| Wednesday, 19th December 2018, 11:33 am

നോട്ടുനിരോധനം കാരണം നാലുപേര്‍ മരിച്ചെന്ന് കേന്ദ്രസര്‍ക്കാറിന്റെ കുറ്റസമ്മതം: മറുപടി എളമരം കരീമിന്റെ ചോദ്യത്തിന്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: 2016ലെ നോട്ടുനിരോധനം കാരണം നാലുപേര്‍ മരിച്ചതായി കേന്ദ്രസര്‍ക്കാര്‍ സ്ഥിരീകരണം. മൂന്ന് ബാങ്ക് ജീവനക്കാരും ഒരു കസ്റ്റമറുമാണ് മരണപ്പെട്ടതെന്നും കേന്ദ്ര ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു. ഇതാദ്യമായാണ് നോട്ടുനിരോധനം കാരണം മരണം സംഭവിച്ചതായി കേന്ദ്രസര്‍ക്കാര്‍ സമ്മതിക്കുന്നത്.

രാജ്യസഭയില്‍ ഒരു ചോദ്യത്തിന് മറുപടിയായാണ് അരുണ്‍ ജെയ്റ്റ്‌ലി ഇക്കാര്യം പറഞ്ഞത്. നാലു മരണങ്ങളും എസ്.ബി.ഐയാണ് റിപ്പോര്‍ട്ടു ചെയ്തതെന്നും ജെയ്റ്റ്‌ലി വ്യക്തമാക്കി.

സി.പി.ഐ.എം എം.പിയായ എളമരം കരീം ചോദിച്ച ചോദ്യത്തിന് മറുപടിയായാണ് ജെയ്റ്റ്‌ലിയുടെ പ്രതികരണം. നോട്ടുനിരോധനത്തിനു പിന്നാലെ ക്യൂവില്‍ നില്‍ക്കേണ്ടി വന്നതു കാരണവും മാനസിക സമ്മര്‍ദ്ദവും മാനസിക ആഘാതവും കാരണവും എത്ര മരണങ്ങള്‍ സംഭവിച്ചിട്ടുണ്ട് എന്നാണ് എളമരം കരീം ചോദിച്ചത്.

Also read:തെരഞ്ഞെടുപ്പ് ഫലം ബി.ജെ.പിക്ക് തിരിച്ചടി, ആത്മപരിശോധന നടത്തുമെന്നും അമിത് ഷാ

എസ്.ബി.ഐ അല്ലാതെ മറ്റൊരു ബാങ്കും നോട്ടുനിരോധനം കാരണം മരണം സംഭവിച്ചതായി റിപ്പോര്‍ട്ടു ചെയ്തിട്ടില്ലെന്നും സര്‍ക്കാര്‍ അറിയിച്ചു.

മരണം സംഭവിച്ചവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കിയിട്ടുണ്ടെന്നും 44 ലക്ഷം രൂപ ഇതിനായി ചിലവഴിച്ചിട്ടുണ്ടെന്നും ധനകാര്യ മന്ത്രി അറിയിച്ചു. നോട്ടുനിരോധനം, തൊഴില്‍ രംഗത്തും വ്യാവസായിക രംഗത്തും ഉണ്ടാക്കിയ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ ഒരു പഠനവും നടത്തിയിട്ടില്ലെന്നും മന്ത്രി അറിയിച്ചു.

We use cookies to give you the best possible experience. Learn more