ചെന്നൈ: കൊവിഡ് കാലത്ത് ദുരിതത്തിലായ ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് 4000 രൂപയും റേഷന്‍ കിറ്റും നല്‍കുമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍. മദ്രാസ് ഹൈക്കോടതിയുടെ നിര്‍ദ്ദേശ പ്രകാരമാണ് സര്‍ക്കാരിന്റെ തീരുമാനം.
റേഷന്‍ കാര്‍ഡും തിരിച്ചറിയല്‍ കാര്‍ഡും ഇല്ലെങ്കിലും റേഷന്‍ കടകള്‍ വഴി അരിയടക്കമുള്ള സാധനങ്ങളും 4000 രൂപ സഹായവും നല്‍കുമെന്നാണ് സര്‍ക്കാര്‍ അറിയിച്ചത്.
നേരത്തെ ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് 4,000 രൂപ ധനസഹായം നല്‍കുന്നത് പരിഗണിക്കാന്‍ മദ്രാസ് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു.
തൂത്തുക്കുടിയിലെ ട്രാന്‍സ്ജെന്‍ഡര്‍ ആക്ടിവിസ്റ്റായ ഗ്രേസ് ബാനു നല്‍കിയ ഹരജിയിലാണ് നടപടി. കൊവിഡ് കാലത്ത് തമിഴ്‌നാട്ടിലെ 50000 ത്തോളം ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് ഉപജീവന മാര്‍ഗം നഷ്ടമായതായി ഗ്രേസ് ഹരജിയില്‍ വ്യക്തമാക്കിയിരുന്നു.
കൊവിഡിന്റെ ആദ്യ തരംഗത്തില്‍ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും ട്രാന്‍സ്‌ജെന്‍ഡര്‍ തിരിച്ചറിയല്‍ കാര്‍ഡുള്ളവര്‍ക്കും ധനസഹായം നല്‍കിയിരുന്നു. എന്നാല്‍ രണ്ടാം തരംഗത്തില്‍ ഈ വര്‍ഷം പദ്ധതി ആവിഷ്‌കരിച്ചപ്പോള്‍ ഈ ധനസഹായം സര്‍ക്കാര്‍ നിരസിച്ചെന്ന് ഹരജിയില്‍ പറഞ്ഞു.
റേഷന്‍ കാര്‍ഡ് കൈവശം വെയ്ക്കാത്ത ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ക്ക് സാമ്പത്തിക സഹായം നല്‍കുമെന്ന് നേരത്തെ സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു.
എന്നാല്‍, തിങ്കളാഴ്ച ചീഫ് ജസ്റ്റിസ് സഞ്ജിബ് ബാനര്‍ജി, ജസ്റ്റിസ് സെന്തില്‍കുമാര്‍ രാമമൂര്‍ത്തി എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചിന് മുമ്പാകെ ഹരജി പരിഗണിച്ചപ്പോള്‍, തിരിച്ചറിയല്‍ കാര്‍ഡുകള്‍ക്കായി ട്രാന്‍സ്ജെന്‍ഡര്‍ ബോര്‍ഡിന് അപേക്ഷിച്ച ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികളെ യോഗ്യതയുള്ളവരായി പരിഗണിക്കണമെന്ന് ഗ്രേസ് ബാനുവിന്റെ അഭിഭാഷകന്‍ അപേക്ഷിക്കുകയായിരുന്നു.
ഇക്കാര്യം പരിഗണിക്കുമെന്ന് സംസ്ഥാന അഡ്വക്കേറ്റ് ജനറല്‍ ആര്‍. ഷണ്‍മുഖസുന്ദരം ബെഞ്ചിന് ഉറപ്പ് നല്‍കുകയായിരുന്നു. 2021 മെയ് 31നകം ട്രാന്‍സ്ജെന്‍ഡര്‍ തിരിച്ചറിയല്‍ കാര്‍ഡിനായി ബോര്‍ഡില്‍ അപേക്ഷിച്ച എല്ലാവരെയും സാമ്പത്തിക സഹായം ലഭിക്കുന്നതിന് പരിഗണിക്കണമെന്ന് ബെഞ്ച് ഉത്തരവിട്ടു.
വെള്ളിയാഴ്ച ഹരജി വീണ്ടും പരിഗണിച്ചപ്പോഴായിരുന്നു സര്‍ക്കാര്‍ തീരുമാനം കോടതിയെ അറിയിച്ചത്.