അറബി കല്യാണങ്ങള്‍ നടക്കുന്നത് വിവാഹപ്രായം 16 ആക്കിയതിന്റെ പിന്‍ബലത്തില്‍: വി.എസ്
Kerala
അറബി കല്യാണങ്ങള്‍ നടക്കുന്നത് വിവാഹപ്രായം 16 ആക്കിയതിന്റെ പിന്‍ബലത്തില്‍: വി.എസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 28th August 2013, 12:57 pm

[]കോഴിക്കോട്: കോഴിക്കോട് നടന്ന വിവാദ അറബി കല്യാണത്തില്‍ സര്‍ക്കാരും മന്ത്രി മുനീറും മറുപടി പറയണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. മുസ്‌ലീം പെണ്‍കുട്ടികളുടെ വിവാഹപ്രായം 16 ആക്കിയതിന്റെ പിന്‍ബലത്തിലാണ് അറബി കല്യാണം നടന്നതെന്നും വി.എസ് പറഞ്ഞു.

അറബി കല്യാണത്തിനെതിരെ സമൂഹത്തിന്റെ നാനാഭാഗങ്ങളില്‍ നിന്ന് പ്രതിഷേധവും  ഉയരുമ്പോഴും സര്‍ക്കുലര്‍ ഇറക്കാന്‍ ഉത്സാഹം കാട്ടിയ മന്ത്രി മുനീറും സംസ്ഥാന സര്‍ക്കാരും മിണ്ടാതിരിക്കുകയാണ്.[]

സര്‍ക്കാരിന്റേയും മന്ത്രിയുടേയും വകതിരിവില്ലായ്മ മൂലം ഒരു പെണ്‍കുട്ടി ക്രൂരമായ പീഡനത്തിനിരയായ സംഭവത്തില്‍ അടിയന്തരമായി സര്‍ക്കാരും മന്ത്രിയും വിശദീകരണം നല്‍കണം.

അറബി കല്യാണത്തിന്റെ പേരില്‍ പാവപ്പെട്ട മുസ്‌ലീം പെണ്‍കുട്ടികള്‍ കബളിക്കപ്പെടുകയും പീഡിപ്പിക്കപ്പെടുകയുമാണ്. ഇത് ചൂണ്ടിക്കാട്ടിയപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ പുറപ്പെടുവിച്ച സര്‍ക്കുലര്‍ ചൂണ്ടിക്കാട്ടിയാണ് യത്തീംഖാന വിവാഹത്തെ ന്യായീകരിച്ചത്.

രാജ്യത്ത് മുഴുവന്‍ പെണ്‍കുട്ടികളുടെ വിവാഹപ്രായം 18 ആക്കിയിരിക്കുമ്പോഴാണ് ഇല്ലാത്ത നിയമത്തിന്റെ പേരില്‍ സര്‍ക്കാര്‍ സര്‍ക്കുലര്‍ പുറപ്പെടുവിച്ചത്.

2006 ലെ ശൈശവ വിവാഹ നിരോധന നിയമപ്രകാരവും സുപ്രീം കോടതിയുടെ മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധവുമാണ് സര്‍ക്കാറിന്റെ സര്‍ക്കുലര്‍. ഈ സര്‍ക്കുലര്‍ തന്നെ പെണ്‍കുട്ടികളുടെ ജീവിതം അറബികള്‍ക്ക് കശക്കിയെറിയാനും അവസരമൊരുക്കിയെന്നും വി.എസ് പ്രസ്താവനയില്‍ പറഞ്ഞു.