ചെന്നൈ: കേന്ദ്ര കാര്‍ഷിക നിയമത്തിനെതിരെ ദല്‍ഹിയില്‍ പ്രതിഷേധിക്കുന്ന കര്‍ഷകരെ പിന്തുണച്ച് നടനും മക്കള്‍ നീതി മയ്യം പ്രസിഡന്റുമായ കമല്‍ഹാസന്‍.
സമരം ചെയ്യുന്ന കര്‍ഷകരെ സര്‍ക്കാര്‍ ഇനിയും അവഗണിക്കരുതെന്നും കര്‍ഷകര്‍ പറയുന്നത് സര്‍ക്കാര്‍ കേട്ടേ തീരൂവെന്നും കമല്‍ഹാസന്‍ പറഞ്ഞു.
ചെന്നൈയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിവാര്‍ ചുഴലിക്കാറ്റില്‍ പ്രതിസന്ധി നേരിട്ട ജനങ്ങള്‍ക്കായി തമിഴ്‌നാട് സര്‍ക്കാര്‍ ഒന്നും ചെയ്തില്ലെന്നും സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ തങ്ങള്‍ തൃപ്തരല്ലെന്നും കമല്‍ഹാസന്‍ പറഞ്ഞു.
കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നയങ്ങളില്‍ പ്രതിഷേധിച്ച് രാജ്യത്തെ കര്‍ഷകര്‍ നടത്തുന്ന സമരത്തിന് പരിഹാരം കാണാന്‍ ഇതുവരെ സര്‍ക്കാരിനായിട്ടില്ല. ആദ്യഘട്ടത്തില്‍ സമരത്തെ അടിച്ചമര്‍ത്താന്‍ ശ്രമിച്ച സര്‍ക്കാര്‍ കര്‍ഷകര്‍ പിന്നോട്ടില്ലെന്ന് കണ്ടതോടെയാണ് ഒടുവില്‍ ചര്‍ച്ചയ്ക്ക് തയ്യാറായത്.
നിലവില്‍ 32 കര്‍ഷക സംഘങ്ങളെ മാത്രമാണ് സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് വിളിച്ചിരിക്കുന്നത്. 500 ല്‍ അധികം സംഘങ്ങളുള്ളപ്പോള്‍ വെറും 32 സംഘങ്ങളെ മാത്രം ചര്‍ച്ചയ്ക്ക് വിളിച്ചത് ശരിയായ നടപടിയല്ലെന്നാണ് കര്‍ഷകരുടെ പ്രതികരണം.
പൊലീസിനെ ഉപയോഗിച്ച് കര്‍ഷക പ്രതിഷേധം തടയാന്‍ കേന്ദ്രം ശ്രമം നടത്തുന്നുണ്ടെങ്കിലും കര്‍ഷക സമരങ്ങളെ പിന്തുണച്ച് ദല്‍ഹിയിലേക്ക് നിരവധിപേരാണ് എത്തിക്കൊണ്ടിരിക്കുന്നത്.
ആദ്യഘട്ടത്തില്‍ പ്രശ്നപരിഹാരത്തിന് അമിത് ഷായെയാണ് സര്‍ക്കാര്‍ രംഗത്ത് ഇറക്കിയിരുന്നത്. കര്‍ഷകരുമായി കൂടിക്കാഴ്ച നടത്തുമെന്ന് പറഞ്ഞിരുന്നതും അമിത് ഷായാണ്. എന്നാല്‍ ഇപ്പോള്‍ ഈ ചുമതല കേന്ദ്ര പ്രതിരോധ മന്ത്രിയായ രാജ് നാഥ് സിംഗിനെ ഏല്‍പ്പിച്ചിരിക്കുകയാണ്.
നേരത്തെ ഡിസംബര്‍ മൂന്നിനായിരുന്നു കര്‍ഷകരുമായി ചര്‍ച്ച നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ കര്‍ഷക സമരം ശക്തിപ്പെടുന്ന സാഹചര്യത്തില്‍ ഡിസംബര്‍ ഒന്നിന് തന്നെ ചര്‍ച്ച നടത്താമെന്ന് സര്‍ക്കാര്‍ പറയുകയായിരുന്നു. ഇന്ന് മൂന്ന് മണിക്കാര്‍ കേന്ദ്രമന്ത്രിമാര്‍ കര്‍ഷക നേതാക്കളുമായി ചര്‍ച്ച നടത്തുക. തങ്ങളുടെ ആവശ്യം അംഗീകരിക്കാത്തപക്ഷം സമരത്തില്‍ നിന്ന് പിന്നോട്ടുപോകില്ലെന്ന നിലപാടിലാണ് കര്‍ഷകര്‍.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക