| Friday, 15th February 2019, 8:04 am

ലഫ്റ്റനന്റ് ഗവര്‍ണര്‍ ഭരണഘടനാ വിരുദ്ധമായി ഇടപെടുന്നു; വി.നാരായണസ്വാമിയുടെ നേതൃത്വത്തിലുള്ള സമരം രണ്ടാം ദിവസം

ഡൂള്‍ന്യൂസ് ഡെസ്‌ക്

പുതുച്ചേരി: പുതുച്ചേരിയില്‍ മുഖ്യമന്ത്രി വി. നാരായണ സ്വാമിയുടെ നേതൃത്വത്തില്‍ നടക്കുന്ന സമരം രണ്ടാം ദിവസത്തിലേക്ക്. മന്ത്രിസഭാ തീരുമാനങ്ങളില്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ ഭരണഘടനാ വിരുദ്ധമായി ഇടപെടുന്നുവെന്ന് ആരോപിച്ചാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ മന്ത്രിമാരും ഭരണപക്ഷ എം.എല്‍.എമാരും സമരം നടത്തുന്നത്. ഗവര്‍ണറുടെ ഔദ്യോഗിക വസതിയായ രാജ് നിവാസിന് മുന്നിലാണ് സമരം.

ജനാധിപത്യ വ്യവസ്ഥയില്‍ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ഗവര്‍ണര്‍ ശ്രമിക്കുന്നുവെന്നാണ് ആരോപണം. കറുത്ത വസ്ത്രം ധരിച്ചാണ് നാരായണസ്വാമി സമരത്തിനിരിക്കുന്നത്.

ALSO READ: ഭീകരാക്രമണത്തില്‍ ഗുരുതര വീഴ്ച; ജയ്‌ഷെ നല്‍കിയ സൂചന സുരക്ഷാ ഏജന്‍സികള്‍ അവഗണിച്ചു

“കിരണ്‍ബേദിക്ക് എല്ലാത്തിലും ഇടപെടാനുള്ള അധികാരമില്ല, മന്ത്രിമാര്‍ അയക്കുന്ന പേപ്പറുകളില്‍ ഒപ്പ് വെക്കുക എന്നത് മാത്രമാണ് അവരുടെ ചുമതല. മന്ത്രിസഭാ തീരുമാനങ്ങളില്‍ ഇടപെടാനുള്ള അധികാരം അവര്‍ക്കില്ല. സര്‍ക്കാരിനുമേല്‍ പ്രതിസന്ധികള്‍ സൃഷ്ടിക്കാന്‍ അവരെ പ്രധാനമന്ത്രിയാണ് പ്രേരിപ്പിക്കുന്നത്.” നാരായണസ്വാമി എന്‍.ഐ.എയോട് പറഞ്ഞു.

ഈ മാസം 21 ന് ചര്‍ച്ച നടത്താമെന്ന് അറിയിച്ച ലഫ്റ്റനന്റ് ഗവര്‍ണര്‍ കിരണ്‍ ബേദി കഴിഞ്ഞ ദിവസം ദല്‍ഹിയിലേക്ക് തിരിച്ചിരുന്നു.
ലഫ്റ്റനന്റ് ഗവര്‍ണര്‍ ഇന്ന് തിരിച്ചെത്തിയില്ലെങ്കില്‍ സമരം തല്‍ക്കാലമായി നിര്‍ത്തിവച്ച് ഇരുപതാം തീയതി പുനരാരംഭിക്കാനാണ് മുഖ്യമന്ത്രി വി നാരായണസ്വാമിയുടെ തീരുമാനം.

We use cookies to give you the best possible experience. Learn more