| Saturday, 8th August 2015, 11:43 am

യാക്കൂബ് മേമന്‍: എന്‍.ഡി.ടി.വി, ആജ്തക്, എ.ബി.പി ന്യൂസ് ചാനലുകള്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ നോട്ടീസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി:  യാക്കൂബ് മേമന്റെ വധശിക്ഷയുമായി ബന്ധപ്പെട്ട് വാര്‍ത്തകളും അഭിമുഖങ്ങളും പ്രക്ഷേപണം ചെയ്തതിന് എന്‍.ഡി.ടി.വി, എ.ബി.പി ന്യൂസ്, ആജ്തക് എന്നീ ചാനലുകള്‍ക്ക് ബി.ജെ.പി സര്‍ക്കാര്‍ നോട്ടീസ് അയച്ചു. മേമനെ തൂക്കിലേറ്റിയതിന് പിന്നാലെ ഇന്ത്യന്‍ ജുഡീഷ്യറിയെയും രാഷ്ട്രപതിയെയും അപമാനിക്കുന്ന തരത്തില്‍ വാര്‍ത്തകള്‍ നല്‍കി എന്നാരോപിച്ച് കൊണ്ടാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്.

കേബിള്‍ ടെലിവിഷന്‍ നെറ്റ്‌വര്‍ക്ക് നിയമത്തിന് കീഴിലുള്ള 1 (ഡി), 1(ജി), 1(ഇ) എന്നീ വകുപ്പുകള്‍ പ്രകാരമാണ് ചാനലുകള്‍ക്കെതിരെ സര്‍ക്കാര്‍ കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിരിക്കുന്നത്. 15 ദിവസത്തിനകം മറുപടി പറയണമെന്നാണ് നോട്ടീസിലുള്ളത്.

മേമനെ തൂക്കിലേറ്റിയ ദിവസം അധോലോക നായകന്‍ ഛോട്ട ഷക്കീലുമായുള്ള ടെലിഫോണ്‍ അഭിമുഖം ആജ്തകും എ.ബി.പി ന്യൂസും പ്രക്ഷേപണം ചെയ്തിരുന്നു. മേമന്‍ നിരപരാധിയാണെന്നും ഒറ്റ ദിവസം കൊണ്ട് നാല് ഹര്‍ജികള്‍ തള്ളിക്കളഞ്ഞ ജുഡീഷ്യറിയുടെ നടപടി തെറ്റാണെന്നും കോടതിയില്‍ വിശ്വസമില്ലെന്നും ഛോട്ട ഷക്കീല്‍ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

യാക്കൂബ് മേമന്റെ അഭിഭാഷകനുമായിട്ടുള്ള അഭിമുഖമായിരുന്നു എന്‍.ഡി.ടി.വി പുറത്ത് വിട്ടിരുന്നത്. ഇദ്ദേഹം മേമന്റെ വധശിക്ഷക്കെതിരെ സംസാരിക്കുകയും വധശിക്ഷ ഒഴിവാക്കിയ മറ്റ് രാഷ്ട്രങ്ങളെ കുറിച്ച് പറയുകയും ചെയ്തിരുന്നു.

മുതിര്‍ന്നവര്‍ക്കുള്ള ചാനലാണെന്ന് ചൂണ്ടിക്കാട്ട് എന്‍.ഡി.ടി.വി ഗുഡ് ടൈംസിനെയും ഇന്ത്യയുടെ ഭൂപടം തെറ്റായി ചിത്രീകരിച്ചുവെന്ന് ചൂണ്ടിക്കാട്ടി അല്‍ ജസീറയെയും കേന്ദ്ര സര്‍ക്കാര്‍ കുറച്ച് നാളേക്ക് വിലക്കിയിരുന്നു.

We use cookies to give you the best possible experience. Learn more