| Monday, 2nd April 2018, 9:55 pm

പെട്രോള്‍ ഡീസല്‍ എക്‌സൈസ് ഡ്യൂട്ടി കുറയ്ക്കില്ലെന്ന് പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രഥാന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പെട്രോള്‍ ഡീസല്‍ എക്‌സൈസ് ഡ്യൂട്ടി കുറയ്ക്കാനാവില്ലെന്ന് പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രഥാന്‍. ദല്‍ഹിയില്‍ ഒരു ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിപണിക്കനുസരിച്ചുള്ള വിലനിശ്ചയത്തിലേക്ക് (Free Market Pricing) തിരിച്ചു പോവില്ലെന്നും അദ്ദേഹം പറഞ്ഞു.

പെട്രോളും ഡീസലും രാജ്യാന്തര ഉത്പന്നമാണ്. അതിലെ വില വ്യത്യാസത്തിനനുസരിച്ചാണ് രാജ്യത്ത് വിലയില്‍ മാറ്റമുണ്ടാവുക. കേന്ദ്രം കഴിഞ്ഞ ഒക്ടോബറില്‍ എക്‌സൈസ് തീരുവ കുറച്ചിട്ടുണ്ട്. ഇനി ഉടനെ കുറയ്ക്കുന്ന കാര്യം ആലോചനയിലില്ലെന്നും ധര്‍മേന്ദ്ര പ്രഥാന്‍ പറഞ്ഞു.


Read Also: ഹിമാചലിലും കര്‍ഷകര്‍ തെരുവിലേക്ക്; അഖിലേന്ത്യാ കിസാന്‍സഭയുടെ നേതൃത്വത്തില്‍ കര്‍ഷകര്‍ നാളെ നിയമസഭാ മന്ദിരം വളയും


കേന്ദ്രസര്‍ക്കാര്‍ അധികാരമേറ്റ ശേഷം ഒന്‍പത് തവണയാണ് പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് തീരുവ വര്‍ദ്ധിപ്പിച്ചത്. ഒരു ലിറ്റര്‍ ഡീസലിന് മേല്‍ 15.33 രൂപയും പെട്രോളിന് മേല്‍ 19.48 രൂപയുമാണ് ഇപ്പോള്‍ കേന്ദ്രം ചുമത്തുന്ന എക്‌സൈസ് തീരുവ. യു.പി.എ സര്‍ക്കാരിന്റെ കാലത്ത് ഇത് ഡീസലിന് 5.10 രൂപയും പെട്രോളിന് 11 രൂപയുമായിരുന്നു.

ആദ്യമായാണ് കേരളത്തില്‍ ഡീസല്‍ വില 70 രൂപയ്ക്ക് മുകളിലെത്തുന്നത്. തിരുവനന്തപുരത്ത് 70.08 രൂപയാണ് ലിറ്ററിന് വില. പെട്രോളിനും വില വര്‍ദ്ധിച്ചിട്ടുണ്ട്; 77.63 രൂപ.


Read Also: പിഷാരടിയുടെ ആദ്യ സംവിധാനം; പഞ്ചവര്‍ണ തത്തയുടെ ട്രൈലര്‍ പുറത്ത്


പെട്രോളും ഡീസലും തമ്മിലുള്ള വില വ്യത്യാസം കുറഞ്ഞ് 7.55 പൈസയായിട്ടുണ്ട്. ഇത്രയും കുറഞ്ഞ വില വിത്യാസവും ആദ്യമായാണ്. കഴിഞ്ഞ ഒരു മാസത്തിനിടെ രണ്ടര രൂപയുടെ വര്‍ദ്ധനവാണ് ഡീസല്‍ വിലയിലുണ്ടായത്. പെട്രോള്‍ വില രണ്ട് രൂപയ്ക്ക് മുകളിലും വര്‍ദ്ധിച്ചിട്ടുണ്ട്.

We use cookies to give you the best possible experience. Learn more