| Saturday, 7th September 2013, 9:00 am

രാജ്യത്തെ ഡിജിറ്റലാക്കാന്‍ കേന്ദ്രസര്‍ക്കാര്‍: മൊബൈലും ടാബ്‌ലറ്റും സൗജന്യമായി നല്‍കും

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]ന്യൂദല്‍ഹി: ഇന്ത്യയിലെ ജനങ്ങളെ ഗ്രാമ-നഗര വ്യത്യാസമില്ലാതെ ഡിജിറ്റല്‍ യുഗത്തിലേക്ക് കൊണ്ടുവരാനുള്ള നീക്കത്തിലാണ് കേന്ദ്രസര്‍ക്കാര്‍. []

ഇതിന്റെ ഭാഗമായി  ജനങ്ങള്‍ക്ക് 2.5 കോടി മൊബൈല്‍ ഫോണുകളും 90 ലക്ഷം ടാബ്‌ലെറ്റുകളും സൗജന്യമായി നല്‍കാനാണ് സര്‍ക്കാരിന്റെ തീരുമാനം.

2014-15 കാലഘട്ടത്തില്‍ പദ്ധതി നിലവില്‍ കൊണ്ടു വരുന്നതിനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍ എന്നാണ് അറിയുന്നത്. ഗ്രാമീണ മേഖലയിലുള്ളവര്‍ക്ക് വേണ്ടിയാകും ഈ പദ്ധതി നിലവില്‍ കൊണ്ടുവരിക.

7,860 കോടി രൂപയാണ് സര്‍ക്കാര്‍ ഇതിനായി നീക്കിവെക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. രാജ്യത്തെ പൗരന്‍മാര്‍ക്ക് മൊബൈല്‍ ഫോണ്‍ സൗജന്യമായി നല്‍കുന്നതോടൊപ്പം ത്‌നനെ രണ്ട് വര്‍ഷത്തേക്ക് കണക്ഷന്‍ ചാര്‍ജും സൗജന്യമായി നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്.

ഉപഭോക്താവ് ഒരുതവണ 300 രൂപ അടയ്ക്കുമ്പോള്‍ രണ്ടുവര്‍ഷത്തേക്ക് ഓരോ മാസവും 30 മിനിറ്റ് സംസാരസമയവും 30 മെസേജുകളും 30 എംബി ഡേറ്റയും സൗജന്യമായി ലഭിക്കുകയും ചെയ്യും

ഗ്രാമീണ പ്രദേശങ്ങളില്‍ പഠിക്കുന്ന പ്ലസ് വണ്‍, പ്ലസ് ടു ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്കായിരിക്കും ടാബ്‌ലറ്റുകള്‍ നല്‍കുക. ഇവര്‍ക്ക് രണ്ടു വര്‍ഷത്തേയ്ക്ക് സൗജന്യ ഡേറ്റാ കണക്ഷനും ലഭ്യമാക്കും.

ഇവയടങ്ങിയ നിര്‍ദേശം ടെലികമ്യൂണിക്കേഷന്‍ വകുപ്പ് ടെലികോം കമ്മിഷന് സമര്‍പ്പിച്ചു കഴിഞ്ഞു. ഇനി ഈ നിര്‍ദേശം ടെലികോം കമ്മീഷന്‍ അംഗീകരിച്ചാല്‍ പദ്ധതിയുടെ വിശദവിവരങ്ങള്‍ കേന്ദ്രസര്‍ക്കാരിന് കൈമാറുമെന്നാണ് അറിയുന്നത്.

സര്‍ക്കാരിന് വേണ്ടി ബി.സി.എന്‍.എല്‍ ആവും പദ്ധതി നടപ്പാക്കുക. ആദ്യ വര്‍ഷം 25 ലക്ഷം മൊബൈലുകളും 15 ലക്ഷം ടാബ്ലറ്റുകളുമാവും വിതരണം ചെയ്യുക.

395 കോടിയും 772.5 കോടിയുമാണ് ഇതിനായി നീക്കിവെച്ചത്. രണ്ടാമത്തെ വര്‍ഷം 50 ലക്ഷം ഫോണുകളും 35 ലക്ഷം ടാബ്ലറ്റുകളും നല്‍കും. 880 കോടി, 1858.75 കോടിയുമാണ് ഇതില്‍ നീക്കിവെച്ചത്.

We use cookies to give you the best possible experience. Learn more