| Sunday, 22nd December 2019, 11:35 pm

Fact Check: പന്മനയിലെ ആശ്രമം സ്‌കൂള്‍ മുസ്‌ലിം സ്‌കൂളായി മാറുന്നുവെന്ന സെന്‍കുമാറിന്റെ വാദം; വാസ്തവം ഇതാണ്

കവിത രേണുക

കൊല്ലം: മുന്‍ ഡി.ജി.പിയും ബി.ജെ.പി നേതാവുമായ ടി.പി സെന്‍കുമാര്‍ ഈയിടെ ചില വേദികളില്‍ ഉയര്‍ത്തിയ പരാമര്‍ശമായിരുന്നു ഒരു സര്‍ക്കാര്‍ സ്‌കൂളില്‍ അമ്പത് ശതമാനത്തിനുമുകളില്‍ മുസ്‌ലീം വിദ്യാര്‍ത്ഥികളോ അധ്യാപകരോ ഉണ്ടായാല്‍ അത് സര്‍ക്കാര്‍ മുസ്‌ലീം സ്‌കൂള്‍ ആക്കാം എന്ന്. എന്നാല്‍ അത്തരത്തിലൊരു നിയമം കേരള വിദ്യാഭ്യാസ ചട്ടത്തിലുണ്ടോ എന്ന അന്വേഷിക്കുകയാണ് ഡൂള്‍ ന്യൂസ്.

ന്യൂസ് 24ന്റെ ജനകീയ കോടതിയെന്ന പരിപാടിയിലും കെ.സി.ബി.സിയുടെ ഒരു പരിപാടിയിലുമാണ് കൊല്ലം പന്മനയിലെ സര്‍ക്കാര്‍ സംസ്‌കൃതം സ്‌കൂളിനെ മുന്‍നിര്‍ത്തി ടി. പി സെന്‍കുമാര്‍ ഇത്തരത്തിലുള്ള പരാമര്‍ശം ഉയര്‍ത്തിയത്.

പ്രസ്തുത സ്‌കൂളില്‍ മുസ്‌ലീം കുട്ടികള്‍ കൂടുതലായതിനാല്‍ അത് സര്‍ക്കാര്‍ മുസ്‌ലീം സ്‌കൂളാക്കാന്‍ പോകുന്നുവെന്നും അത്തരത്തില്‍ മുസ് ലീം സ്‌കൂളുകളാക്കാന്‍ കേരള എജുക്കേഷന്‍ റൂള്‍സില്‍ നിയമമുണ്ടെന്നുമായിരുന്നു ടി.പി സെന്‍കുമാറിന്റെ വാദം.

‘പന്മന ഒരു പ്രശ്‌നമുണ്ടായപ്പോള്‍ 2005ല്‍ ഐ.ജി ആയി ഇരിക്കുന്ന സമയത്ത് ഞാന്‍ ചെന്നു. ആശ്രമത്തിന്റെ വക ഒരു സ്‌കൂളുണ്ടായിരുന്നു. ആ സ്‌കൂള്‍ അവര്‍ക്ക് നടക്കാന്‍ പറ്റാതിരുന്നതുകൊണ്ട് സര്‍ക്കാരിന് കൊടുത്തു. അവിടെ പിന്നീട് അമ്പത് ശതമാനത്തിലധികം വിദ്യാര്‍ത്ഥികള്‍ മുസ്‌ലീമുകളാണ്. അവിടെയുള്ള ആളുകള്‍ എന്നോട് പറയുകയാണ്, സാറെ ഇതിനി ഒരു മുസ്‌ലീം സര്‍ക്കാര്‍ സ്‌കൂളായി മാറാന്‍ പോകുന്നു എന്ന്. നിങ്ങള്‍ എന്തിനാണ് അമ്പത് ശതമാനം വിദ്യാര്‍ത്ഥികളോ ജീവനക്കാരോ മുസ്‌ലീമുകളായാല്‍ അത് മുസ്‌ലീം സ്‌കൂളാക്കാന്‍ ശ്രമിക്കുന്നത്. ഇങ്ങനൊരു നിയമം കേരള വിദ്യാഭ്യാസ ചട്ടത്തിലുണ്ട്. അവര്‍ക്കാവശ്യപ്പെടാം. നൂറു ശതമാനം ക്രിസ്ത്യാനികളാണെങ്കിലും നൂറു ശതമാനം ഹിന്ദുവാണെങ്കിലും അതിനൊരു ഓപ്ഷന്‍ ഇല്ലല്ലോ. അപ്പോഴെന്തുകൊണ്ടാണ് ഒരു മതത്തിന് മാത്രം ഇങ്ങനെ ഒരു പ്രത്യേകത കൊടുക്കുന്നത്’- ന്യൂസ് 24ല്‍ ടി.പി സെന്‍കുമാര്‍ പറഞ്ഞത്.

