സര്‍ക്കാര്‍ ഭൂമി പതിച്ചുനല്‍കേണ്ടത് സമ്പന്നര്‍ക്കല്ല, ഭൂരഹിതരായ പാവങ്ങള്‍ക്ക്: ഹൈക്കോടതി
Kerala News
സര്‍ക്കാര്‍ ഭൂമി പതിച്ചുനല്‍കേണ്ടത് സമ്പന്നര്‍ക്കല്ല, ഭൂരഹിതരായ പാവങ്ങള്‍ക്ക്: ഹൈക്കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 24th February 2024, 9:43 am

 

സര്‍ക്കാര്‍ ഭൂമി പതിച്ചുനല്‍കേണ്ടത് വന്‍ശക്തികളായ സമ്പന്നര്‍ക്കല്ലെന്നും ഭൂരഹിതരായ പാവപ്പെട്ടവര്‍ക്കുമാണെന്ന് ഹൈക്കോടതി. വയനാട് മാനന്തവാടി കല്ലോന സെന്റ് ജോര്‍ജ് ഫെറോന പള്ളി കൈവശം വെച്ചിരിക്കുന്ന 5.5358 ഹെക്ടര്‍ സര്‍ക്കാര്‍ ഭൂമിക്ക് പട്ടയം നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനം റദ്ദാക്കിയ ഉത്തരവില്‍ ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്റേതാണ് നിരീക്ഷണം.

പള്ളി കൈവശം വെച്ചിരിക്കുന്ന 5.5358 ഹെക്ടര്‍ ഭൂമിക്ക് പട്ടയം നല്‍കുന്നതിനെതിരെ കെ. മോഹന്‍ദാസ് അടക്കമുള്ള സാമൂഹികപ്രവര്‍ത്തകരും ഭൂരഹിതരായ ആദിവാസികളും നല്‍കിയ ഹരജിയിലാണ് കോടതി ഉത്തരവ്.

3.04 കോടി രൂപ വില നിശ്ചയിച്ച ഭൂമിയാണ് ഏക്കറിന് വെറും 100 രൂപക്ക് പള്ളിക്ക് നല്‍കാന്‍ 2015ല്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. 1955 മുതല്‍ ഈ സ്ഥലം പള്ളി കൈവശം വെച്ചിരിക്കുകയാണെന്നും അവിടെ എല്‍.പി സ്‌കൂള്‍ മുതല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വരെ ഉണ്ടെന്നുമായിരുന്നു വിഷയത്തില്‍ സര്‍ക്കാറിന്റെ വിശദീകരണം.

1952ല്‍ മലബാര്‍ കളക്ടര്‍ പ്രസ്തുത ഭൂമിക്ക് പട്ടയം നല്‍കാന്‍ നിര്‍ദേശിച്ചതാണെങ്കിലും ഏക്കറിന് 100 രൂപ നല്‍കാന്‍ സാധിക്കാതെ വന്നതോടെ ഇത് നടക്കാതെ പോയതെന്നും പള്ളി ഭാരവാഹികള്‍ വിശദീകരിച്ചു. 3000ലധികം അംഗങ്ങള്‍ പള്ളിയിലും ആയിരക്കണക്കിന് കുട്ടികള്‍ സ്‌കൂളിലുമുണ്ടെന്നും അവര്‍ കോടതിയെ ബോധിപ്പിച്ചു.

എന്നാല്‍, സര്‍ക്കാര്‍ ഭൂമി കൈയേറി അതില്‍ നിയമവിരുദ്ധമായി പള്ളിയും സ്‌കൂളുമൊക്കെ നിര്‍മിക്കുന്നുണ്ട് എന്നത് വസ്തുതയാണെന്ന് കോടതി വിലയിരുത്തി.

ഇത്തരം കൈയേറ്റങ്ങള്‍ പൊതു താത്പര്യത്തിന്റെ പേരില്‍ പതിച്ചു നല്‍കാനാവില്ലെന്നും ഭൂരഹിതരായ ആയിരക്കണക്കിന് ആദിവാസികള്‍ ഒരു തുണ്ട് ഭൂമിക്കായി അപേക്ഷ നല്‍കി കാത്തിരിക്കുമ്പോള്‍ ഇത്തരത്തില്‍ ഭൂമി പതിച്ചുനല്‍കുന്നത് നിഷ്‌കളങ്കരായ ആദിവാസികളുടെ നെഞ്ചിലേക്ക് കത്തി കുത്തിയിറക്കുന്നതിന് തുല്യമാണെന്നും കോടതി വിലയിരുത്തി.

സര്‍ക്കാര്‍ ഭൂമി ഇത്തരത്തില്‍ പതിച്ചുനല്‍കുന്നത് ആദിവാസികളുടെ ഭരണഘടനാവകാശങ്ങളുടെ ലംഘനമാണെന്നും കോടതി നിരീക്ഷിച്ചു.

അതേസമയം, വിപണിവില നല്‍കിയാല്‍ ഭൂമി പള്ളിക്ക് നല്‍കാമെന്നും ഈ തുക പൂര്‍ണമായും വയനാട്ടിലെ ആദിവാസികളുടെ ക്ഷേമത്തിന് ഉപയോഗിക്കണമെന്നും കോടതി നിര്‍ദേശിച്ചു.

രണ്ടു മാസത്തിനകം ഭൂമിയുടെ വിപണിവില നിശ്ചയിക്കണം. തുടര്‍ന്ന് ഒരു മാസത്തിനകം പള്ളിക്ക് സ്ഥലം ആവശ്യമുണ്ടോ എന്ന കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാകണം. അഥവാ ഭൂമി വാങ്ങാന്‍ ഉദ്ദേശിക്കുന്നില്ലെങ്കില്‍ മൂന്ന് മാസത്തിന് ശേഷം കൈയേറ്റം ഒഴിപ്പിച്ച് അര്‍ഹതപ്പെട്ടവര്‍ക്ക് വിതരണം ചെയ്യണമെന്നും കോടതി നിര്‍ദേശിച്ചു.

ഇതുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടികള്‍ സംബന്ധിച്ച് എട്ട് മാസത്തിനകം സര്‍ക്കാര്‍ ഹൈക്കോടതി രജിസ്ട്രാര്‍ക്ക് റിപ്പോര്‍ട്ട് നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു.

 

Content Highlight: Govt should give land to landless poor, not rich: High Court