തൃശ്ശൂര്‍: സ്‌കോളര്‍ഷിപ്പ് മുടങ്ങിയതിനെത്തുടര്‍ന്ന് പഠനം പ്രതിസന്ധിയിലായ ദളിത് വിദ്യാര്‍ത്ഥിനി റിമ രാജന് സര്‍ക്കാര്‍ 10 ലക്ഷം രൂപ ധനസഹായം നല്‍കും. സ്‌കോളര്‍ഷിപ്പ് തുക കൃത്യമായി ലഭിക്കാത്തതിനാല്‍ ഇന്ന് വൈകീട്ട് റിമയെ സര്‍വകാലശാലയില്‍ നിന്ന് പുറത്താക്കുമെന്ന വാര്‍ത്തകള്‍ വന്നിരുന്നു.
ഇതിനു പിന്നാലെയാണ് സര്‍ക്കാര്‍ നടപടി. പോര്‍ച്ചുഗലിലെ കോയിമ്പ്ര സര്‍വകലാശാലയില്‍ എം.എസ്.സി ബിസിനസ് മാനേജ്‌മെന്റ് വിദ്യാര്‍ഥിനിയാണ് റിമ.
ഫീസടയ്ക്കുന്നതിനുള്ള തുക ഉടന്‍ അനുവദിക്കുമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കി. വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് ഇക്കാര്യത്തില്‍ നിര്‍ദ്ദേശം നല്‍കിയതായും പട്ടികജാതി പട്ടികവര്‍ഗ വികസന വകുപ്പ് മന്ത്രി എ.കെ ബാലന്‍ അറിയിച്ചു.
Also Read: അച്ഛന്റെ ശ്രാദ്ധത്തിന് ബലിയിടാന്‍ അനുവദിക്കണം; അപേക്ഷയുമായി ദിലീപ് അങ്കമാലി കോടതിയില്‍
പോര്‍ച്ചുഗല്‍ എംബസിയുമായി വിദേശകാര്യ മന്ത്രാലയം ഇക്കാര്യത്തില്‍ ആശയവിനിമയം നടത്തിയെന്നും ഫീസടയ്ക്കാനുള്ള സമയപരിധി നീട്ടിനല്‍കണമെന്ന് ആവശ്യപ്പെട്ടെന്നും മന്ത്രി അറിയിച്ചു. ഒന്നര വര്‍ഷം മുമ്പാണ് റിമയ്ക്ക് പഠനാവശ്യത്തിനായി സര്‍ക്കാര്‍ സ്‌കോളര്‍ഷിപ്പ് അനുവദിച്ചത്.
എന്നാല്‍ സമയമടുത്തപ്പോള്‍ മെറിറ്റ് ഇല്ലെന്ന കാരണത്താല്‍ സ്‌കോളര്‍ഷിപ്പ് നിഷേധിച്ചിരുന്നു. റിമയുടെ അക്കാദമിക് മികവ് കൊണ്ടാണ് കാലാവധി കഴിഞ്ഞിട്ടും സര്‍വകലാശാല റിമയെ തുടര്‍ന്ന് പഠിക്കാന്‍ അനുവദിച്ചത്.
സ്‌കോളര്‍ഷിപ്പ് കിട്ടിയില്ലെങ്കില്‍ സര്‍വകലാശാലയില്‍നിന്നു പുറത്താക്കുമെന്ന പരാതിയുമായി റിമയുടെ അച്ഛന്‍ രാജന്‍ മന്ത്രി എ.കെ.ബാലനടക്കമുള്ളവരെ കണ്ടിരുന്നു. ഇന്ത്യയില്‍ ഇല്ലാത്ത കോഴ്‌സിനു പട്ടികജാതി വിദ്യാര്‍ഥികള്‍ വിദേശത്തു പ്രവേശനം നേടിയാല്‍ മുഴുവന്‍ തുകയും സ്‌കോളര്‍ഷിപ്പ് നല്‍കണമെന്നാണു ചട്ടം.