എസ്.എസ്.എയുടെ കണക്ക് അനുസരിച്ച് സംസ്ഥാനത്ത് ഒരുലക്ഷത്തി അന്‍പത്തിനാലായിരം ഭിന്നശേഷിയുള്ള വിദ്യാര്‍ഥികള്‍ പൊതുവിദ്യാലയങ്ങളില്‍ പഠിക്കുന്നുണ്ട്. ഇവരെ പഠിപ്പിക്കാന്‍ 1300ഓളം അധ്യാപകരാണുണ്ടായിരുന്നത്. എന്നാല്‍ ഈ വര്‍ഷം വിദ്യാര്‍ഥികളുടെ എണ്ണം കുറച്ചുകാണിച്ച് അഞ്ഞൂറോളം അധ്യാപകരെ ജോലിയില്‍ നിന്ന് ഒഴിവാക്കുകയാണ് സര്‍ക്കാര്‍ ചെയ്തിരിക്കുന്നത്. നിര്‍ധന കുടുംബങ്ങളിലെ ഭിന്നശേഷി വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസം ഇതോടെ പെരുവഴിയില്‍ ആയിരിക്കുകയാണ്.
എസ്.എസ്.എയുടെ കീഴില്‍ റിസോഴ്‌സ് അധ്യാപകരാണ് ഭിന്നശേഷി വിദ്യാര്‍ഥികളെ പഠിപ്പിക്കുന്നത്. അന്ധര്‍, ബധിരര്‍, മൂകര്‍, കാഴ്ചക്കുറവുള്ളവര്‍, ഓട്ടിസം, സെറിബ്രല്‍ പാള്‍സി, ഒന്നിലധികം വൈകല്യങ്ങള്‍ ബാധിച്ചവര്‍, മാനസിക വളര്‍ച്ചാ മാന്ദ്യം ബാധിച്ചവര്‍, ചലനേന്ദ്രിക വൈകല്യം ബാധിച്ചവര്‍, പഠനവൈകല്യം ബാധിച്ചവര്‍ തുടങ്ങിയ വൈകല്യങ്ങളുള്ള വിദ്യാര്‍ഥികളെ പഠിപ്പിക്കാന്‍ ഈ വിഷയങ്ങളില്‍ സ്‌പെഷല്‍ ട്രെയിനിങ് കഴിഞ്ഞവരേയാണ് റിസോഴ്‌സ് അധ്യാപകരായി നിയമിക്കുന്നത്. കഴിഞ്ഞവര്‍ഷം വരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിച്ചിരുന്ന റിസോഴ്‌സ് അധ്യാപകരെ ഈ അധ്യയനവര്‍ഷം ദിവസവേതനാടിസ്ഥാനത്തിലാണ് നിയമിച്ചിരിക്കുന്നത്.
തീര്‍ത്തും അവശരായ ഭിന്നശേഷിയുള്ള വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്ന ഹോംബെയ്‌സ് എഡ്യുക്കേഷന്‍, വിദ്യാര്‍ഥികള്‍ക്കായുള്ള മെഡിക്കല്‍ ക്യാമ്പുകള്‍, രക്ഷിതാക്കള്‍ക്കുള്ള ബോധവത്കരണ ക്ലാസുകള്‍, പൊതുവിദ്യാലയങ്ങളിലെ അധ്യാപകര്‍ക്കുള്ള പരിശീലനം തുടങ്ങി എസ്.എസ്.എയുടെ എല്ലാ ചുമതലകളും റിസോഴ്‌സ് അധ്യാപകരാണ് നിര്‍വഹിക്കുന്നത്. ഇതിനു പുറമേ ജില്ലയിലെ ഓട്ടിസം സെന്ററുകളുടെ ചുമതലയും ഇവര്‍ക്കാണ്. എന്നാല്‍ ആവശ്യമായ അധ്യാപകരെ നിയമിക്കാത്തതിനാല്‍ എസ്.എസ്.എയുടെ എല്ലാ പ്രവര്‍ത്തനങ്ങളും താളെതെറ്റിയിരിക്കുന്നു.
ഭിന്നശേഷിയുള്ള വിദ്യാര്‍ഥികള്‍ക്ക് ഇംഗ്ലൂസീവ് എഡ്യുക്കേഷനാണ് നല്‍കേണ്ടതെന്നാണ് വിദഗ്ധര്‍ പറയുന്നത്. എസ്.എസ്.എയുടെ നയവും അതുതന്നെയാണ്. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ സര്‍ക്കാര്‍-എയ്ഡഡ് സ്‌കൂളുകളിലെ ഭിന്നശേഷിയുള്ള വിദ്യാര്‍ഥികളെ പരിശീലിപ്പിക്കാന്‍ അധ്യാപകരെ നിയമിക്കുന്നതിനു പകരം ഇവര്‍ക്കായി പ്രത്യേകം എയ്ഡഡ് സ്‌കൂളുകള്‍ക്ക് അനുമതി നല്‍കുകയാണ് ചെയ്യുന്നത്.
ഇതിനെതിരെ റിസോഴ്‌സ് അധ്യാപകര്‍ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. മെയ് മാസത്തില്‍ സെക്രട്ടറിയേറ്റിനു മുമ്പില്‍ അനിശ്ചിതകാല നിരാഹാര സമരം നടത്തുകയും ചെയ്തിരുന്നു. ഇതേത്തുടര്‍ന്ന് ജൂണില്‍ അധ്യാപകരെ നിയമിക്കുമെന്ന ഉറപ്പ് സര്‍ക്കാര്‍ ഇവര്‍ക്കു നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ ഇതു പാലിക്കപ്പെട്ടിട്ടില്ല.
ഈ സാഹചര്യത്തില്‍ അധ്യാപകരും രക്ഷിതാക്കളും വീണ്ടും പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ്. ഭിന്നശേഷി വിദ്യാര്‍ഥികളോടുള്ള അവഗണന അവസാനിപ്പിക്കുക, റിസോഴ്‌സ് അധ്യാപകരെ പുനര്‍നിയമിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് കോഴിക്കോട് ജില്ലാ എസ്.എസ്.എ പ്രോജക്ട് ഓഫീസിനു മുമ്പില്‍ കഴിഞ്ഞദിവസം പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. കൂടുതല്‍ ശക്തമായ സമരപരിപാടിയുമായി മുന്നോട്ടുപോകാനാണ് രക്ഷിതാക്കളുടെയും അധ്യാപകരുടെയും തീരുമാനം.
പ്രതിഷേധ കൂട്ടായ്മ ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗം എസ്.കെ സജീഷ് ഉദ്ഘാടനം ചെയ്തു. കെ.പി ലിജുകുമാര്‍, റിയാസ് ടി.കെ, പ്രസീത എന്നിവര്‍ സംസാരിച്ചു. സജിന്‍ കുമാര്‍ വി സ്വാഗതവും ഷാനിബ നന്ദിയും പറഞ്ഞു.