ന്യൂ ദല്‍ഹി: സൈന്യം, നാവികസേന, വ്യോമസേന എന്നിവയുടെ നിയന്ത്രണം ഒരു കമാന്‍ഡറിന്റെ കീഴില്‍ കൊണ്ടുവരുന്നതിനായുള്ള നടപടികളുമായി കേന്ദ്ര സര്‍ക്കാര്‍. ഇതിനെതിരായ നിയമചട്ടങ്ങളില്‍ ഭേദഗതി വരുത്തി മൂന്ന് സേനകളുടെയും മാനവശേഷികളും സ്വത്തുക്കളും ത്രീസ്റ്റാര്‍ ലെവലിലുള്ള ഒരു ജനറലിന്റെ അധികാരത്തിലാക്കാനാണ് നീക്കം.
മൂന്നു സേനകളില്‍ ഏതെങ്കിലും ഒന്നിന്റെ തലവന് മറ്റു രണ്ട് സേനകളുടേകൂടി അധികാരം നല്‍കുന്നതാണ് ഈ തീരുമാനം എന്ന് സര്‍ക്കാര്‍ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നതായി അധികൃതര്‍ അറിയിച്ചു.
2001 ഒക്ടോബറില്‍ ആന്തമാനിലാണ് ഇന്ത്യയിലെ ആദ്യത്തെ തിയറ്റര്‍ കമാന്‍ഡിങ് ഓപ്പറേഷന്‍ നടപ്പിലാക്കിയത്. എന്നാല്‍ മൂന്നു സേനകള്‍ക്കിടയിലേയും സുഗമമായ ആശയവിനിമയ വീഴ്ച്ചകളടക്കം പല കാരണങ്ങളെക്കൊണ്ടും ഈ ഓപ്പറേഷന്‍ പരാജയപ്പെട്ടു. അതുകൊണ്ടുതന്നെ, ആന്തമാന്‍ ആന്‍ഡ് നിക്കോബാര്‍ കമാന്‍ഡിനെ (എ.എന്‍.സി) പ്രത്യേകം പരിഗണിച്ചാണ് ഈ നീക്കം.
“ഇത് ഒരു ചെറിയ ഘടനാപരമായ പരിഷ്‌ക്കരണമായി തോന്നിയേക്കാം, എന്നാല്‍ മൂന്ന് വ്യത്യസ്ത ദിശയില്‍ നീങ്ങിയിരുന്ന ഇന്ത്യന്‍ സേനകള്‍ക്ക് സൈനിക വ്യവസ്ഥിതിയിലെ സുപ്രധാന വ്യതിയാനത്തെയാണ് ഈ മാറ്റം പ്രതിനിധാനം ചെയ്യുന്നത്. കരസേന, നാവികസേന, വ്യോമസേന നിയമ പരിഷ്‌കാരം രാജ്യത്ത് ഒരു ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫിനെ (സി.ഡി.എസ്) നിയമിക്കുന്നതിനുള്ള ആദ്യ ചുവടുവെപ്പാണ്”, അധികൃതര്‍ പറഞ്ഞു.