അതിന് ശേഷം കെ.സി.ബി.സി (കേരള കാത്തലിക് ബിഷപ്പ് കൗണ്‍സിലില്‍ മതഭീകരതയ്‌ക്കെതിരായി കൊച്ചിയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ മുഖ്യ പ്രഭാഷകനായ ടി.പി സെന്‍കുമാര്‍ ഇതേകാര്യം ആവര്‍ത്തിക്കുകയുണ്ടായി.

‘നിങ്ങള്‍ക്ക് അത്ഭുതം തോന്നും. കേരളത്തിലിപ്പോള്‍ പന്മനയില്‍ ചട്ടമ്പി സ്വാമികളുടെ ആശ്രമമുണ്ട്. 2005ല്‍ അവിടെ ഞാന്‍ ഐ.ജി ആയിരിക്കുന്ന സമയത്ത് ഒരു പ്രശ്‌നമുണ്ടായപ്പോള്‍ അവിടെ പോയിരുന്നു. ആ പ്രശ്‌നം കഴിഞ്ഞു വന്നപ്പോള്‍ അവിടുത്തെ കുറെ ആള്‍ക്കാര്‍ എന്നെ ചുറ്റും വന്നിട്ട് പറഞ്ഞു, സാറെ ആശ്രമത്തിന്റെ കീഴിലുള്ള ഒരു സ്‌കൂള്‍ ഉണ്ടാക്കി കൊടുത്തിരുന്നു, അത് ഒരു നായര്‍ സ്‌കൂളാണ്. അത് പിന്നീട് സര്‍ക്കാരിന് കൊടുക്കേണ്ടി വന്നു. കാരണം അവരെക്കൊണ്ട് നടത്തിക്കൊണ്ട് പോവാന്‍ പറ്റുമായിരുന്നില്ല. അതുകൊണ്ട് അത് സര്‍ക്കാര്‍ ഏറ്റെടുത്തു. ഇപ്പോഴവിടെ 55-60 ശതമാനവും മുസ്‌ലീം കുട്ടികളാണ്. അതൊരു സര്‍ക്കാര്‍ മുസ്‌ലീം സ്‌കൂളാവാന്‍ പോവുകയാണ്’- ടി.പി സെന്‍കുമാര്‍ കെ.സി.ബി.സിയുടെ പരിപാടിയില്‍ പറഞ്ഞു.

പ്രധാനമായും രണ്ട് ആരോപണങ്ങളാണ് ടി.പി സെന്‍കുമാര്‍ ഉയര്‍ത്തിയത്. ഒന്ന് സര്‍ക്കാര്‍ സ്‌കൂളില്‍ കേരളത്തിലെ വിദ്യാഭ്യാസ ചട്ട പ്രകാരം പകുതിയിലധികം മുസ്‌ലീം കുട്ടികളോ ജീവനക്കാരോ ഉണ്ടെങ്കില്‍ അത് മുസ്‌ലീം സര്‍ക്കാര്‍ സ്‌കൂളാക്കാം. രണ്ട് പന്മനയിലെ സര്‍ക്കാര്‍ സംസ്‌കൃതം സ്‌കൂള്‍ ഒരു മുസ്‌ലീം സ്‌കൂളായി മാറും. കാരണം മുസ്‌ലീങ്ങളുടെ എണ്ണം കൂടുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

സെന്‍കുമാര്‍ നടത്തിയ പരാമര്‍ശവുമായി ബന്ധപ്പെട്ട് പന്മന എസ്.ബി.വി.എസ്.ജി.വി.എച്ച്.എസ്.എസ് സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റി ചെയര്‍മാന്‍ സിയാദ് കാട്ടയ്യം ഡൂള്‍ന്യൂസിനോട് പറഞ്ഞത് പന്മനയിലെ സര്‍ക്കാര്‍ സ്‌കൂളിന് മുസ്‌ലീം സ്‌കൂളാക്കാന്‍ ഒരു ഉദ്ദേശവും ഇല്ലെന്നാണ്. സെന്‍കുമാറിന്റെ ആരോപണം തെറ്റാണെന്നാണ്.

