| Thursday, 30th July 2020, 6:27 pm

സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ പറഞ്ഞത് കള്ളം?; സൈഫുദ്ദീന്‍ സോസ് വീട്ടുതടങ്കലിലെന്ന് വ്യക്തമാക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ശ്രീനഗര്‍: കോണ്‍ഗ്രസ് നേതാവ് സൈഫുദ്ദീന്‍ സോസ് വീട്ടുതടങ്കലിലല്ലെന്ന ജമ്മു കാശ്മീര്‍ ഭരണകൂടം സുപ്രീംകോടതിയില്‍ ബോധിപ്പിച്ചത് കള്ളമെന്ന് റിപ്പോര്‍ട്ട്. സൈഫുദ്ദീന്‍ സോസ് വീട്ടുതടങ്കലിലാണെന്ന് സാധൂകരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഇന്ത്യാ ടുഡേ പുറത്തുവിട്ടു.

സൈഫുദ്ദീന്‍ സോസ് വീട്ടുതടങ്കലിലോ കസ്റ്റഡിയിലോ അല്ല ഉള്ളതെന്നും ഭാര്യയുടെ പരാതി വ്യാജമാണെന്നുമായിരുന്നു ജമ്മു കശ്മീര്‍ ഭരണകൂടം സുപ്രീം കോടതിയില്‍ പറഞ്ഞത്.

എന്നാല്‍ ഇദ്ദേഹവുമായി ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോള്‍ പൊലീസ് തടഞ്ഞെന്നും മതിലിന് പുറത്ത് നിന്നാണ് സോസ് തങ്ങളോട് സംസാരിച്ചതെന്നും ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.

‘സര്‍ക്കാര്‍ പറയുന്നത് ഞാന്‍ സ്വതന്ത്രനാണെന്നാണ്. എന്നാല്‍ ഇവിടെയുള്ള പൊലീസുകാര്‍ പറയുന്നത് എന്നെ വിട്ടയയ്ക്കുന്നതിന് ഉത്തരവില്ലെന്നാണ്. ഞാനെന്ത് ചെയ്യും’, സോസ് പറയുന്നു.

സര്‍ക്കാരിന്റെ കള്ളം സുപ്രീംകോടതിയില്‍ തുറന്നുകാട്ടുമെന്നും അദ്ദേഹം പറഞ്ഞു. മതിലിന് മുകളിലൂടെ സോസ് സംസാരിക്കുന്നതിനിടെ പൊലീസുകാര്‍ അദ്ദേഹത്തെ പിടിച്ചുമാറ്റാന്‍ ശ്രമിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.

2019 ആഗസ്റ്റ് 5 ന് കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് മുന്നോടിയായി കശ്മീരിലെ രാഷ്ട്രീയ നേതാക്കളെ വീട്ടുതടങ്കലിലാക്കിയിരുന്നു. ഇതിന് ശേഷം പലരേയും സ്വതന്ത്രരാക്കിയെങ്കിലും സോസിനെ വിട്ടയച്ചില്ലെന്ന് കുടുംബം പറയുന്നു.

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ അന്ന് മുതല്‍ സോസിനെ തടങ്കലില്‍ വെച്ചിരിക്കുകയാണെന്നും അദ്ദേഹത്തെ മോചിപ്പിക്കണമെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഭാര്യ മുംതസുന്നിസ ഹേബിയസ് കോര്‍പ്പസ് ഹരജി നല്‍കിയത്.

എന്നാല്‍ ഇത്തരമൊരു പരാതിയില്‍ കഴമ്പില്ലെന്നും മുന്‍ കേന്ദ്രമന്ത്രി കൂടിയായ അദ്ദേഹത്തെ ഭരണകൂടം തടങ്കലില്‍ പാര്‍പ്പിച്ചിട്ടില്ലെന്നും അദ്ദേഹം സ്വതന്ത്രനാണെന്നുമായിരുന്നു ആഭ്യന്തരവകുപ്പ് കോടതിയെ അറിയിച്ചത്.

സോസിന് പ്രത്യേക സംരക്ഷണം വേണ്ടതുണ്ട്. അതുകൊണ്ട് തന്നെ അദ്ദേഹത്തിന് ക്ലോക്ക് സെക്യൂരിറ്റി ഗാര്‍ഡുകളേയും പേഴ്‌സണല്‍ സെക്യൂരിറ്റി ഓഫീസര്‍മാരേയും നല്‍കിയിട്ടുണ്ട്. അദ്ദേഹം എവിടേക്ക് പോകുകയാണെങ്കിലും അകമ്പടിയായി സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉണ്ടാകും. അത് പ്രോട്ടോക്കോള്‍ പ്രകാരം ചെയ്യുന്നതാണ്. എന്നാണ് ആഭ്യന്തര വകുപ്പിന്റെ വിശദീകരണം.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more