എസ്.സി/എസ്.ടി ആക്ടില്‍ വെള്ളം ചേര്‍ക്കില്ല; അവകാശങ്ങള്‍ തട്ടിയെടുക്കാനാവില്ലെന്നും കേന്ദ്ര സര്‍ക്കാര്‍
National
എസ്.സി/എസ്.ടി ആക്ടില്‍ വെള്ളം ചേര്‍ക്കില്ല; അവകാശങ്ങള്‍ തട്ടിയെടുക്കാനാവില്ലെന്നും കേന്ദ്ര സര്‍ക്കാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 18th July 2018, 6:36 pm

ന്യൂദല്‍ഹി: പട്ടികജാതി-പട്ടികവര്‍ഗ്ഗത്തില്‍പ്പെട്ടവര്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയാനായി നിലവില്‍ വന്നിട്ടുള്ള എസ്.സി/എസ്.ടി ആക്ടില്‍ വെള്ളം ചേര്‍ക്കില്ലെന്ന് ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ്. അരികുവല്‍ക്കരിക്കപ്പെട്ടവര്‍ക്ക് ഭരണഘടന ഉറപ്പു നല്‍കുന്ന അവകാശങ്ങള്‍ തട്ടിയെടുക്കാന്‍ വ്യക്തികള്‍ക്കോ സ്ഥാപനങ്ങള്‍ക്കോ സാധിക്കില്ലെന്നായിരുന്നു രാജ്‌നാഥ് സിംഗിന്റെ പരാമര്‍ശം.

എസ്.സി/എസ്.ടി വിഭാഗക്കാരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായി ബന്ധപ്പെട്ട നിയമങ്ങളില്‍ ഭേദഗതി കൊണ്ടുവരുമെന്നും രാജ്യസഭയിലെ ചോദ്യോത്തരവേളയില്‍ സിംഗ് പറഞ്ഞു. “എസ്.സി/എസ്.ടി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ഭരണഘടന അനുശാസിക്കുന്ന സംരക്ഷണം ഇല്ലാതാക്കാന്‍ വ്യക്തികള്‍ക്കോ സ്ഥാപനങ്ങള്‍ക്കോ സാധിക്കില്ല.” സഭയില്‍ അദ്ദേഹം പറഞ്ഞു.

എസ്.സി/എസ്.ടി ആക്ടില്‍ വെള്ളം ചേര്‍ക്കില്ലെന്ന് ഉറപ്പുവരുത്താനായി നിയമം ശക്തമാക്കാന്‍ വേണ്ട നടപടികള്‍ കൈക്കൊള്ളുമെന്നും സര്‍ക്കാര്‍ പറയുന്നു. സുപ്രീം കോടതി ഉത്തരവിനെക്കുറിച്ചുള്ള സി.പി.ഐ നേതാവ് ഡി.രാജയുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു ആഭ്യന്തരമന്ത്രി.


Also Read: ശബരിമല പൊതുക്ഷേത്രമെങ്കില്‍ വിവേചനം പാടില്ല; ആരാധനയ്ക്ക് സ്ത്രീയ്ക്കും പുരുഷനും തുല്യ അവകാശമെന്ന് സുപ്രീം കോടതി


നാഷനല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ പ്രകാരം 2013നും 2016നും ഇടയില്‍ എസ്.സി/എസ്.ടി വിഭാഗത്തില്‍പ്പെട്ടവര്‍ക്കു നേരെയുള്ള അതിക്രമങ്ങളില്‍ വര്‍ദ്ധനവുണ്ടായിട്ടില്ലെന്നും രാജ്‌നാഥ് സിംഗ് കൂട്ടിച്ചേര്‍ത്തു.

എസ്.സി/എസ്.ടി ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്തിട്ടുള്ള കേസുകള്‍ പരിഗണിക്കാനായി പ്രത്യേകകോടതികള്‍ നിലവിലുണ്ടായിരുന്നെന്നും ഇവയുടെ അപര്യാപ്തത ബോധ്യപ്പെട്ടതിനാലാണ് സര്‍ക്കാര്‍ സ്‌പെഷ്യല്‍ എക്‌സിക്യുട്ടീവ് കോടതികള്‍ സ്ഥാപിച്ചതെന്നും അദ്ദേഹം പറയുന്നു. ഇത്തരം 194 കോടതികള്‍ സ്ഥാപിക്കപ്പെട്ടിട്ടുണ്ടെന്നും കേസുകളിലെ നടപടികള്‍ വേഗത്തിലാക്കാന്‍ ഇവ സഹായിക്കുമെന്നും രാജ്‌നാഥ് സിംഗ് വിശദീകരിച്ചു.

1989ലെ എസ്.സി/എസ്.ടി ആക്ട് ഭേദഗതി പ്രകാരം അക്രമങ്ങള്‍ക്ക് ഇരയായവരുടെ സംരക്ഷണം പൂര്‍ണമായും സംസ്ഥാനങ്ങളുടെ ഉത്തരവാദിത്തമാണെന്നും മന്ത്രി ഓര്‍മിപ്പിച്ചു.