‘നൂറു ശതമാനം മതേതര സംസ്‌കാരം ഇപ്പഴും നിലനില്‍ക്കുന്ന ഈ പ്രദേശത്താണ് ഈ സ്‌കൂള്‍ നിലനില്‍ക്കുന്നത്. ഒരു മതവുമായി ബന്ധപ്പെട്ട സംസ്‌കാരവുമല്ല ഇവിടെയുള്ളത്. ജാതീയപരമായ യാതൊരു വേര്‍തിരിവും ഇവിടെയില്ല. ഈ സ്‌കൂളിന്റെ നിലവിലെ പേര് ശ്രീ ബാലഭട്ടാരക വിലാസം സംസ്‌കൃത ഗവ. ഹയര്‍ സെക്കന്റി സ്‌കൂള്‍ എന്നാണ്. അല്ലാതെ മുസ്‌ലീം സ്‌കൂള്‍ എന്നല്ല. ഇവിടെ അത്തരത്തില്‍ ഒരു വേര്‍തിരിവും ഇല്ല. നമ്മുടെ വിദ്യാഭ്യാസത്തെ ഒരിക്കലും മതപരമായിട്ടോ വര്‍ഗീയ പരമായിട്ടോ വേര്‍തിരിച്ചിട്ടില്ലല്ലോ.

ചട്ടമ്പി സ്വാമികളുടെ സമാധി ഉള്‍ക്കൊള്ളുന്നത് സ്‌കൂളിനകത്താണ്. കുമ്പളത്ത് ശങ്കുപ്പിള്ളയാണ് സാധാരണക്കാര്‍ക്ക് വേണ്ടി ഇവിടെ സ്‌കൂള്‍ ആരംഭിക്കുന്നത്. ആദ്യം ഇതൊരു സംസ്‌കൃതം സ്‌കൂളായാണ് തുടങ്ങുന്നത്. പില്‍ക്കാലത്ത് അത് സര്‍ക്കാര്‍ സ്‌കൂളായി മാറുകയായിരുന്നു. അല്ലാതെ മുസ്‌ലീം സ്‌കൂളാക്കാന്‍ പോകുന്നു എന്ന തരത്തിലുള്ള ഒന്നും ഇവിടെയില്ല. സിയാദ് ഡൂള്‍ന്യൂസിനോട് പറഞ്ഞു.

കേരളത്തിലെ വിദ്യാഭ്യാസ നിയമമനുസരിച്ച് ഒരു സര്‍ക്കാര്‍ സ്‌കൂളിലും മുസ്‌ലീം വിദ്യാര്‍ത്ഥികളുടെയോ അധ്യാപകരുടെയോ എണ്ണം പകുതിയില്‍ കൂടിയാല്‍ അത് മുസ്‌ലീം സര്‍ക്കാര്‍ സകൂളാവില്ലെന്ന് കൊല്ലം ഡി.ഡി.ഇ ഡൂള്‍ന്യൂസിനോട് വ്യക്തമാക്കി.

‘എയ്ഡഡ് സ്‌കൂളുകള്‍ക്ക് മൈനോരിറ്റി സ്റ്റാറ്റസ് നല്‍കാറുണ്ട്. അതായിരിക്കും അദ്ദേഹം തെറ്റിദ്ധരിച്ച് പറഞ്ഞത്. എന്തായാലും സര്‍ക്കാര്‍ സ്‌കൂളുകളില്‍ കേരള എജുക്കേഷന്‍ റൂള്‍സില്‍ അമ്പത് ശതമാനത്തിന് മുകളില്‍ മുസ്‌ലീം വിദ്യാര്‍ത്ഥികളോ അധ്യാപകരോ ഉണ്ടെങ്കില്‍ അത് മുസ്‌ലീം സര്‍ക്കാര്‍ സ്‌കൂളാക്കാം എന്ന നിയമമില്ല. അത് തെറ്റാണ്’- കൊല്ലം ഡി.ഡി.ഇ ഷീല ഡൂള്‍ന്യൂസിനോട് പറഞ്ഞു.

