സംശയാസ്പദമായ പശ്ചാത്തലമുള്ള സ്വകാര്യ കമ്പനികൾക്ക് ഇരുമ്പ് ഖനികൾ അനുവദിക്കുന്ന ഖനി, ഉരുക്ക് മന്ത്രാലയങ്ങൾ പൊതുസ്ഥാപനമായ രാഷ്ട്രീയ ഇസ്പത് നിഗം ലിമിറ്റഡിന് ഇരുമ്പ് അയിരിന്റെ ഒരു ബ്ലോക്ക് അനുവദിക്കുന്ന കാര്യത്തിൽ അനാവശ്യ പിടിവാശിയാണ് കാണിക്കുന്നതെന്ന് മുൻ കേന്ദ്ര സർക്കാർ സെക്രട്ടറി ഇ.എ.എസ്. ശർമ
ന്യൂദൽഹി: പൊതുസ്ഥാപനങ്ങളെ അവഗണിച്ചുകൊണ്ട് സ്വകാര്യ കമ്പനികൾക്ക് കേന്ദ്ര സർക്കാർ നൽകുന്ന പരിഗണനക്കെതിരെ മുൻ കേന്ദ്ര സെക്രട്ടറി ഇ.എ.എസ്. ശർമ. സി.ബി.ഐ പോലുള്ള കേന്ദ്ര അന്വേഷണ ഏജൻസികളുടെ അന്വേഷണത്തിൽ ഇരിക്കുമ്പോൾ പോലും സ്വകാര്യ സ്ഥാപനങ്ങൾക്ക് ഈ പരിഗണന ലഭിക്കുന്നുണ്ടെന്ന് ശർമ പറഞ്ഞു.
ബി.എസ്.എല്ലിന് ഇരുമ്പ് ഖനികൾ അനുവദിച്ചതിൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ശർമ, ക്യാബിനറ്റ് സെക്രട്ടറി രാജിബ് ഗൗബക്ക് കത്തെഴുതി.
‘56,000 കോടി രൂപയുടെ ബാങ്ക് തിരിമറിയിൽ ഇ.ഡിയുടെ അന്വേഷണം നേരിടുന്ന ഭൂഷൺ സ്റ്റീൽ ലിമിറ്റഡ് (ബി.എസ്.എൽ) ആണ് ഇത്തരത്തിൽ പരിഗണന ലഭിക്കുന്ന കമ്പനികളിലൊന്ന്. സ്ഥാപനത്തിനെതിരെ ഇ.ഡി റെയ്ഡുകൾ നടക്കുന്നത് ഇപ്പോഴാണെങ്കിലും ആർ.ബി.ഐ 2017ൽ ‘മോശം കുടിശ്ശിക’യിലുള്ള സ്ഥാപനമായി കണ്ടെത്തിയിരുന്നു. എന്നിട്ടും മൂല്യമേറിയ രണ്ട് ഇരുമ്പയിര് ബ്ലോക്കുകളാണ് ഒഡീഷയിൽ സർക്കാർ അനുവദിച്ചത്,’ ശർമ കത്തിൽ പറയുന്നു.
എന്നാൽ പൊതുസ്ഥാപനമായ രാഷ്ട്രീയ ഇസ്പത് നിഗം ലിമിറ്റഡിന് (ആർ.ഐ.എൻ.എൽ) ഇരുമ്പ് അയിരിന്റെ ഒരു ബ്ലോക്ക് അനുവദിക്കുന്ന കാര്യത്തിൽ അനാവശ്യ പിടിവാശിയാണ് കാണിക്കുന്നതെന്ന് ശർമ പറയുന്നു. ധനകാര്യ മന്ത്രാലയം ആർ.ഐ.എൻ.എല്ലിന് സാമ്പത്തിക സഹായം നൽകാത്തത് കൊണ്ട് ജിൻഡാൽ ഗ്രൂപ്പിൽ നിന്ന് സ്ഥാപനത്തിന് 900 കോടി രൂപയുടെ സഹായം സ്വീകരിക്കേണ്ടി വന്നു.
ഉരുക്ക് മന്ത്രാലയം ആർ.ഐ.എൻ.എല്ലിനെ ബോധപൂർവം ദുർബലപ്പെടുത്തുകയാണ് എന്നും ശർമ ആരോപിച്ചു.