Kerala News
മുണ്ടക്കൈയിൽ ശാസ്ത്രജ്ഞരെ വിലക്കാൻ ഉത്തരവിട്ടിട്ടില്ല, തെറ്റിദ്ധാരണ ഉണ്ടാക്കുന്ന നിർദേശം ഉടൻ പിൻവലിക്കണം: മുഖ്യമന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2024 Aug 02, 02:23 am
Friday, 2nd August 2024, 7:53 am

തിരുവനന്തപുരം: വയനാട് മുണ്ടക്കൈ- ചൂരല്‍മല ഉരുള്‍പ്പൊട്ടല്‍ ദുരിത മേഖലയില്‍ ശാസ്ത്രജ്ഞര്‍ക്ക് വിലക്കേർപ്പെടുത്താനുള്ള നിർദേശം തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തെറ്റിദ്ധാരണക്ക് കാരണമാകുന്ന നിർദേശം ഉദ്യോ​ഗസ്ഥർ ഉടൻ പിൻവലിക്കണമെന്നും മുഖ്യമന്ത്രി അറിയിച്ചു.

“വയനാട്ടിലെ മേപ്പാടി പഞ്ചായത്ത് ദുരന്ത മേഖലയായി പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ അവിടം സന്ദർശിക്കരുതെന്നും അഭിപ്രായം പറയരുതെന്നും ശാസ്ത്ര സാങ്കേതിക സ്ഥാപനങ്ങളോടും ശാസ്ത്രജ്ഞരോടും സംസ്ഥാന ഡിസാസ്റ്റർ മാനേജ്മെൻറ് അതോറിറ്റി ആവശ്യപ്പെടണമെന്ന് നിർദേശം നൽകിയതായ വാർത്ത തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതാണ്. അത്തരം ഒരു നയം സംസ്ഥാന സർക്കാരിന് ഇല്ല,” മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.

ഉത്തരവ് ഉദ്യോഗസ്ഥർ ഉടൻ പിൻവലിക്കാൻ ഇടപെടണമെന്ന് മുഖ്യമന്ത്രി ചീഫ് സെക്രട്ടറിയോട് നിർദേശിച്ചിട്ടുണ്ടെന്നും പോസ്റ്റിൽ കൂട്ടിച്ചേർത്തു.

കഴിഞ്ഞ ദിവസമാണ് ഉരുള്‍പ്പൊട്ടല്‍ മേഖലയില്‍ ശാസ്ത്രജ്ഞര്‍ക്ക് വിലക്കേർപ്പെടുത്തിക്കൊണ്ട് ദുരന്ത നിവാരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഉത്തരവിറക്കിയത്. ഒരു ശാസ്ത്ര സാങ്കേതിക സ്ഥാപനവും മേപ്പാടി സന്ദര്‍ശിക്കരുതെന്നാണ് ഉത്തരവിൽ പറഞ്ഞത്.

ശാസ്ത്രജ്ഞര്‍ മാധ്യമങ്ങളോട് അഭിപ്രായം പങ്കുവെക്കരുതെന്നും മുന്‍ പഠനങ്ങളുടെ വിവരങ്ങള്‍ പുറത്ത് വിടരുതെന്നും ദുരന്തനിവാരണ വകുപ്പ് സെക്രട്ടറി അറിയിച്ചിരുന്നു.

രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമായുള്ള ബെയ്ലി പാലത്തിന്റെ നിര്‍മാണം കഴിഞ്ഞ ദിവസം സൈന്യം പൂര്‍ത്തിയാക്കിയിരുന്നു. ദുരന്തത്തില്‍ തകര്‍ന്നു പോയ മുണ്ടക്കൈ പാലത്തിന് ബദലായാണ് താത്കാലിക പാലം നിര്‍മിച്ചത്.

അതേസമയം, ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മരണ സംഖ്യ 316 ആയി ഉയർന്നു. 200ലധികം ആളുകളെ ഇനിയും കണ്ടെത്താനുണ്ട്. 5,000ത്തിലധികം ആളുകളെയാണ് ദുരന്ത ഭൂമിയിൽ നിന്ന് ജീവനോടെ രക്ഷിച്ചത്. ക്യാമ്പുകളിൽ ഉള്ളത് 8000ത്തോളം ആളുകളുമാണ്.

ദുരന്ത ഭൂമിയിൽ നിന്ന് ജീവനോടെ ഇനി ആരെയും കണ്ടെത്താനില്ലെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കാണാതായവർക്ക് വേണ്ടിയുള്ള തിരച്ചിൽ നാലാം ദിവസവും തുടരുകയാണ്.

Content Highlight: Govt has not ordered ban on scientists in Mundakai: Chief Minister