ടി. പി സെന്‍കുമാറിന്റെ വാദത്തിനെതിരെ അതേ സ്‌കൂളിലെ തന്നെ പൂര്‍വ്വ വിദ്യാര്‍ത്ഥിയായിരുന്ന അന്‍സാര്‍ തേവലക്കര രംഗത്തെത്തിയിരുന്നു. ടി.പി സെന്‍കുമാര്‍ വ്യാജ വിവരങ്ങള്‍ നല്‍കി വര്‍ഗീയത പരത്താന്‍ ശ്രമിക്കുകയാണെന്ന് കാണിച്ച് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു അന്‍സാര്‍.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ചരിത്രത്തില്‍ ഒരിക്കല്‍ പോലും 50 ശതമാനത്തിന് മുകളില്‍ മുസ്‌ലീം കുട്ടികള്‍ ഇതുവരെ ആ സ്‌കൂളില്‍ വന്നിട്ടില്ല. അതു മാത്രമല്ല, 50 ശതമാനത്തിന് മുകളില്‍ മുസ്‌ലീം കുട്ടികള്‍ ഒരു സര്‍ക്കാര്‍ സ്‌കൂളില്‍ വന്നാല്‍ അത് സര്‍ക്കാര്‍ മുസ്‌ലീം സ്‌കൂള്‍ ആകുമെന്നത് ഏത് എജുക്കേഷന്‍ റൂളിലാണ് ഉള്ളതെന്നും അന്‍സാര്‍ ചോദിക്കുന്നു.

വ്യാജ വിവരങ്ങള്‍ നല്‍കിയ സെന്‍കുമാര്‍ ഒന്നും വെറുതെ പറയുന്നതല്ലെന്നും അത് കൃത്യമായ അജണ്ടയോടു കൂടിയുള്ളതാണെന്നും അന്‍സാര്‍ പറയുന്നുണ്ട്.

1913ലാണ് സംസ്‌കൃത പാഠശാല എന്ന പേരില്‍ കുമ്പളത്ത് ശങ്കുപ്പിള്ളയുടെ നേതൃത്വത്തില്‍ സ്‌കൂള്‍ സ്ഥാപിതമാവുന്നത്. സ്‌കൂള്‍ നടത്തിക്കൊണ്ടു പോവുന്നതിലെ ബുദ്ധിമുട്ടുകാരണം 1947ല്‍ സ്‌കൂള്‍ സര്‍ക്കാരിന് അദ്ദേഹത്തിന്റെ നിര്‍ദേശാനുസരണം വിട്ടു നല്‍കുകയായിരുന്നെന്നും അന്‍സാര്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കുന്നുണ്ട്.

സ്‌കൂളിന്റെ ആദ്യത്തെ പേര് പന്മനമനയില്‍ ഹൈസ്‌കൂള്‍ എന്നായിരുന്നു. പിന്നീട് അത് ഗവണ്‍മെന്റ് ഹൈസ്‌കൂള്‍ പന്മനയെന്ന് അറിയപ്പെട്ടു. അതിന് ശേഷമാണ് സ്‌കൂളില്‍ ഹയര്‍സെക്കണ്ടറി നിലവില്‍വരുന്നത്. അങ്ങനെ വന്ന പരിഷ്‌കാരങ്ങള്‍ക്ക് ശേഷം അത് ശ്രീ ബാലഭട്ടാരക വിലാസം സംസ്‌കൃത ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ എന്ന് അറിയപ്പെടാന്‍ തുടങ്ങുകയായിരുന്നു.

വര്‍ഗീയത അജണ്ടയാക്കിയാണ് മുന്‍ ഡി.ജി.പി ഇത്തരത്തിലൊരു വാദം ഉന്നയിച്ചതെന്നും കേരളത്തിലെ വിദ്യാഭ്യാസ നിയമത്തിലില്ലാത്ത കാര്യങ്ങളാണ് അദ്ദേഹം വിളിച്ചു പറയുന്നതെന്നും അന്‍സാര്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കുന്നു.

കവിത രേണുക

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more