തിരുവനന്തപുരം: കുട്ടികളെ സ്‌കൂളില്‍ ചേര്‍ക്കുമ്പോള്‍ നിര്‍ബന്ധമായും വാക്‌സിന്‍ എടുത്തിരിക്കണമെന്ന നിര്‍ദ്ദേശമടക്കമുള്ള കരട് ആരോഗ്യനയത്തിന് മന്ത്രിസഭാ യോഗത്തിന്റെ അംഗീകാരം. ആരോഗ്യവകുപ്പിനെ രണ്ടായി വിഭജിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.
ഡോ.ബി.ഇക്ബാല്‍ ചെയര്‍മാനായി രൂപീകരിച്ച 17 അംഗ വിദഗ്ദ്ധ സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടാണ് സര്‍ക്കാര്‍ അംഗീകരിച്ചത്. പൊതുജനാരോഗ്യം, ക്ലിനിക്കല്‍ വിഭാഗം എന്നിങ്ങനെ രണ്ടായാണ് ആരോഗ്യ വകുപ്പിനെ വിഭജിക്കുക. മെഡിക്കല്‍ റിക്രൂട്ട്‌മെന്റ് ബോര്‍ഡ് രൂപീകരിക്കാനും ശുപാര്‍ശയുണ്ട്.
ജില്ലാ ആശുപത്രികള്‍ മുതല്‍ റഫറല്‍ സംവിധാനം കര്‍ശനമാക്കും. താഴെത്തട്ടിലുള്ള പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ മുഴുവന്‍ കുടുംബാരോഗ്യ കേന്ദ്രമായി ഉയര്‍ത്തും. ഇവിടങ്ങളിലെ ഡോക്ടര്‍മാരെ നിശ്ചിത കുടുംബങ്ങളിലെ ഡോക്ടര്‍മാരായി നിയമിക്കാനും ശുപാര്‍ശയുണ്ട്.
പ്രാഥമികാരോഗ്യ കേന്ദ്രങ്ങളേയും ജില്ലാ ആശുപത്രികളേയും മെഡിക്കല്‍ കോളേജുകളേയും ബന്ധിപ്പിച്ച് ആരോഗ്യ ശൃംഖല സൃഷ്ടിക്കും. ദേശീയ-സംസ്ഥാന പാതയോരങ്ങളില്‍ പത്ത് കിലോമീറ്റര്‍ അകലത്തില്‍ സ്വകാര്യ ആശുപത്രികളെ ഉള്‍പ്പെടുത്തി ട്രോമാകെയര്‍ സംവിധാനം ഏര്‍പ്പെടുത്തണം.
അലോപ്പതിക്കൊപ്പം ആയുര്‍വേദം, ഹോമിയോ, യുനാനി ചികിത്സയും മരുന്നുകളും ഗ്രാമങ്ങളിലും ഉറപ്പാക്കും. ചികിത്സ സംബന്ധിച്ച പരാതികള്‍ പരിഹരിക്കാന്‍ ഓംബുഡ്‌സ്മാനെ നിയമിക്കാനും ഇത് പിന്നീട് ജില്ലാതലത്തില്‍ വ്യാപിപ്പിക്കാനും ശുപാര്‍ശയുണ്ട്. ആയുര്‍വേദം, ഹോമിയോ, സിദ്ധ-യുനാനി ചികിത്സകളുടെ പഠനപ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുന്നതിന് ആരോഗ്യ സര്‍വകലാശാലയില്‍ നിന്ന് ഇവയെ വേര്‍പെടുത്തി.
കാലാവസ്ഥാ വ്യതിയാന രോഗങ്ങള്‍ എന്നിവയ്ക്കായി പ്രത്യേക വിഭാഗം ആരംഭിക്കാനും ശുപാര്‍ശയുണ്ട്. ആയുഷ് സര്‍വകലാശാല സ്ഥാപിക്കും. ജീവിതശൈലീ രോഗങ്ങള്‍, കേരളത്തിലെ സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രശ്‌നങ്ങള്‍ പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് രൂപീകരിച്ച ജസ്റ്റിസ് കെ.കെ. ദിനേശന്‍ റിപ്പോര്‍ട്ടും മന്ത്രിസഭ തത്വത്തില്‍ അംഗീകരിച്ചു.