| Thursday, 5th March 2020, 9:09 am

സമൂഹമാധ്യമങ്ങള്‍ക്ക് കൂടുതല്‍ കര്‍ശന നടപടികള്‍: കേന്ദ്രസര്‍ക്കാരിന്റെ പുതിയ നീക്കം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: സമൂഹമാധ്യമങ്ങള്‍ക്ക് കര്‍ശന നിയന്ത്രണമേര്‍പ്പെടുത്താനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. വിദ്വേഷവും പ്രകോപനപരമായ സന്ദേശങ്ങളും പ്രചരിപ്പിക്കാനുള്ള മാര്‍ഗങ്ങളായി സമൂഹ മാധ്യമങ്ങള്‍ മാറിയെന്ന് ബോധ്യമായതിനാലാണ് നടപടികള്‍ സ്വീകരിക്കാനൊരുങ്ങുന്നതെന്നാണ് സര്‍ക്കാരിന്റെ വാദം.

ദല്‍ഹിയില്‍ മുസ്‌ലിങ്ങള്‍ക്കെതിരെ ഹിന്ദുത്വ തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ കേന്ദ്രത്തിനെതിരെ വലിയ പ്രതിഷേധമാണ് പ്രതിപക്ഷം ഉയര്‍ത്തുന്നത്. ഇതിന്റെ പശ്ചാത്തലത്തിലാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ നടപടി.

ദല്‍ഹി കലാപവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ആഭ്യന്തര മന്ത്രാലയം വിളിച്ചു ചേര്‍ത്ത യോഗത്തില്‍ സമൂഹമാധ്യമങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ന്നിരുന്നു. ഫെബ്രുവരി 23, 24 തിയതികളില്‍ കലാപത്തെ സംബന്ധിച്ച നിരവധി ട്വീറ്റുകള്‍ വരുകയും ഇത് തെറ്റായ വാര്‍ത്തകള്‍ പ്രചരിക്കാന്‍ ഇടയാക്കുകയും ചെയ്തതായി ദല്‍ഹി പൊലിസ് കമ്മിഷണര്‍ ചൂണ്ടിക്കാട്ടി.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

യോഗത്തില്‍ ഗൂഗിള്‍, ഫേസ്ബുക്ക്, വാട്‌സ്ആപ്പ്, ടിക്‌ടോക്, ട്വിറ്റര്‍ പ്രതിനിധികളും ഐ.ടി വകുപ്പും പങ്കെടുത്തു.

സമൂഹ മാധ്യമങ്ങള്‍ക്കായി പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങളും നിയന്ത്രണങ്ങളും നടപ്പില്‍ വരുത്താനാണ് ഉദ്ദേശിക്കുന്നതെന്ന് ഐ.ടി മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ പറഞ്ഞതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

വിവിധ സമൂഹമാധ്യമങ്ങളിലെ പ്രതിനിധികളും വകുപ്പ് ഉദ്യോഗസ്ഥരും തമ്മില്‍ എല്ലാ മാസവും സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ എത്രമാത്രം പാലിക്കപ്പെടുന്നു എന്ന് പരിശോധിക്കാനായി യോഗങ്ങള്‍ നടത്താറുണ്ട്. ഫേസ്ബുക്കും വാട്‌സ്ആപ്പുമാണ് സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പാലിക്കുന്നതില്‍ മുന്‍പന്തിയിലുള്ളത്. ട്വിറ്ററാണ് ഇക്കാര്യത്തില്‍ ഏറ്റവും പിന്നില്‍.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

സര്‍ക്കാര്‍ നിയമങ്ങള്‍ നടപ്പാക്കുന്നതില്‍ വളരെയേറെ സമയമെടുക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ട്വിറ്ററിനെതിരെ കര്‍ശന മുന്നറിയിപ്പുകള്‍ സര്‍ക്കാര്‍ നല്‍കിക്കഴിഞ്ഞു. ഐ.ടി നിയമത്തിലെ സെക്ഷന്‍ 69എ പ്രകാരം ഏതു കാര്യവും ഓണ്‍ലൈനില്‍ നിന്നും നീക്കം ചെയ്യാന്‍ സമൂഹമാധ്യമങ്ങളോട് ആവശ്യപ്പെടാനാകും. ഈ നിര്‍ദേശങ്ങളോട് ട്വിറ്റര്‍ വേഗത്തില്‍ പ്രതികരിക്കുകയോ നടപ്പില്‍ വരുത്തുകയോ ഇല്ലെന്നാണ് കേന്ദ്രത്തിന്റെ പരാതി.

കേന്ദ്ര സര്‍ക്കാര്‍ ഐ.ടി നിയമത്തില്‍ പുതിയ മാറ്റങ്ങള്‍ കൂടി കൊണ്ടുവരുന്നതോടെ സമൂഹമാധ്യമങ്ങള്‍ കടുത്ത നിയന്ത്രണത്തിന് കീഴിലാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

We use cookies to give you the best possible experience. Learn more