം'; സമ്പദ് വ്യവസ്ഥ തിരിച്ചെത്താന്‍ സമയമെടുക്കുമെന്നും എച്ച്.ഡി കുമാര സ്വാമി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെംഗളൂരൂ: ജീവിതച്ചെലവ് കുറക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ നടപ്പാക്കണമെന്ന ആവശ്യവുമായി കര്‍ണാടക മുന്‍മുഖ്യമന്ത്രിയും ജനതാദള്‍ സെക്കുലര്‍ നേതാവുമായ എച്ച്.ഡി കുമാരസ്വാമി.

ജീവിതച്ചെലവ് കുറയ്ക്കുകയും അതിസമ്പന്നര്‍ക്ക് കൊവിഡ് സെസ് ഏര്‍പ്പെടുത്തുകയും വേണമെന്ന് കുമാരസ്വാമി ആവശ്യപ്പെട്ടു.

” വളരെ ചുരുങ്ങിയ കാലയളവിനുള്ളില്‍ സമ്പദ് വ്യവസ്ഥ തിരിച്ച് വരില്ല. ഉപഭോക്താവിന്റെ ചെലവ് ശക്തി കുറഞ്ഞതിനാല്‍ ജീവിതച്ചെലവ് കുറയ്‌ക്കേണ്ടത് പ്രധാനമാണ്. സര്‍ക്കാര്‍ പെട്രോള്‍ / ഡീസല്‍ വില കുറയ്ക്കണം. അതിസമ്പന്നര്‍ക്ക് കൊവിഡ് സെസ് ഏര്‍പ്പെടുത്തുന്നതിലൂടെ വരുമാനനഷ്ടം ഭാഗികമായി നികത്താം, ”കുമാരസ്വാമി ട്വീറ്റ് ചെയ്തു.

രാജ്യത്തിന്റെ ജി.ഡി.പി വളര്‍ച്ചാ നിരക്ക് ചരിത്രത്തില്‍ ഏറ്റവും താഴ്ന്ന നിലയിലേക്ക് കൂപ്പുകുത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ആര്‍.ബി.ഐയും ഇന്റര്‍നാഷണല്‍ ഇക്കണോമിക് അസസ്‌മെന്റ് ഏജന്‍സികളും പറയുന്നത്. ഇത്തരമൊരു ഗുരുതരമായ സാഹചര്യത്തില്‍ ഇ.എം.ഐ, വാടക, സ്‌കൂള്‍ ഫീസ്, മറ്റ് നികുതികള്‍ എന്നിവയുടെ പൂര്‍ണ്ണമായോ ഭാഗികമായോ എഴുതിത്തള്ളല്‍ പോലുള്ള പൗരന്മാരെ കേന്ദ്രീകരിച്ചുള്ള നടപടികളാണ് സാഹചര്യം ആവശ്യപ്പെടുന്നത്,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അസംഘടിത മേഖലയിലുള്ള ആളുകളുടെ ജീവിതോപാധി സംരക്ഷിക്കാന്‍ സര്‍ക്കാര്‍ പദ്ധതികള്‍ കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.

We use cookies to give you the best possible experience. Learn more