'ഇത് തെരഞ്ഞെടുപ്പ് ബജറ്റ്'; മോദിസര്‍ക്കാറിന്റെ ബജറ്റിനെതിരെ രൂക്ഷവിമര്‍ശനവുമായി ശിവസേന
union budget 2018
'ഇത് തെരഞ്ഞെടുപ്പ് ബജറ്റ്'; മോദിസര്‍ക്കാറിന്റെ ബജറ്റിനെതിരെ രൂക്ഷവിമര്‍ശനവുമായി ശിവസേന
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 1st February 2018, 6:46 pm

മുംബൈ: നരേന്ദ്രമോദി സര്‍ക്കാറിന്റെ അവസാന സമ്പൂര്‍ണ്ണ ബജറ്റിനെതിരെ രൂക്ഷമായ വിമര്‍ശനവുമായി ശിവസേന. അടുത്ത വര്‍ഷം ലോക്‌സഭ തെരഞ്ഞെടുപ്പാണെന്നത് മനസില്‍ കണ്ടുള്ള “തെരഞ്ഞെടുപ്പ് ബജറ്റ്” മാത്രമാണ് ഇന്ന് അവതരിപ്പിച്ചത് എന്ന് ശിവസേന. ഗുജറാത്ത് തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടി, ജി.എസ്.ടി നടപ്പിലാക്കിയതിലെ അപാകത, നോട്ട് നിരോധനം തുടങ്ങിയവ ഉണ്ടാക്കിയ ആഘാതം ഇല്ലാതാക്കാനാണ് ബജറ്റിലൂടെ ശ്രമിച്ചതെന്നും ശിവസേന പറയുന്നു.

“ഈ ബജറ്റ് തെരഞ്ഞെടുപ്പിനെ ലക്ഷ്യമിട്ടുള്ളതാണ്. അതിനാലാണ് വ്യവസായമേഖലയില്‍ നിന്ന് കര്‍ഷകര്‍, ആരോഗ്യസംരക്ഷണം, വിദ്യാഭ്യാസം എന്നിവയിലേക്ക് ബജറ്റിന്റെ ശ്രദ്ധ മാറിയത്.” -അരവിന്ദ് സാവന്ത് പറയുന്നു.

കാലാവസ്ഥാ വ്യതിയാനം മൂലം കൃഷിനാശം സംഭവിച്ച കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കുകയും അവരുടെ വായ്പ്പകള്‍ എഴുതിത്തള്ളുകയും വേണമെന്നും ശിവസേന ശക്തമായി ആവശ്യപ്പെടുന്നതായും സാവന്ത് പറഞ്ഞു.

ഗുജറാത്ത് തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടി, ജി.എസ്.ടി നടപ്പിലാക്കിയതിലെ അപാകത, നോട്ട് നിരോധനം തുടങ്ങിയവ ഉണ്ടാക്കിയ ആഘാതം ഇല്ലാതാക്കാനാണ് ബജറ്റിലൂടെ ശ്രമിച്ചതെന്ന് ശിവസേന വക്താവ് മനിഷ കയാന്ദെ പറഞ്ഞു. ഇന്ധനവിലയിലെ എക്കാലത്തേയും വലിയ വര്‍ധനവ് എന്തുകൊണ്ടാണെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കണമെന്നും അവര്‍ പറഞ്ഞു.

“ദശലക്ഷക്കണക്കിന് ആളുകളാണ് ബാങ്കിങ് മേഖലയിലേക്ക് എത്തുന്നത്. ബാങ്കിങ്ങിനുള്ള സേവന നിരക്കുകള്‍ വര്‍ധിക്കുക മാത്രമാണ് ചെയ്യുന്നത്. സാധാരണക്കാരനുള്ള ആശ്വാസം എവിടെയാണ്? എവിടെയാണ് സാധാരണക്കാര്‍ നിക്ഷേപിക്കേണ്ടത്?” -മനിഷ ചോദിച്ചു. സാനിറ്ററി നാപ്കിനുകള്‍ക്ക് ജി.എസ്.ടിയില്‍ ഇളവ് ലഭിക്കുമെന്നാണ് സ്ത്രീകള്‍ പ്രതീക്ഷിച്ചെങ്കിലും അത് ഉണ്ടായില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.