ന്യൂദൽഹി: പൊതുമേഖല സ്ഥാപനമായ പ്രതിരോധ എഞ്ചിനീയറിംഗ് കമ്പനിയായ ബി.ഇ.എം.എല്ലിലെ ഓഹരികൾ വിറ്റഴിക്കാൻ കേന്ദ്രസർക്കാർ.
ബി.ഇ.എം.എല്ലിലെ 26 ശതമാനം ഓഹരികൾ വിറ്റഴിക്കാനുള്ള ബിഡ്ഡുകളാണ് ക്ഷണിച്ചിരിക്കുന്നത്.
സർക്കാർ ഉടമസ്ഥതയിലുള്ള ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ്, കണ്ടെയ്നർ കോർപ്പറേഷൻ ഓഫ് ഇന്ത്യ, ഷിപ്പിങ്ങ് കോർപ്പറേഷൻ ഓഫ് ഇന്ത്യ, എയർ ഇന്ത്യ തുടങ്ങിയ സ്ഥാപനങ്ങളിലെ ഓഹരി വിൽപ്പനയ്ക്ക് പിന്നാലെയാണ് ബി.ഇ.എം.എൽ ഓഹരികളും വിൽക്കാൻ സർക്കാർ തയ്യാറെടുക്കുന്നത്.
പ്രതിരോധ മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തിൽ പ്രവർത്തിക്കുന്ന മിനിരത്ന കാറ്റഗറി 1 പൊതുമേഖല കമ്പനിയാണ് ബി.ഇ.എം.എൽ. 1964 മെയ് 11നാണ് കമ്പനി രൂപീകരിച്ചത്.
നിലവിൽ സർക്കാരിന് ബി.ഇ.എം.എല്ലിൽ 54 ശതമാനം ഓഹരിയാണ് ഉള്ളത്. ഇതിൽ 26 ശതമാനം കൂടി നഷ്ടമാകുന്നതോടെ സർക്കാരിന് സ്ഥാപനത്തിലുള്ള നിയന്ത്രണം കുറയും.
ഓപ്പൺ മത്സര ബിഡ്ഡിങ്ങിലൂടെയാണ് വിൽപ്പന നടക്കുക. രാജ്യത്ത് പൊതുമേഖല സ്ഥാപനങ്ങൾ വൻതോതിൽ വിറ്റഴിക്കുന്നതിനെതിരെ വലിയ വിമർശനം ഉയരുന്നതിനിടയിലാണ് സർക്കാർ ബി.ഇ.എം.എല്ലും വിൽപ്പനയ്ക്ക് വെക്കുന്നത്.