ഒറ്റവര്‍ഷം 3.35 ലക്ഷം കോടി രൂപ; ഇന്ധന വിലവര്‍ധനവ് വഴി കേന്ദ്രസര്‍ക്കാരിന് ലഭിച്ചത് 88 ശതമാനം അധികവരുമാനം
fuel price hike
ഒറ്റവര്‍ഷം 3.35 ലക്ഷം കോടി രൂപ; ഇന്ധന വിലവര്‍ധനവ് വഴി കേന്ദ്രസര്‍ക്കാരിന് ലഭിച്ചത് 88 ശതമാനം അധികവരുമാനം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 20th July 2021, 9:06 am

ന്യൂദല്‍ഹി: ഇന്ധന വിലവര്‍ധനവ് വഴി കേന്ദ്രസര്‍ക്കാരിന് ലഭിച്ചത് 88 ശതമാനം അധികവരുമാനം. ലോക്‌സഭയില്‍ പെട്രോളിയം, പ്രകൃതിവാതക സഹമന്ത്രി രാമേശ്വര്‍ തേലിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 3.35 ലക്ഷം കോടി രൂപയാണ് ഇന്ധനനികുതി വര്‍ധനവിലൂടെ കേന്ദ്രസര്‍ക്കാരിന് ലഭിച്ചത്. പെട്രോളിന്റെ എക്‌സൈസ് തീരുവ കഴിഞ്ഞ വര്‍ഷം 19.98 ല്‍ നിന്ന് 32.9 യിലേക്കാണ് വര്‍ധിപ്പിച്ചത്.

ഡീസലിനാകട്ടെ ഇത് 15.83 ല്‍ നിന്ന് 31.8 രൂപയാക്കി. ഇതാണ് കേന്ദ്രസര്‍ക്കാരിന് റെക്കോഡ് വരുമാനം കൊണ്ടുവന്നത്.

നടപ്പ് സാമ്പത്തിക വര്‍ഷം, ഇതുവരെ (ഏപ്രില്‍-ജൂണ്‍) തീരുവയില്‍ നിന്നുള്ള വരുമാനം 1.01 ലക്ഷം കോടി രൂപ കടന്നതായും കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞു. കൊവിഡും ലോക്ഡൗണും മൂലം ഗതാഗതവും മറ്റും കുറഞ്ഞില്ലായിരുന്നെങ്കില്‍ വരുമാനം ഇതിലും ഉയര്‍ന്നേനെ.

പെട്രോള്‍, ഡീസല്‍, ഏവിയേഷന്‍ ടര്‍ബൈന്‍ ഫ്യുവല്‍, പ്രകൃതിവാതകം എന്നിവ ഉള്‍പ്പെടെയുള്ളവയില്‍ നിന്നുള്ള വരുമാനമാണിത്.

2014ല്‍ മോദി സര്‍ക്കാര്‍ അധികാരത്തിലെത്തുമ്പോള്‍ പെട്രോളിന് 9.48 രൂപയും ഡീസലിന് 3.56 രൂപയുമായിരുന്നു നികുതി.

പെട്രോള്‍, ഡീസല്‍ തീരുവയില്‍ നിന്നു 2019-20ല്‍ 1.78 ലക്ഷം കോടി രൂപയായിരുന്നു കേന്ദ്ര സര്‍ക്കാരിനു ലഭിച്ചത്. 2018-19ല്‍ 2.13 ലക്ഷം കോടിയായിരുന്നു തീരുവയില്‍ നിന്നുള്ള വരുമാനം.

നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ഇതുവരെ പെട്രോളിന് 39 തവണയും ഡീസലിന് 36 തവണയും വില വര്‍ധിപ്പിച്ചുവെന്നും മന്ത്രി പറഞ്ഞു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Govt’s excise collections on petrol, diesel jump 88 per cent to Rs 3.35 lakh crore