| Tuesday, 21st November 2017, 10:45 pm

കാശ്മീരില്‍ സുരക്ഷാ സേനയ്ക്ക നേരെ കല്ലെറിഞ്ഞ 4500 യുവാക്കളുടെ കേസുകള്‍ പിന്‍വലിക്കുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കാശ്മീരില്‍ സുരക്ഷാ സേനയ്ക്കു നേരെ കല്ലെറിഞ്ഞവര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ പിന്‍വലിക്കുന്നു. കാശ്മീര്‍ പ്രശ്നം പരിഹരിക്കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച പ്രതിനിധി ദിനേശ്വര്‍ ശര്‍മ ഇതുസംബന്ധിച്ച നിര്‍ദ്ദേശം കേന്ദ്രസര്‍ക്കാരിന് നല്‍കി.

കേസ് പിന്‍വലിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ കാശ്മീര്‍ സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കിയതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

4500 യുവാക്കള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസുകളാണ് ആദ്യഘട്ടത്തില്‍ പിന്‍വലിക്കുന്നത്.  11,500 കേസുകളാണ് പ്രതിഷേധക്കാര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

Also Read: ‘അരമണിക്കൂര്‍ വൈദ്യുതി പോയാല്‍ പരിസ്ഥിതിവാദികള്‍ പോലും ക്ഷമിക്കില്ല’; അതിരപ്പിള്ളി പദ്ധതി ഇന്നല്ലെങ്കില്‍ നാളെ നടപ്പാക്കുമെന്ന് എം.എം മണി


ഹിസ്ബുള്‍ ഭീകരന്‍ ബുര്‍ഹാന്‍ വാനിയെ സൈന്യം വധിച്ചതിന് പിന്നാലെ പൊട്ടിപ്പുറപ്പെട്ട പ്രതിഷേധത്തിനിടെയാണ് സംസ്ഥാനത്ത് വ്യാപകമായി കല്ലേറ് ഉണ്ടായത്. ഈമാസമാദ്യം ദിനേശ്വര്‍ ശര്‍മ കശ്മിര്‍ സന്ദര്‍ശിച്ചിരുന്നു. സന്ദര്‍ശനത്തിനിടെ നിരവധി ആളുകളുമായി നടത്തിയ കൂടിക്കാഴ്ചക്കിടെ കേസുകള്‍ പിന്‍വലിക്കണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു.

അതേസമയം പുറത്തുവന്ന വാര്‍ത്തകളോട് പ്രതികരിക്കാന്‍ ദിനേശര്‍ ശര്‍മ വിസമ്മതിച്ചു. കശ്മീരില്‍ സമാധാനം കൊണ്ടുവരികയെന്നതാണ് തന്റെ ദൗത്യമെന്നും അതിന് യുവാക്കളുടെയും വിദ്യാര്‍ഥികളുടെയും പിന്തുണ ആവശ്യമാണെന്നും അദ്ദേഹം പിന്നീട് പറഞ്ഞു.

ഭീകര സംഘടനയില്‍ പ്രവര്‍ത്തിച്ചതിന് ശേഷം സൈന്യത്തിന് മുന്നില്‍ കീഴടങ്ങിയ കാശ്മീര്‍ യുവാക്കളെ പുന:രധിവസിപ്പിക്കുന്ന കാര്യവും കേന്ദ്രസര്‍ക്കാരിന്റെ പരിഗണനയിലുണ്ട്. ഇക്കാര്യത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ്, പ്രതിരോധ മന്ത്രി നിര്‍മ്മല സീതാരാമന്‍ എന്നിവരും കാശ്മീരില്‍ നിന്നുള്ള പ്രതിനിധികളും ചര്‍ച്ച നടത്തും.

We use cookies to give you the best possible experience. Learn more